തിരുവനന്തപുരം | കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് മന്ത്രിയായ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് നിര്‍ദേശം നല്‍കി ഹൈക്കമാന്‍ഡ്. പുതിയ കെ പി സി സി പ്രസിഡന്റിനെ വേഗത്തില്‍ പ്രഖ്യാപിച്ച് പാര്‍ട്ടി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം.സര്‍ക്കാര്‍ അധികാരമേറ്റ് ഒരുമാസത്തിലേറെയായെങ്കിലും സര്‍ക്കാറും പാര്‍ട്ടിയും തമ്മിലെ ഏകോപനത്തിന്റെ അഭാവം കല്ലുകടിയായ പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡ് നീക്കങ്ങള്‍ വേഗത്തിലായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദീപാദാസ് മുന്‍ഷി മുതിര്‍ന്ന നേതാക്കളുമായി അനൗദ്യോഗിക ആശയവിനിമയം നടത്തിയിരുന്നു. രാഹുല്‍ ഗാന്ധി വിദേശത്ത് നിന്ന് മടങ്ങിയെത്തിയശേഷം കേരളത്തിലെ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും.എം എം ഹസന്‍, ജോസഫ് വാഴയ്ക്കന്‍, കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, ബെന്നി ബെഹന്നാന്‍, ഷാഫി പറമ്പില്‍, കെ സി ജോസഫ്, മാത്യു കുഴല്‍നാടന്‍, ആന്റോ ആന്റണി, അടൂര്‍ പ്രകാശ് തുടങ്ങി നിരവധി പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും നിലവില്‍ പാര്‍ലിമെന്ററി പദവി വഹിക്കുന്നവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ലെന്നാണറിയുന്നത്. ഇതോടെ എം എം ഹസന്‍, ജോസഫ് വാഴക്കന്‍, മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവരുടെ സാധ്യത വര്‍ധിച്ചിട്ടുണ്ട്. ഇതിനിടെ മുഖ്യമന്ത്രി സ്ഥാനം കൈവിട്ടുപോയതോടെ അധ്യക്ഷസ്ഥാനം തനിക്ക് അനുകൂലമായി നിലനിര്‍ത്തുന്നതിന് എ ഐ സി സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചരടുവലികള്‍ ആരംഭിച്ചതായാണ് സൂചന. കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫിന് പുറമെ വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ് എന്നിവരും മന്ത്രിസഭയിലെത്തിയതോടെയാണ് കോണ്‍ഗ്രസ്സ് നേതൃത്വം അനാഥമായത്.സര്‍ക്കാര്‍ അധികാരത്തിലേറി ഒരുമാസം പിന്നിടുന്നതിന് മുമ്പ് തന്നെ ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ ഉയര്‍ന്നിട്ടും പാര്‍ട്ടിക്ക് ഇതിനെ കൈകാര്യം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുണ്ടായത്. ഈ നിര്‍ണായക ഘട്ടത്തില്‍ നേതൃത്വത്തിന്റെ അഭാവവും സംഘടനാപരമായ നിര്‍ജീവതയും സര്‍ക്കാറിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള പാര്‍ട്ടിയുടെ ശേഷിയെ ബാധിച്ചു. ഇത് സര്‍ക്കാറിനെയും പാര്‍ട്ടിയെയും രണ്ട് തലങ്ങളിലേക്ക് കൊണ്ടുപോകുമെന്നും മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തിൽ ആശങ്കയറിയിച്ചിട്ടുണ്ട്.പി എം ശ്രീ പദ്ധതി, വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്, ഗവ. പ്ലീഡര്‍ നിയമനം ഉള്‍പ്പെടെയുള്ള വിവാദങ്ങളിൽ കൃത്യമായ ഏകോപനമുണ്ടായിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. ഭരണരംഗത്തെ പുതിയ നയരൂപവത്കരണങ്ങളും ഇതുസംബന്ധിച്ച് പാര്‍ട്ടിയിലുയരുന്ന വിയോജിപ്പുകളും രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവം പ്രകടിപ്പിക്കുന്നതാണ്.ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പുനഃസംഘടനാ ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. പരമാവധി 55 വയസ്സിനകത്തുള്ളവര്‍ സംഘടനാ തലപ്പത്തേക്ക് വരണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം. മന്ത്രിസഭയില്‍ പുതുമുഖങ്ങളെയും യുവാക്കളെയും ഉള്‍പ്പെടുത്തിയ അതേ മാതൃക കെ പി സി സി, ഡി സിസി പുനഃസംഘടനയിലും കൊണ്ടുവരുന്നതിന്റെ സാധ്യതകൾ ഹൈക്കമാന്‍ഡ് പരിശോധിക്കുന്നുണ്ട്.Content Highlights: The Congress high command has directed AICC general secretary Deepa Das Munshi to expedite the selection process for the new KPCC president. Leaders currently holding parliamentary positions are unlikely to be considered for the post. The reorganization aims to improve coordination between the party and the state government.