കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് പ്രത്യേക ബഞ്ചുകള്‍

Wait 5 sec.

ഇന്ത്യന്‍ ന്യായവ്യവസ്ഥ നേരിടുന്ന കടുത്ത വെല്ലുവിളിയാണ് കെട്ടിക്കിടക്കുന്ന കേസുകളുടെ ബാഹുല്യവും കേസുകള്‍ വിചാരണാ നടപടികള്‍ക്ക് വിധേയമാകാതെ അനന്തമായി നീണ്ടുപോകുന്ന സ്ഥിതിവിശേഷവും. ഇതിനൊരു പരിഹാരം വേണമെന്ന ആവശ്യം നിയമരംഗത്ത് അടിക്കടി ഉയരാറുണ്ടെങ്കിലും പ്രശ്നം പരിഹൃതമാകാതെ തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഏറ്റവും കാലപ്പഴക്കമുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് നാല് പ്രത്യേക ഡിവിഷന്‍ ബഞ്ചുകള്‍ രൂപവത്കരിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ തീരുമാനം ശ്രദ്ധേയമാകുന്നത്. ഒരു ബഞ്ചിന് 200 കേസുകള്‍ എന്ന കണക്കില്‍ 800 കേസുകളിലായിരിക്കും ഇവ ശ്രദ്ധ കേന്ദ്രീകരിക്കുക.നാഷനല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡിന്റെ (എന്‍ ജെ ഡി ജി) കണക്ക് പ്രകാരം 95,000 കേസുകളാണ് സുപ്രീം കോടതിയില്‍ മാത്രം വിധി കാത്തുകിടക്കുന്നത്. രാജ്യത്തെ മൊത്തം കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസുകളുടെ എണ്ണം അഞ്ച് കോടിയിലധികം വരും. ഇവയില്‍ വലിയൊരു വിഭാഗം ദശാബ്ദങ്ങളുടെ പഴക്കമുള്ളവയാണ്. ഒരു സാധാരണ പൗരന്‍ ഭൂമി- തൊഴില്‍ തര്‍ക്കങ്ങളിലോ കുടുംബ വഴക്കിലോ പരിഹാരം തേടി കോടതികളെ സമീപിച്ചാല്‍ അന്തിമവിധി ലഭിക്കാന്‍ പലപ്പോഴും പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരുന്നു. കേസ് കൊടുത്ത വ്യക്തി മരിച്ച ശേഷം അനന്തരാവകാശികള്‍ക്ക് വിധി ലഭിച്ച സംഭവവും അപൂര്‍വമല്ല. ഇത്തരം നീതി ആര്‍ക്കാണ് പ്രയോജനം ചെയ്യുക? ‘നീതിയുടെ കാലതാമസം നീതിനിഷേധത്തിനു തുല്യ’മെന്ന പ്രമാണം പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍.നിയമപരമായ പ്രശ്നം മാത്രമല്ല, സാമൂഹികവും സാമ്പത്തികവും മാനുഷികവുമായ പ്രതിസന്ധി കൂടി സൃഷ്ടിക്കുന്നു കേസുകള്‍ തീര്‍പ്പാകുന്നതില്‍ വരുന്ന കാലതാമസം. കക്ഷികളായ കുടുംബങ്ങളുടെ സാമ്പത്തിക തകര്‍ച്ചക്കും വ്യാപാര തര്‍ക്ക കേസുകളില്‍ നിക്ഷേപം നഷ്ടപ്പെടാനും ഇതിടയാക്കുന്നു. മറ്റൊരു വശത്ത് നിരപരാധികളായ പ്രതികള്‍ പോലും സമൂഹത്തിന്റെ മുമ്പില്‍ കുറ്റവാളികളായും കേസ് നടത്തിപ്പിന്റെ ഭാരം ചുമന്നും ജീവിക്കേണ്ടി വരുന്നു.അതേസമയം, സുപ്രീം കോടതിയില്‍ നാല് പ്രത്യേക ബഞ്ചുകള്‍ രൂപവത്കരിച്ചതു കൊണ്ട് മാത്രം പ്രശ്നം പരിഹൃതമാകുകയില്ല. ഹൈക്കോടതികളിലും കീഴ്ക്കോടതികളിലും വന്‍തോതില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുകയും അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുകയുമാണ് ഇതിനാദ്യമായി വേണ്ടത്. മിക്ക കോടതികളിലും നികത്തപ്പെടാതെ കിടക്കുന്ന ന്യായാധിപരുടെ ഒഴിവുകള്‍ നിരവധിയാണ്. ഇതുമൂലം ഇതര രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ജഡ്ജിമാര്‍ക്ക് കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നു. ഇന്ത്യയില്‍ പത്ത് ലക്ഷം പേര്‍ക്ക് 15 മുതല്‍ 21 ജഡ്ജിമാര്‍ വരെയാണുള്ളത്. അമേരിക്കയില്‍ പത്ത് ലക്ഷം പേര്‍ക്ക് 100-150 ജഡ്ജിമാരും യു കെയില്‍ 220 ജഡ്ജിമാര്‍ വരെയുമുണ്ട്.അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് മറ്റൊരു മുഖ്യപ്രശ്നം. നിരവധി ജില്ലാ കോടതികളില്‍ ആവശ്യമായ മുറികളും ജീവനക്കാരുമില്ല. ഡിജിറ്റല്‍ സംവിധാനവും കുറവാണ്. സാക്ഷികളെ ഹാജരാക്കുന്നതിലും രേഖകള്‍ ഹാജരാക്കുന്നതിലും വരുന്ന കാലതാമസവും വിചാരണ നീളാന്‍ ഇടയാക്കുന്നു. കേസുകള്‍ മാറ്റിവെക്കുന്ന പ്രവണതയാണ് മറ്റൊരു പ്രശ്നം. കേസുകളുടെ എണ്ണം വര്‍ധിപ്പിക്കാനായി മാറ്റിവെപ്പിക്കുന്ന പ്രവണത അഭിഭാഷകര്‍ക്കിടയില്‍ വ്യാപകമാണ്. മുതിര്‍ന്ന പല അഭിഭാഷകരും ഒരേ സമയം പല കോടതികളിലെയും കേസുകള്‍ ഏറ്റെടുക്കും. ഒന്നില്‍ വാദം കേള്‍ക്കുമ്പോള്‍ മറ്റേ കോടതിയിലെ കേസുകള്‍ മാറ്റിവെപ്പിക്കും. കേസ് മാറ്റിവെച്ചാലും ഓരോ സിറ്റിംഗിനും കക്ഷിയില്‍ നിന്ന് ഫീസ് ഈടാക്കുകയും ചെയ്യും. കേസ് മാനേജ്മെന്റ് കാര്യക്ഷമമാക്കുകയും അനാവശ്യ മാറ്റിവെക്കലുകള്‍ക്ക് അറുതിവരുത്തുകയും ചെയ്യേണ്ടതുണ്ട്.സര്‍ക്കാറിനും വലിയ പങ്കുണ്ട് കോടതികളില്‍ കേസുകള്‍ കുന്നുകൂടുന്നതില്‍. സര്‍ക്കാറാണ് രാജ്യത്തെ ഏറ്റവും വലിയ കോടതി വ്യവഹാരി. നീതിന്യായ വ്യവസ്ഥയുടെ ഭാരം അനാവശ്യമായി വര്‍ധിപ്പിക്കുന്നത് സര്‍ക്കാറുകളാണെന്ന് സുപ്രീം കോടതി തന്നെ പലതവണ ചൂണ്ടിക്കാണിച്ചതാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ലക്ഷക്കണക്കിനു കേസുകളാണ് കോടതികളിലുള്ളത്. പലപ്പോഴും കീഴ്ക്കോടതികളിലെ വിധി യാന്ത്രികമായി അപ്പീല്‍ ചെയ്യുന്നതാണ് പതിവ്. നീതിന്യായ ഡാറ്റകള്‍ പ്രകാരം രാജ്യത്തെ കോടതികളിലെ ആകെ കേസുകളില്‍ 40 മുതല്‍ 50 ശതമാനം വരെ എണ്ണത്തില്‍ ഒരു കക്ഷി കേന്ദ്ര സര്‍ക്കാറോ സംസ്ഥാന സര്‍ക്കാറോ ആണ്. ഇത്തരം അപ്പീലുകള്‍ യഥാര്‍ഥത്തില്‍ ആവശ്യമാണോയെന്ന് ഓരോ വകുപ്പും സ്വയം വിലയിരുത്തേണ്ടതുണ്ട്. അനാവശ്യ സര്‍ക്കാര്‍ വ്യവഹാരങ്ങള്‍ കുറയ്ക്കാനായാല്‍ കോടതികളുടെ ഭാരം വലിയൊരളവോളം കുറയും.പഴയ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും അത് കേസ് നടത്തിപ്പിന്റെ ഗുണനിലവാരത്തെ ബാധിക്കരുത്. ഓരോ കേസിനും ആവശ്യമായ നിയമപരമായ സൂക്ഷ്മ പരിശോധനയും കക്ഷികളുടെ വാദങ്ങള്‍ കേള്‍ക്കാനുള്ള അവസരവും നഷ്ടപ്പെടാന്‍ പാടില്ല. പഴയ കേസുകളാകുമ്പോള്‍ വസ്തുതകളും തെളിവുകളും പരിശോധിക്കാന്‍ കൂടുതല്‍ സമയവും ശ്രദ്ധയും ആവശ്യമായി വരും. ഗുണനിലവാരമുള്ള വിധികളും ഭരണഘടനാപരമായ വ്യക്തതയുമാണ് നീതിന്യായ വ്യവസ്ഥയുടെ യഥാര്‍ഥ അളവുകോല്‍. ചീഫ് ജസ്റ്റിസിന്റെ പുതിയ പരീക്ഷണം വിജയകരമാകുന്നത് കേസ് നടത്തിപ്പിലെ വേഗതക്കൊപ്പം ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വാഭാവിക നീതിയുടെ തത്ത്വങ്ങള്‍ പാലിക്കപ്പെടുമ്പോള്‍ മാത്രമായിരിക്കും. തീര്‍പ്പാക്കിയ കേസുകളുടെ എണ്ണം മാത്രമാകരുത് കോടതികളുടെ കാര്യക്ഷമതക്കുള്ള മാനദണ്ഡം.