ന്യൂഡല്‍ഹി | തമിഴ്നാട്ടിലെ കൂടംകുളം ആണവ വൈദ്യുത നിലയത്തിന്റെ രഹസ്യ രേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഹാക്കര്‍ സംഘമായ വേള്‍ഡ് ലീക്‌സ് ആണ് രേഖകള്‍ ഡാര്‍ക്ക് വെബില്‍ പ്രസിദ്ധീകരിച്ചത്. പ്ലാന്റിന്റെ ചില ഭാഗങ്ങളുടെ ബ്ലൂപ്രിന്റുകള്‍, വിതരണക്കാരുടെ വിവരങ്ങള്‍, സാങ്കേതിക രേഖകള്‍ എന്നിവ ഉള്‍പ്പെടെ ഏകദേശം 19,000 ഫയലുകളാണ് പുറത്തുവിട്ടിരിക്കുന്നതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഈ വിവരങ്ങള്‍ റിലയന്‍സ് ഗ്രൂപ്പില്‍ നിന്നാണ് ലഭിച്ചതെന്നാണ് ഹാക്കര്‍ സംഘം അവകാശപ്പെടുന്നത്.സംഭവത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനെ കമ്പനി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏത് തരത്തിലുള്ള വിവരങ്ങളാണ് ചോര്‍ന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2016 മുതല്‍ 2025 പകുതിവരെയുള്ള തീയതികളിലെ രേഖകള്‍ പരിശോധിച്ചെങ്കിലും അവയുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നുണ്ട്.മൂന്നാംകക്ഷി ഡാറ്റാ സെന്റര്‍ സേവനദാതാവായ യോട്ട ഹോസ്റ്റ് ചെയ്യുന്ന ഒരു സെര്‍വറിലാണ് ഭാഗികമായ ഡാറ്റാ ലംഘനം ഉണ്ടായതെന്ന് ആണവ നിലയത്തിന്റെ കരാറുകാരിലൊരാളായ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ എല്‍) റിലയന്‍സുമായി ആശയവിനിമയം നടത്തുകയാണ്. ഇന്ത്യയുടെ ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ട്-ഇന്‍ അന്വേഷണം ആരംഭിച്ചതായും വിഷയവുമായി ബന്ധപ്പെട്ട പേരുവെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. Content Highlights:Technical files and blueprints of the Kudankulam Nuclear Power Plant have reportedly been leaked on the dark web by hacker group World Leaks. The breach allegedly occurred through a server of third-party provider Yotta used by Reliance Group. National agency CERT-In has launched an investigation.