ഭോജ്ശാല–കമാൽ മൗല പള്ളി കേസ്: ഹൈക്കോടതി വിധിക്കെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ

Wait 5 sec.

മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല-കമാൽ മൗല പള്ളി തർക്കത്തിലെ മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ വിമർശനം വ്യാപകമാകുന്നു. വിധി ആശങ്കയുളവാക്കുന്നതെന്നും , ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതേതരവും ജനാധിപത്യപരവുമായ അടിത്തറയ്ക്ക് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധിയെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ. ഭോജ്‌ശാല-കമാൽ മൗല മസ്‌ജിദ് തർക്കഭൂമി സരസ്വതീക്ഷേത്രമാണെന്ന് ആയിരുന്നു ഹൈക്കോടതി വിധി.ഭോജ്ശാല തർക്ക സ്ഥലത്ത്  മുസ്‌ലിംകൾക്കു നമസ്കാരത്തിന് അനുമതി നൽകിക്കൊണ്ട് 2003–ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി മസ്ജിദ് സ്ഥാപിക്കാൻ സർക്കാരിനെ സമീപിച്ചു മറ്റൊരു സ്ഥലം കണ്ടെത്താനും കോടതി നിർദേശിച്ചിരുന്നു. സ്ഥലത്ത് നിയന്ത്രിതമായെങ്കിലും ഹിന്ദു ആരാധനയുടെ തുടർച്ചയുണ്ടായിരുന്നുവെന്നു കോടതി വിലയിരുത്തി.കോടതി വിധിക്കെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. ബാബറി മസ്ജിദ്‌ – രാമജന്മഭൂമി അവകാശ കേസിൽ സുപ്രീം കോടതി ഉന്നയിച്ച അതേ വാദങ്ങളെയാണ് ഈ വിധി പ്രതിധ്വനിപ്പിക്കുന്നത് എന്നും പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.ചരിത്രപരവും മതപരവുമായ തർക്കങ്ങൾ വീണ്ടുമുണ്ടാക്കി വർഗീയ വിഭജനം വർധിപ്പിക്കുന്ന തരത്തിൽ വിധിന്യായം പുറപ്പെടുവിക്കുന്ന പ്രവണതയാണ് ഇവിടെയും കാണുന്നത്. മതപരമായ സ്ഥലങ്ങളെച്ചൊല്ലിയുള്ള വർഗീയ തർക്കങ്ങൾ തടയുന്നതിനായി പാർലമെന്റ് നടപ്പിലാക്കിയ 1991 ലെ ആരാധനാലയ നിയമം പരിഗണിക്കാൻ വിധിന്യായം തയ്യാറാകുന്നില്ലെന്നും മധ്യപ്രദേശ് ഹൈക്കോടതി വിധി ഈ നിയമത്തിലെ വ്യവസ്ഥകളുടെ പൂർണ്ണമായ ലംഘനമെന്നും സിപിഐഎം വിമർശിച്ചു.ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ ആശങ്കകളിൽ നിന്ന് ശ്രദ്ധ തിരിച്ച്, ഭിന്നിപ്പിക്കുന്ന മതപരമായ വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ നിരന്തരം ശ്രമിക്കുന്ന ബിജെപി-ആർഎസ്എസ് കൂട്ടുകെട്ട് പോലുള്ള വർഗീയ ശക്തികളെ മാത്രമാണ് വിധി സഹായിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനും ഉപജീവനമാർഗ്ഗം, സാമൂഹിക നീതി, സമത്വം, എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ എന്നിവയ്ക്കായുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്താനും എല്ലാ മതേതര, ജനാധിപത്യ ശക്തികളോടും ആവശ്യപ്പെടുന്നതായും സിപിഐഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.The post ഭോജ്ശാല–കമാൽ മൗല പള്ളി കേസ്: ഹൈക്കോടതി വിധിക്കെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ appeared first on Kairali News | Kairali News Live.