തിരുവല്ല | നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ നിയോഗം കേരള ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുന്നതായി മാര്‍ത്തോമ സഭാ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ. കീഴ്വഴക്കങ്ങള്‍ മാറ്റി കേരളത്തിന്റെ ഭരണ രംഗത്ത് വിശാല കാഴ്ചപ്പാടുകളും പുത്തന്‍ ശൈലികളും ആവിഷ്‌കരിക്കാന്‍ നിയുക്ത മുഖ്യമന്ത്രിക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നു. സമുദായിക- രാഷ്ട്രീയ ഭേദങ്ങള്‍ക്കപ്പുറം എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്തു നിര്‍ത്തി ഭരണഘടനാ മൂല്യങ്ങളും കേരളത്തിന്റെ മതേതര സ്വഭാവവും കാത്തു സൂക്ഷിച്ചു സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ.പാവപ്പെട്ടവരെന്നോ ധനികരെന്നോ വ്യത്യാസം ഇല്ലാതെ ജനങ്ങളെ ഒരു പോലെ കാണുകയും ജനപക്ഷത്തിനും സാമൂഹിക ഐക്യത്തിനും മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കാന്‍ കഴിയണം. സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധ അടിയന്തരമായി ഉണ്ടാകണം. ജനകീയ വിഷയങ്ങളില്‍ അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചും പൊതു സമൂഹത്തില്‍ ഉയരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് നല്ലതിനെ സ്വീകരിച്ചും സംസ്ഥാനത്തെ ജനങ്ങളെ നയിക്കുന്നതിന് സാധ്യമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. നിയുക്ത മുഖ്യമന്ത്രിയ്ക്കും പുതിയ സര്‍ക്കാരിനും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ആശംസകള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അറിയിക്കുന്നതായും ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ പറഞ്ഞു