കൊച്ചി | ഉന്നത പോലീസുദ്യോഗസ്ഥര്‍ പ്രതികളായ പൊന്നാനി പീഡനക്കേസില്‍ മജിസ്ട്രേറ്റ് കോടതി നടപടികള്‍ റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. മലപ്പുറം മുന്‍ എസ് പി. സുജിത് ദാസ്, ഡി വൈ എസ് പി. വി വി ബെന്നി, സി ഐ. വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ ഹരജിയാണ് തള്ളിയത്. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ചിന്റേതാണ്, മജിസ്ട്രേറ്റ് കോടതി ഉത്തരവ് ശരിവച്ചുകൊണ്ടുള്ള ഉത്തരവ്. മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങളില്‍ വീഴ്ചയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.കേസില്‍ ഇതുവരെ എഫ് ഐ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. ഹരജി ഹൈക്കോടതിയില്‍ നല്‍കിയത് കൊണ്ടുമാത്രം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ വിശദീകരണം നല്‍കണം. മജിസ്ട്രേറ്റിന്റെ ഉത്തരവ് നടപ്പാക്കാന്‍ എസ് എച്ച് ഒക്ക് ബാധ്യതയുണ്ട്. പോലീസ് നേരിട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട കേസാണിത്. രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കണം.2022 ജനുവരിയിലാണ് പൊന്നാനി സ്വദേശിയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ നീതി തേടി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചതിനു പിന്നാലെയായിരുന്നു സംഭവം. എസ് എച്ച് ഒ. വിനോദ് വലിയാറ്റൂര്‍ യുവതിയുടെ വീട്ടിലെത്തി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. തുടര്‍ന്ന് ഡി വൈ എസ് പി. വി വി ബെന്നി ആക്രമിച്ചെന്നും പരാതി നല്‍കാന്‍ എത്തിയപ്പോള്‍ മലപ്പുറം എസ് പി. സുജിത് ദാസ് പീഡനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നു. പരാതി പരിഗണിച്ച് തീരുമാനമെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയോട് സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊന്നാനി പോലീസിനോട് പൊന്നാനി മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചത്.Content Highlights:The Kerala High Court has dismissed a petition requesting to quash the magistrate court proceedings in the controversial Ponnani abuse case. The court directed that strict legal action and case registration must proceed against the accused individuals without delay. This crucial verdict emphasizes the judicial commitment to ensuring a thorough investigation into the matter.