അബൂദബി | വിവാഹ ചടങ്ങുകളിലും മറ്റ് സ്വകാര്യ കുടുംബ സംഗമങ്ങളിലും പങ്കെടുക്കുന്നവരുടെ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമത്തില്‍ പങ്കുവെക്കുന്നവര്‍ക്കെതിരെ നിയമം കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി യു എ ഇ. രാജ്യത്തെ മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങള്‍, ഓണ്‍ലൈന്‍ സ്വകാര്യത, ഹാനികരമായ ട്രെന്‍ഡുകള്‍ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നാഷണല്‍ മീഡിയ അതോറിറ്റി ആരംഭിച്ച ദേശീയ കാമ്പയിനിടെയാണ് അതോറിറ്റി സെക്രട്ടറി ജനറല്‍ ഡോ. ജമാല്‍ അല്‍ കഅബി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായുള്ള പുതിയ നയരൂപവത്കരണ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അബൂദബിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.ഓണ്‍ലൈന്‍ വഴിയുള്ള സ്വകാര്യതാ ലംഘനങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നീക്കം. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളോ സമ്മതമില്ലാതെ പോസ്റ്റ് ചെയ്യുന്നത് നിലവിലെ യു എ ഇ നിയമപ്രകാരം തന്നെ സ്വകാര്യതാ ലംഘനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണ്.ആറാഴ്ച നീണ്ടുനില്‍ക്കുന്ന ബോധവത്കരണ കാമ്പയിനാണ് അതോറിറ്റി രാജ്യത്തെ ഏഴ് എമിറേറ്റുകളിലായി ആരംഭിച്ചിരിക്കുന്നത്. ഇന്ന് ഓരോ വ്യക്തിയുടെ കൈയിലുമുള്ള മൊബൈല്‍ ഫോണുകള്‍ ഓരോ ബ്രോഡ്കാസ്റ്റിംഗ് ചാനലുകളാണെന്നും വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, എക്‌സ് തുടങ്ങിയ എല്ലാ പ്ലാറ്റ്‌ഫോമുകളും മാധ്യമങ്ങളുടെ പരിധിയില്‍ വരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.നിയമനടപടിക്ക് കാരണമാകുന്ന മറ്റ് പ്രധാന ലംഘനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക മാധ്യമത്തില്‍ ലൈക്കുകള്‍ക്കും വ്യൂസിനും വേണ്ടി തൊഴിലാളികള്‍ക്ക് പണം നല്‍കി നിര്‍ബന്ധിച്ച് ഇസ്‌ലാമിക വിശ്വാസവാക്യം (ശഹാദത്ത് കലിമ) ചൊല്ലിപ്പിക്കുന്ന വ്യാജ വീഡിയോകള്‍, സൈനിക നീക്കങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍, അപകടങ്ങള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണവും പങ്കുവെക്കലും, എ ഐ ഉപയോഗിച്ച് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന രീതിയില്‍ നിര്‍മിക്കുന്ന വീഡിയോകളും തെറ്റായ വിവരങ്ങളും, യു എ ഇ ദിര്‍ഹം, ദേശീയ ചിഹ്നങ്ങള്‍ എന്നിവയെ പരിഹസിക്കുന്നതോ അവഹേളിക്കുന്നതോ ആയ രീതിയില്‍ ഉള്ളടക്കങ്ങള്‍ നിര്‍മിക്കുക തുടങ്ങിയവ ലംഘനങ്ങളില്‍ പെടും.സ്വദേശികളല്ലാത്തവര്‍ പരസ്യങ്ങളിലും വാണിജ്യ ആവശ്യങ്ങള്‍ക്കുമായി സ്വദേശി വേഷങ്ങളായ കന്തൂറയോ ഗുത്രയോ ധരിച്ച്, തെറ്റായ രീതിയില്‍ പ്രാദേശിക ഭാഷ സംസാരിച്ച് ഉപഭോക്താക്കളെ വഴിതെറ്റിക്കുന്നത് നിയമവിരുദ്ധമാണെന്നും എന്നാല്‍, വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സ്വദേശി വേഷം ധരിക്കുന്നതിന് വിലക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി. നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നിയമനടപടികള്‍ നേരിടേണ്ടിവരും. ലംഘനങ്ങളുടെ സ്വഭാവമനുസരിച്ച് 1,000 ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക.