മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനങ്ങളെയും ഭരണശൈലിയെയും പരിഹസിച്ചും വിമർശിച്ചും ഡോ. ജോൺ ബ്രിട്ടാസ് എം.പി. “തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ” എന്നാണ് മുഖ്യമന്ത്രിയുടെ സമീപകാല പ്രസ്താവനകളെ സൂചിപ്പിച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. വി.ഡി. സതീശൻ താൻ പ്രതിപക്ഷ നേതാവല്ല, മറിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന ബോധ്യത്തോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.ടാറ്റ ഗ്രൂപ്പ് കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് പ്രധാനമായും വിമർശനത്തിന് വിധേയമായത്. ലോകത്തെ പ്രമുഖ മാധ്യമമായ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഈ അവകാശവാദം ഉന്നയിച്ചത്. എന്നാൽ, ടാറ്റ പോലുള്ള ഒരു ഗ്രൂപ്പിന് ഇതിൽ പരസ്യമായി വിശദീകരണം നൽകേണ്ടി വന്നത് കേരളത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇത് വെറുമൊരു ‘നാക്കുപിഴ’യല്ലെന്നും കൃത്യമായ പ്ലാനിംഗോടെ പറഞ്ഞതാണെന്നും അദ്ദേഹം ആരോപിച്ചു.യഥാർത്ഥത്തിൽ ഇത് 300 കോടി രൂപയുടെ ബോട്ട് അറ്റകുറ്റപ്പണി പദ്ധതിയാണെന്നും, ഇത് മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒപ്പിട്ടതാണെന്നും രേഖകൾ സഹിതം മുൻ വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കിയ കാര്യം ബ്രിട്ടാസ് ഓർമ്മിപ്പിച്ചു. 300 കോടിയെ 10,000 കോടിയായി പർവ്വതീകരിക്കാൻ സർക്കാർ സംവിധാനങ്ങൾ വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.മുൻപ് എൽ.ഡി.എഫ് സർക്കാരിന്റെ കെ-റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ ഇ. ശ്രീധരനെ നെഞ്ചിലേറ്റിയവർ, ഇപ്പോൾ അദ്ദേഹത്തിന്റെ പദ്ധതിയെ യാതൊരു ദയയുമില്ലാതെ ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞുവെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. ശ്രീധരന്റെ പദ്ധതി പ്രായോഗികമല്ലെന്ന് റെയിൽവേ മന്ത്രാലയം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ പത്ത് വർഷത്തെ കേരളത്തിന്റെ വികസന കുതിപ്പ് ഹൈസ്പീഡ് റെയിൽവേ ഇല്ലാതെ അസ്തമിക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.രണ്ടു മാസം തികയുന്ന യു.ഡി.എഫ് സർക്കാരിന്റെ പ്രകടനം വിലയിരുത്തുമ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ അമിതമായ പിന്തുണയിൽ മയങ്ങിപ്പോകാതെ, ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രിയായി പ്രവർത്തിക്കാൻ വി.ഡി. സതീശൻ തയ്യാറാകണം. സ്വന്തം സംഘടനയായ കെ.എസ്.യുവിലെ പ്രവർത്തകരുടെ മുന്നിലെങ്കിലും താനൊരു മുഖ്യമന്ത്രിയാണെന്ന് തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടെന്നും ബ്രിട്ടാസ് പങ്കുവെച്ച വീഡിയോയിൽ പറയുന്നു.ALSO READ: ‘മുഖ്യമന്ത്രി താല്പര്യമുള്ളവരെയല്ലേ കാണൂ, നിയാസിനോ അലോഷ്യസിനോ കിട്ടാത്ത ആനുകൂല്യം ശശികലയ്ക്ക് ലഭിക്കും’; പി രാജീവ്പോസ്റ്റിന്റെ പൂർണരൂപം“തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ”… മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ചില പ്രഖ്യാപനങ്ങൾ കേൾക്കുമ്പോൾ ആരുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന ചിന്തയാണിത്. വി.ഡി. സതീശൻ ആലോചിക്കേണ്ട സുപ്രധാനമായ ഒരു കാര്യമുണ്ട്; അദ്ദേഹം ഇപ്പോൾ പ്രതിപക്ഷ നേതാവല്ല, മറിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരളത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ട പരമമായ ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പിനെക്കുറിച്ച് പരാമർശിക്കുമ്പോൾ അതിൽ ഭാഗികമായെങ്കിലും ഒരു സത്യം വേണ്ടേ? കോൺഗ്രസിന്റെ കവലയോഗങ്ങളിൽ നടത്തുന്ന പ്രസംഗങ്ങളിലെ അബദ്ധം പോലെയല്ല ഇത്; ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിൽ ഒന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. അതുകൊണ്ടുതന്നെയാണ് ആ വ്യവസായ ഗ്രൂപ്പിന് പരസ്യമായി വിശദീകരണം നൽകേണ്ടി വന്നതും. ഒടുവിൽ, അത് കപ്പലല്ല ബോട്ടാണെന്നും, എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വന്ന നിക്ഷേപമാണെന്നുമുള്ള സത്യം മുൻ വ്യവസായ മന്ത്രി പി. രാജീവ് രേഖകൾ സഹിതം പുറത്തുവിടുകയും ചെയ്തു.വി.ഡി. സതീശൻ സർക്കാർ രണ്ടു മാസം തികയ്ക്കുകയാണ്. ഈ യു.ഡി.എഫ് സർക്കാരിന്റെ പ്രകടനത്തെ വിലയിരുത്താൻ നിരവധി കാര്യങ്ങളുണ്ട്. എന്നാൽ, ഇത്തരം ‘തള്ളലുകൾക്ക്’ അപ്പുറം കേരളം പ്രതീക്ഷിക്കുന്ന ചിലതുണ്ട്, മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മുന്നണിയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒരു ചെറിയ ശതമാനമെങ്കിലും നടപ്പിലാക്കണമെന്ന് ജനം ആഗ്രഹിക്കുന്നു. തന്നെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെ പരിലാളനയിൽ വി.ഡി. സതീശൻ അത് മറന്നുപോകരുത്. താനൊരു മുഖ്യമന്ത്രിയാണെന്ന ബോധ്യത്തോടെ വേണം വരുംദിവസങ്ങളിൽ അദ്ദേഹം പ്രവർത്തിക്കാൻ. സ്വന്തം സംഘടനയായ കെ.എസ്.യുവിന്റെ പിള്ളേരുടെ മുന്നിലെങ്കിലും താനൊരു മുഖ്യമന്ത്രിയാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്.The post ‘തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സ് മെഡൽ ലഭിച്ചേനെ’; വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എം.പി appeared first on Kairali News | Kairali News Live.