കൊച്ചി | തന്റെ പാസ്‌പോര്‍ട്ടും പണവും പിതാവും സംഘവും അപഹരിച്ചെന്നുകാട്ടി കുംഭമേള വൈറല്‍ പെണ്‍കുട്ടി കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തനിക്ക് നേരത്തെ ഉണ്ടായിരുന്ന പോലീസ് സംരക്ഷണം തുടരണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു.പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി സെന്‍ട്രല്‍ പോലീസ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിച്ചിരുന്നു. ലഭ്യമായ ഫോണ്‍ നമ്പറിലും വിലാസത്തിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചതിനു പിന്നാലെയാണ് കഴിഞ്ഞയാഴ്ച ഹൈക്കോടതി പെണ്‍കുട്ടിയുടെ പോലീസ് സംരക്ഷണം പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചത്. പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് പോലീസിനോട് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ എത്തി സംരക്ഷണം ആവശ്യപ്പെട്ടത്.കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്ന് കാട്ടി ഭര്‍ത്താവിനെതിരെ പോക്‌സോ നിയമപ്രകാരം മധ്യപ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനു വേണ്ടി ഫര്‍ഹാന്‍ മുന്‍കൂര്‍ ജാമ്യം തേടി മധ്യപ്രദേശ് കോടതിയെ സമീപിച്ചെങ്കിലും ആ അപേക്ഷ തള്ളി. ഈ ഘട്ടത്തിലാണ് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുന്നതും സുരക്ഷ ആവശ്യപ്പെടുന്നതും. പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ സുരക്ഷ നല്‍കാന്‍ സെന്‍ട്രല്‍ പോലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് സുരക്ഷ പിന്‍വലിക്കാന്‍ കോടതി നിര്‍ദേശിച്ചത്.