കാസര്‍കോട് | പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചതില്‍ പരാതിയുമായി കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം. ഇന്നലെയാണ് കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരം ഒഴിയും മുമ്പ് അനുവദിച്ച പരോള്‍ പ്രകാരമാണ് പ്രതികള്‍ പുറത്തിറങ്ങിയത് എന്നാണ് വിവരം. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രതികള്‍ പുറത്തിറങ്ങുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അസ്വസ്ഥരാക്കിയിട്ടുണ്ട്.പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന പത്തു പ്രതികളെയും അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കാണുമെന്ന് ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ പറഞ്ഞു. കൊലപാതക ഗൂഢാലോചനയില്‍ പങ്കാളികളായവരെയടക്കം നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തുടരന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെടുന്നു.പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉള്ള 10 പ്രതികള്‍ക്കും പരോള്‍ അനുവദിച്ചു. ഒന്നാംപ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവര്‍ വീടുകളിലെത്തി. രണ്ടാം പ്രതി സജി, മൂന്നാം പ്രതി സുരേഷ്, ആറാം പ്രതി ശ്രീരാഗ്, എട്ടാം പ്രതി സുഭീഷ്, പത്താം പ്രതി രഞ്ജിത്ത് എന്നിവര്‍ അടുത്ത ദിവസങ്ങളില്‍ ജയിലില്‍ നിന്ന് ഇറങ്ങും. ഇരുപത് ദിവസത്തേക്കാണ് പരോള്‍.മുന്‍പ് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നെങ്കില്‍ ഇത്തവണ പരോള്‍ വ്യവസ്ഥയില്‍ അതില്ല. പ്രതികള്‍ നാട്ടിലെത്തിയാല്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് അവഗണിച്ചാണ് ജയില്‍ ഉപദേശക സമിതി പ്രതികള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത് എന്നാണ് ആക്ഷേപം. കല്യോട്ട് മേഖലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികള്‍ക്കും പരോളിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.