വീണ്ടും കോവിഡ് ഭീതി; ആന്ധ്രയിൽ മൂന്നാഴ്ചയ്ക്കിടെ 4 മരണം

Wait 5 sec.

രാജ്യത്ത് വലിയ കൊവിഡ് തരംഗങ്ങൾ അവസാനിച്ചതിന് ശേഷം വർഷങ്ങൾ പിന്നിടുമ്പോൾ വീണ്ടും കൊവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. ആന്ധ്രപ്രദേശിൽ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ നാല് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ കടുത്ത ജാഗ്രതയിലാണ്. ജൂൺ 26-നും ജൂലൈ 16-നും ഇടയിലുള്ള കാലയളവിൽ സംസ്ഥാനത്ത് 12 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.ആന്ധ്രയിൽ മരണപ്പെട്ടവരിൽ മൂന്ന് പേർ രായലസീമ മേഖലയിലെ കടപ്പ സ്വദേശികളും നാലാമത്തെയാൾ തീരദേശ ആന്ധ്രയിലെ കാക്കിനാഡ സ്വദേശിയുമായ പെൺകുട്ടിയുമാണ്. മരണപ്പെട്ട നാല് പേർക്കും പ്രമേഹം, അമിത രക്തസമ്മർദ്ദം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ഇതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആന്ധ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ജി. വീരപാണ്ഡ്യൻ അറിയിച്ചു.ഇതിൽ കടപ്പയിൽ നിന്നുള്ള ഒരു രോഗി തമിഴ്‌നാട്ടിലെ വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. നിലവിൽ രോഗബാധിതരായവരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ വൈറസിന്റെ പുതിയ വകഭേദമാണോ എന്ന് തിരിച്ചറിയുന്നതിനായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്.നിലവിൽ ആന്ധ്രയിൽ സ്ഥിരീകരിച്ച 12 കേസുകളിൽ എട്ടെണ്ണവും കടപ്പയിലാണ്. ഗുണ്ടൂരിൽ രണ്ടും വിശാഖപട്ടണം, കാക്കിനാഡ എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവുമാണ് ഉള്ളത്. രോഗബാധിതർ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ളവരായതിനാൽ നിലവിൽ സമൂഹവ്യാപന സാധ്യതയില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.The post വീണ്ടും കോവിഡ് ഭീതി; ആന്ധ്രയിൽ മൂന്നാഴ്ചയ്ക്കിടെ 4 മരണം appeared first on ഇവാർത്ത | Evartha.