ന്യൂഡല്‍ഹി| കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)സംഘടിപ്പിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി ശക്തമായ സുരക്ഷാ നടപടികളുമായി ഡല്‍ഹി പോലീസ്. ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാര്‍ലമെന്റിന് അധിക സുരക്ഷ ഏര്‍പ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. പ്രധാന റോഡുകളിലെല്ലാം പോലീസ് ബാരിക്കേഡുകള്‍ നിരത്തിയിരിക്കുകയാണ്. മന്ത്രിമാരുടെ വസതികള്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമര കേന്ദ്രമായ ജന്തര്‍ മന്തറിന് ചുറ്റും ജലപീരങ്കികളും മൊബൈല്‍ ജാമ്മറുകളും വിന്യസിച്ചു.പോലീസ്, സിആര്‍പിഎഫ്, 12 കമ്പനി അധിക അര്‍ത്ഥ സൈനിക വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് അതീവ സുരക്ഷ ഒരുക്കിയിരിക്കുന്നത്. നാലില്‍ അധികം പേര്‍ കൂട്ടം കൂടുന്നതിനും പ്രതിഷേധ മാര്‍ച്ചുകള്‍ക്കും വിലക്കുണ്ട്.രാവിലെ 9 മണിയോടെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് സിജെപിയുടെ തീരുമാനം. എന്നാല്‍ സുരക്ഷകള്‍ മറികടന്ന് ജന്തര്‍ മന്തറിന് പുറത്തേക്ക് മാര്‍ച്ചിന് കടക്കാനാകുമോ എന്നത് സംശയമാണ്. പാര്‍ലമെന്റ് മാര്‍ച്ചിന് ഇതുവരെയും പോലീസ് അനുമതി നല്‍കിയിട്ടില്ല.ബ്രിട്ടീഷ് കൊളോണിയല്‍ വ്യവസ്ഥയ്ക്കെതിരെ നടന്നതിന് സമാനമാണ് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭമെന്നും അതിന് അനുമതി തേടാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് സിജെപിയുടെ നിലപാട്. പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളേയും വിവിധ സംഘടനാ പ്രതിനിധികളേയും കൊണ്ട് ജന്തര്‍ മന്തര്‍ ഇതിനോടകം തന്നെ നിറഞ്ഞിട്ടുണ്ടെന്നാണ് വിവരം.സിജെപി അധ്യക്ഷന്‍ അഭിജീത്ത് ദീപ്കെയും എസ്എഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ ആദര്‍ശ് എം സജി അടക്കമുള്ളവരുടെ നിരാഹാര സമരവും ജന്തര്‍ മന്തറില്‍ തുടരുകയാണ്. സോനം വാങ്ചുക്കിനെ മോചിപ്പിക്കുക എന്നതാണ് ഇവരുയര്‍ത്തുന്ന ആവശ്യം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കും വരെ സമരം തുടരാനാണ് ഇവരുടെ നീക്കം.കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയ സോനം വാങ്ചുക്ക് ഇപ്പോഴും നിരാഹാര സമരം തുടരുകയാണ്. രാഷ്ട്രീയ നേതാക്കള്‍ സോനത്തെ സന്ദര്‍ശിക്കണമെന്നും വര്‍ഷകാല സമ്മേളനത്തില്‍ വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നുമുള്ള ഉപാധികള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കാമെന്നാണ് ഇന്നലെ സോനത്തിന്റെ ഭാര്യ ഗീതാഞ്ജലി ആങ്ക്മോ പറഞ്ഞത്.Content Highlights:Delhi Police declared Section 144 and braced Jantar Mantar ahead of a Parliament march led by CJP. Protesters demand the release of Sonam Wangchuk and the resignation of Education Minister Dharmendra Pradhan. CRPF and additional forces are deployed as key leaders continue their hunger strike.