ന്യൂഡല്‍ഹി|സാമൂഹിക മാധ്യമങ്ങളിലെ ചെറുപ്പക്കാര്‍ക്കിടയില്‍ അതിവേഗം ജനപ്രീതി നേടുകയും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയും ചെയ്ത രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്രോച്ച് ജനത പാര്‍ട്ടി’യുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്. നിയമപരമായ ആവശ്യത്തെത്തുടര്‍ന്നാണ് ഇന്ത്യയിലുള്ള ഉപഭോക്താക്കള്‍ക്ക് ഈ അക്കൗണ്ട് ലഭ്യമാകാത്ത രീതിയില്‍ കണ്‍ട്രി-ലോക്ക് ചെയ്തതെന്ന് എക്‌സ് പ്ലാറ്റ്ഫോം വ്യക്തമാക്കി.അതേസമയം, അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ നീക്കത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും തങ്ങളുടെ ശക്തമായ വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും ഭയന്ന് ഓണ്‍ലൈന്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് അധികാരികള്‍ ശ്രമിക്കുന്നതെന്നും കോക്രോച്ച് ജനത പാര്‍ട്ടിയുടെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ആരോപിച്ചു. പൂട്ടിയ അക്കൗണ്ടിന് പകരം പുതിയ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ യുവജനങ്ങള്‍ നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മ, രാഷ്ട്രീയരംഗത്തെ ഉത്തരവാദിത്തമില്ലായ്മ, ഭരണപരമായ പരാജയങ്ങള്‍ എന്നിവയെ മീമുകളിലൂടെയുംആക്ഷേപഹാസ്യങ്ങളിലൂടെയും ചോദ്യം ചെയ്താണ് ഈ കൂട്ടായ്മ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ശക്തമായ സ്വാധീനമുറപ്പിച്ചത്. ഇന്ത്യയിലുള്ള ഉപഭോക്താക്കള്‍ നിലവില്‍ ഈ പേജ് സന്ദര്‍ശിക്കാന്‍ ശ്രമിക്കുമ്പോള്‍ നിയമപരമായ അഭ്യര്‍ത്ഥനയെ മാനിച്ചാണ് അക്കൗണ്ട് തടഞ്ഞിട്ടുള്ളത് എന്ന ഔദ്യോഗിക അറിയിപ്പാണ് കാണാന്‍ സാധിക്കുക.ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം കോക്രോച്ച് ജനത പാര്‍ട്ടിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് 11 ദശലക്ഷം (1.1 കോടി) ഫോളോവേഴ്സ് ഉണ്ട്. മെയ് 16ന് ആരംഭിച്ച ഈ പേജ്, രാജ്യത്തെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിന്റെ ഫോളോവേഴ്സിനേക്കാള്‍ (8.7 ദശലക്ഷം) മുന്നിലാണ്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്നവരെ മറികടക്കാന്‍ യുവാക്കളുടെ കൂട്ടായ്മയ്ക്ക് വെറും നാല് ദിവസം മാത്രമാണ് വേണ്ടിവന്നതെന്ന് ബിജെപിയെ പരിഹസിച്ചുകൊണ്ട് അഭിജീത് ദിപ്‌കെ കുറിച്ചിരുന്നു.തൊഴിലില്ലാത്ത യുവാക്കളെയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളെയും ‘സമൂഹത്തിലെ പ്രാണികളോടും പാറ്റകളോടും’ ഉപമിച്ചുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയതായി പറയപ്പെടുന്ന ചില കോടതി പരാമര്‍ശങ്ങള്‍ക്കെതിരെയുള്ള ഡിജിറ്റല്‍ പ്രതിഷേധമായാണ് ഈ ‘കോക്രോച്ച് ജനത പാര്‍ട്ടി’യുടെ തുടക്കം. ചീഫ് ജസ്റ്റിസ് പിന്നീട് തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് വ്യക്തമാക്കിയെങ്കിലും, യുവാക്കളുടെ അമര്‍ഷം ഓണ്‍ലൈന്‍ വിപ്ലവമായി മാറിക്കഴിഞ്ഞിരുന്നു.ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ പബ്ലിക് റിലേഷന്‍സ് വിദ്യാര്‍ത്ഥിയും മുന്‍പ് ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ സ്ട്രാറ്റജിസ്റ്റുമായിരുന്ന അഭിജീത് ദിപ്‌കെ (30) ആണ് ഈ ഓണ്‍ലൈന്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.Content Highlights:The official X account of the rapidly growing youth-led satirical political group Cockroach Janata Party has been withheld in India following a legal request. Founder Abhijeet Dipke alleged that the central government blocked the account to suppress strong criticism and digital dissent. The group gained massive popularity within days by utilizing memes and satire to highlight youth unemployment and political failures. Notably, its Instagram account has amassed over 11 million followers, overtaking the official follower count of the ruling Bharatiya Janata Party.