ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ അതിവേഗത്തിലുള്ള വളര്‍ച്ച പ്രശംസനീയമായ വികസന സൂചികയായി ഉയര്‍ത്തിക്കാണിക്കപ്പെടുമ്പോഴും അതിനുള്ളിലെ തൊഴില്‍പരമായ ചൂഷണങ്ങളും സാമൂഹിക അസന്തുലിതാവസ്ഥകളും വിരല്‍ചൂണ്ടുന്നത് ഗൗരവമേറിയ ചില സാമൂഹിക, സാമ്പത്തിക യാഥാര്‍ഥ്യങ്ങളിലേക്കാണ്. ആധുനിക വ്യവസായ ലോകത്ത് പരമ്പരാഗതമായ തൊഴില്‍- ഉടമ ബന്ധങ്ങള്‍ക്ക് പകരമായി രൂപപ്പെട്ടുവന്നതാണ് ഗിഗ് ഇക്കോണമി (ഏശഴ ഋരീിീാ്യ). താത്കാലികവും കരാര്‍ അധിഷ്ഠിതവുമായ തൊഴില്‍ സങ്കല്‍പ്പങ്ങള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ആഗോള സ്വീകാര്യത ലഭിച്ചതോടെ, ഒരുകാലത്ത് വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെട്ടിരുന്ന ഫ്രീലാന്‍സ് തൊഴില്‍ ഇന്ന് കോര്‍പറേറ്റ് നിയന്ത്രിതമായ വലിയ വ്യവസായ മാതൃകയായി മാറിയിരിക്കുന്നു. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, സൊമാറ്റോ, സ്വിഗ്ഗി, യൂബര്‍, റാപ്പിഡോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഈ നവലിബറല്‍ തൊഴില്‍ വിപണിയുടെ പ്രധാന മുഖങ്ങളാണ്. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും താത്കാലിക വരുമാന മാര്‍ഗം എന്ന നിലയില്‍ ഗിഗ് തൊഴില്‍ ആകര്‍ഷകമായി തോന്നുന്നുണ്ടെങ്കിലും, തൊഴില്‍ സുരക്ഷിതത്വമില്ലായ്മയുടെയും വേതന ചൂഷണത്തിന്റെയും സാമൂഹിക സുരക്ഷയുടെ അഭാവത്തിന്റെയും വലിയൊരു കെണിയാണ് അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.ഡിജിറ്റല്‍ ക്യാപിറ്റലിസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തൊഴിലാളിയുടെ അധ്വാനം മാത്രമല്ല, അദ്ദേഹത്തിന്റെ ഡാറ്റയും ഒരു മൂലധന വിഭവമായി മാറ്റുന്നു എന്നതാണ്. ഓരോ യാത്രയും ഓരോ ഡെലിവറിയും ഓരോ ക്ലിക്കും ഓരോ ഉപഭോക്തൃ പ്രതികരണവും കമ്പനികള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. തൊഴിലാളി എത്ര വേഗത്തില്‍ സഞ്ചരിച്ചു, എത്ര സമയം കാത്തുനിന്നു, എത്ര ഓര്‍ഡറുകള്‍ സ്വീകരിച്ചു, ഉപഭോക്താക്കള്‍ എങ്ങനെ വിലയിരുത്തി തുടങ്ങിയ വിവരങ്ങള്‍ അല്‍ഗോരിതങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നു. ഈ വിവരങ്ങള്‍ തൊഴിലാളിയുടെ പൂര്‍ണമായ അറിവോടെയോ സമ്മതത്തോടെയോ അല്ല പലപ്പോഴും ശേഖരിക്കപ്പെടുന്നത്. തൊഴിലാളിയുടെ അധ്വാനത്തോടൊപ്പം അദ്ദേഹത്തിന്റെ സ്വകാര്യ വിവരങ്ങളും കോര്‍പറേറ്റുകളുടെ ലാഭം വര്‍ധിപ്പിക്കുന്ന പുതിയ മൂലധനമായി മാറുകയാണ്. ഡിജിറ്റല്‍ ക്യാപിറ്റലിസം ഉത്പന്നങ്ങള്‍ മാത്രമല്ല, മനുഷ്യരുടെ പെരുമാറ്റവും വിവരങ്ങളും വാണിജ്യവത്കരിക്കുന്ന ഒരു പുതിയ സാമ്പത്തിക വ്യവസ്ഥയാണെന്ന് ഇത് വ്യക്തമാക്കുന്നു.ഇന്ത്യയിലെ ഗിഗ് സമ്പദ് വ്യവസ്ഥ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഔദ്യോഗിക സാമ്പത്തിക സര്‍വേ (202526) പ്രകാരം, ഏകദേശം 1.2 കോടി ആളുകള്‍ ഗിഗ് മേഖലയെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. 2021ലെ 77 ലക്ഷത്തില്‍ നിന്ന് 55 ശതമാനത്തിലേറെ വളര്‍ച്ചയാണ് ഈ മേഖല രേഖപ്പെടുത്തിയത്. നിതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം 2029-30 ഓടെ ഈ സംഖ്യ 2.35 കോടി കവിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഈ വളര്‍ച്ച തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നില്ല എന്നതാണ് ആശങ്കാജനകമായ വസ്തുത. ഗിഗ് തൊഴിലാളികളില്‍ വലിയൊരു വിഭാഗത്തിന്റെ പ്രതിമാസ വരുമാനം ഇപ്പോഴും 15,000 രൂപയില്‍ താഴെയാണ്. വരുമാനത്തിലെ അനിശ്ചിതത്ത്വം, ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക, സ്ഥിരമായ വേതനമില്ലായ്മ, തൊഴിലുടമയുടെ ഉത്തരവാദിത്വമില്ലായ്മ എന്നിവ ഈ മേഖലയുടെ അടിസ്ഥാന പ്രശ്നങ്ങളായി മാറിയിരിക്കുന്നു.ഗിഗ് തൊഴില്‍ വ്യവസ്ഥയില്‍ തൊഴിലാളികളെ ‘ജീവനക്കാരായി’ (ഋാുഹീ്യലല)െ അംഗീകരിക്കുന്നില്ല. പകരം അവരെ ‘പാര്‍ട്ണര്‍മാര്‍’ അല്ലെങ്കില്‍ ‘സ്വതന്ത്ര കരാറുകാര്‍’ (കിറലുലിറലി േഇീിൃേമരീേൃ)െ എന്ന പേരിലാണ് കമ്പനികള്‍ വിശേഷിപ്പിക്കുന്നത്. ഈ നിര്‍വചനം കൊണ്ട് തന്നെ മിനിമം വേതനം, നിശ്ചിത ജോലി സമയം, പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ശമ്പളത്തോടുകൂടിയ അവധി, ആരോഗ്യ ഇന്‍ഷ്വറന്‍സ്, അപകട നഷ്ടപരിഹാരം തുടങ്ങിയ തൊഴിലാളി അവകാശങ്ങളില്‍ നിന്ന് കമ്പനികള്‍ നിയമപരമായി ഒഴിഞ്ഞുമാറുന്നു. തൊഴില്‍ നിയമങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും ഫലപ്രദമായ കോര്‍പറേറ്റ് തന്ത്രമായി ഈ വര്‍ഗീകരണം മാറിയിരിക്കുന്നു.റോഡുകളാണ് ഗിഗ് തൊഴിലാളികളില്‍ മഹാഭൂരിപക്ഷത്തിന്റെയും തൊഴിലിടം. മഴയോ വെയിലോ വെള്ളപ്പൊക്കമോ കനത്ത ട്രാഫിക്കോ ഒന്നും അവരുടെ ജോലിക്ക് തടസ്സമാകരുത്. ഇവര്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് മാനേജരല്ല, മറിച്ച് മനുഷ്യവികാരങ്ങളില്ലാത്ത അല്‍ഗോരിതങ്ങളാണ്. ഗൂഗിള്‍ മാപ്പിലെ ദൂരം മാത്രം അടിസ്ഥാനമാക്കി നിശ്ചയിക്കപ്പെടുന്ന ഡെലിവറി സമയം യഥാര്‍ഥ ജീവിതത്തിലെ തടസ്സങ്ങളെ പരിഗണിക്കാറില്ല. ഹോട്ടലുകളിലെ വൈകല്‍, ട്രാഫിക് ജാം, കനത്ത മഴ, റോഡ് നിര്‍മാണം, ഉപഭോക്താവിന്റെ പ്രതികരണം വൈകല്‍ ഇതൊന്നും അല്‍ഗോരിതത്തിന് പ്രശ്നമല്ല. സമയപരിധി മറികടന്നാല്‍ റേറ്റിംഗ് കുറയും, ഇന്‍സെന്റീവ് നഷ്ടമാകും, ചിലപ്പോള്‍ അടുത്ത ഓര്‍ഡറുകള്‍ പോലും ലഭിക്കാതെയാകും. ഈ ‘അല്‍ഗോരിതമിക് മാനേജ്‌മെന്റ്’ തൊഴിലാളികളെ സ്ഥിരമായ മാനസിക സമ്മര്‍ദത്തിലേക്കും അപകടകരമായ യാത്രകളിലേക്കും തള്ളിവിടുകയാണ്.തുടര്‍ച്ചയായ റേറ്റിംഗ് വിലയിരുത്തലുകളും വരുമാനത്തിലെ അനിശ്ചിതത്ത്വവും ഗിഗ് തൊഴിലാളികളില്‍ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ടാര്‍ഗറ്റുകള്‍ കൈവരിക്കാനുള്ള സമ്മര്‍ദം, അക്കൗണ്ട് താത്കാലികമായി ബ്ലോക്ക് ചെയ്യപ്പെടുമോ എന്ന ഭയം എന്നിവ തൊഴിലാളികളെ നിരന്തരമായ ഉത്കണ്ഠയിലേക്ക് നയിക്കുന്നു. ജോലി സമയം അവസാനിച്ചാലും പുതിയ ഓര്‍ഡറിനായി പ്ലാറ്റ്‌ഫോമില്‍ സജീവമായി തുടരേണ്ടിവരുന്ന അവസ്ഥ കുടുംബജീവിതത്തെയും സാമൂഹിക ബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.അന്യവത്കരണ സിദ്ധാന്തം ഇന്ന് ഡിജിറ്റല്‍ തൊഴില്‍ വിപണിയില്‍ പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. തൊഴിലാളിക്ക് സഹപ്രവര്‍ത്തകരില്ല, സ്ഥിരം തൊഴിലിടമില്ല, തൊഴിലാളി സംഘടനകളില്ല, കൂട്ടായ്മകളില്ല. അല്‍ഗോരിതങ്ങള്‍ നിര്‍ദേശിക്കുന്ന ജോലി നിര്‍വഹിക്കുന്ന ഒറ്റപ്പെട്ട ഒരു വ്യക്തിയായി തൊഴിലാളി ചുരുങ്ങുന്നു. അധ്വാനത്തിലെ മാനുഷിക ബന്ധങ്ങള്‍ ഇല്ലാതാകുമ്പോള്‍ സാമൂഹിക അന്യവത്കരണം കൂടുതല്‍ ശക്തമാകുന്നു. ക്യാപിറ്റലിസത്തിന്റെ അടിസ്ഥാന യുക്തികളിലൊന്ന് തൊഴിലാളികളുടെ കൂട്ടായ ശക്തിയെ ദുര്‍ബലപ്പെടുത്തുക എന്നതാണ്. തൊഴിലാളികള്‍ ഒരുമിച്ച് അവകാശങ്ങള്‍ ആവശ്യപ്പെടാന്‍ ശ്രമിച്ചാലും അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുകയോ ജോലികള്‍ കുറയ്ക്കുകയോ ചെയ്യുന്ന രീതികള്‍ പല കമ്പനികളും പ്രയോഗിക്കാറുണ്ട്. സ്ത്രീകള്‍ക്കും ഗിഗ് സമ്പദ് വ്യവസ്ഥ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നു എന്ന അവകാശവാദം ഉയരുന്നുണ്ടെങ്കിലും യാഥാര്‍ഥ്യം വ്യത്യസ്തമാണ്. രാത്രികാല ജോലികള്‍, സുരക്ഷാ പ്രശ്നങ്ങള്‍, ലിംഗവിവേചനം, കുടുംബ ഉത്തരവാദിത്വങ്ങള്‍ എന്നിവ കാരണം ഈ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഇപ്പോഴും വളരെ പരിമിതമാണ്.ഇന്ത്യയില്‍ രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഗിഗ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡുകളും നിയമപരമായ സംരക്ഷണ സംവിധാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ദേശീയതലത്തില്‍ സമഗ്രമായ ഒരു നിയമം ഇനിയും നിലവില്‍ വന്നിട്ടില്ല. കേരളത്തില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ ഗിഗ് തൊഴിലാളികള്‍ക്കായി 20 കോടി രൂപയുടെ ക്ഷേമപദ്ധതിയും ‘ഗിഗ് ഹബ്ബുകളും’ പ്രഖ്യാപിച്ചിരുന്നെങ്കിലും, പുതിയ സര്‍ക്കാറിന്റെ വരവോടെ അത് അനിശ്ചിതാവസ്ഥയിലായി. ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ ഭരണപരമായ കാലതാമസം ഉണ്ടാകരുത്.സാങ്കേതികവിദ്യ മനുഷ്യജീവിതം കൂടുതല്‍ സൗകര്യപ്രദമാക്കിയെന്നതില്‍ സംശയമില്ല. എന്നാല്‍ ആ സൗകര്യങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അദൃശ്യ തൊഴിലാളികളുടെ ജീവിതം അനിശ്ചിതമാകുമ്പോള്‍ അതിനെ ‘വികസനം’ എന്ന് വിശേഷിപ്പിക്കാനാകില്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന നവയുഗ അടിമത്തത്തിലേക്കല്ല, മറിച്ച് സാങ്കേതികവിദ്യയും സാമൂഹിക നീതിയും കൈകോര്‍ക്കുന്ന ഒരു ജനാധിപത്യ തൊഴില്‍ സംസ്‌കാരത്തിലേക്കായിരിക്കണം ഡിജിറ്റല്‍ ക്യാപിറ്റലിസത്തിന്റെ ഭാവി വഴിമാറേണ്ടത്. അതിനായി ഗിഗ് തൊഴിലാളികളെ നിയമപരമായി തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം ഉറപ്പാക്കുക, ആരോഗ്യ- സാമൂഹിക സുരക്ഷ നടപ്പാക്കുക, അല്‍ഗോരിതങ്ങള്‍ക്ക് മേല്‍ മനുഷ്യകേന്ദ്രീകൃത മേല്‍നോട്ടം കൊണ്ടുവരിക, തൊഴിലാളികളുടെ കൂട്ടായ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ നടപടികള്‍ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്. കോര്‍പറേറ്റ് ലാഭത്തിന്റെ അളവല്ല, അധ്വാനിക്കുന്ന മനുഷ്യരുടെ അന്തസ്സും സുരക്ഷയുമാകണം ഒരു ജനാധിപത്യ സമൂഹത്തിന്റെ യഥാര്‍ഥ വികസന സൂചിക. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക നീതിയുടെയും അന്തസ്സോടെയുള്ള ജീവിതത്തിന്റെയും അവകാശം സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മാത്രമുള്ളതല്ല. തൊഴില്‍ ചെയ്യുന്ന ഓരോ മനുഷ്യനും സുരക്ഷിതമായ തൊഴില്‍ സാഹചര്യവും ന്യായമായ വേതനവും സാമൂഹിക സംരക്ഷണവും ലഭിക്കേണ്ടത് ഒരു ക്ഷേമരാഷ്ട്രത്തിന്റെ അടിസ്ഥാന ബാധ്യതയാണ്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ച ഈ ഭരണഘടനാ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലാകരുത്.