കൈരളി ടിവിയുടെ ചരിത്രപ്രധാനമായ പരിപാടിയായ ‘അശ്വമേധ’ത്തിന്റെ 25-ാം വാർഷികാഘോഷ വേളയിൽ, പരിപാടിയുടെയും ജി.എസ്. പ്രദീപിന്റെയും സമാനതകളില്ലാത്ത നേട്ടങ്ങളെ പ്രകീർത്തിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. ടെലിവിഷൻ രംഗത്തും സിനിമയിലും ഒരു പരിപാടി വിജയിച്ചാൽ അത് അനുകരിക്കപ്പെടുന്നത് പതിവാണെങ്കിലും, അശ്വമേധത്തെ ഇതുവരെ ആർക്കും അനുകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അത് ജി.എസ്. പ്രദീപിന്റെ മാത്രം സിദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു.കൈരളി ടിവിയുടെ സീനിയർ പ്രൊഡ്യൂസർ സതീഷാണ് ജി.എസ്. പ്രദീപിലെ പ്രതിഭയെ ആദ്യമായി തിരിച്ചറിഞ്ഞതെന്ന് ബ്രിട്ടാസ് അനുസ്മരിച്ചു. ഒരു ഹോട്ടലിൽ റിവേഴ്സ് ക്വിസുമായി തിമിർത്താടുകയായിരുന്ന പ്രദീപുമായി സതീഷ് നടത്തിയ മത്സരത്തിൽ സതീഷ് പരാജയപ്പെട്ടത് ഒരു വലിയ നിയോഗത്തിന്റെ തുടക്കമായിരുന്നു. വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലഘട്ടത്തിൽ സ്ഥാനാർത്ഥികളെ കോളേജുകളിൽ പരിചയപ്പെടുത്തി ലഭിച്ച പ്രസംഗശൈലിയും അറിവും സമന്വയിപ്പിച്ച് പ്രദീപ് ഈ പ്രക്രിയയെ ഒരു കലയാക്കി മാറ്റുകയായിരുന്നു എന്ന് സി.പി. ജോണിനെ ഉദ്ധരിച്ച് ബ്രിട്ടാസ് വ്യക്തമാക്കി.ലോകത്തിന്റെ ഒരു കോണും അശ്വമേധം വിട്ടുപോയിട്ടില്ലെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. കപ്പലിലും വിമാനത്തിലും ആർട്ടിക്കിലും അന്റാർട്ടിക്കിലും കോളേജ് ക്യാമ്പസുകളിലും ഒരുപോലെ ഈ പരിപാടി തരംഗമായി. എഐ സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ അശ്വമേധത്തെ എങ്ങനെ കൂടുതൽ മാറ്റിയെടുക്കാം എന്നത് പ്രദീപ് ആലോചിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്നത്തെ പ്രശസ്ത ചലച്ചിത്ര താരം ബേസിൽ ജോസഫ്, അശ്വമേധത്തിലൂടെ സ്പുടം ചെയ്തെടുക്കപ്പെട്ട കലാകാരനാണെന്ന് ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ബേസിൽ ഒരു ബുദ്ധിമാനായ കലാകാരനായത് അശ്വമേധത്തിൽ പങ്കെടുത്തതുകൊണ്ടാണെന്ന് ആരാധകർക്കിടയിൽ സംസാരമുണ്ടെന്നും, ഇന്ന് ഡൽഹിയിലടക്കം മലയാള സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ ബേസിലിനെപ്പോലുള്ള ചെറുപ്പക്കാർ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.The post ‘അശ്വമേധം, ഇതുവരെ ആർക്കും അനുകരിക്കാനാവാത്ത വിസ്മയം’; 25-ാം വാർഷികാഘോഷത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.