മനാമ: വിമാനക്കമ്പനികളുടെ അമിത നിരക്കീടാക്കലിനെതിരെ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി നടത്തിയ നിർണ്ണായക ഇടപെടലിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഇന്റർനാഷണൽ കൗൺസിൽ സ്വാഗതം ചെയ്തു. വിമാനനിരക്കുകൾക്ക് യുക്തിസഹമായ നിയന്ത്രണ സംവിധാനം ഏർപ്പെടുത്താനും ചൂഷണം തടയാനുമായി കേന്ദ്ര സർക്കാർ അടിയന്തരമായി കൃത്യമായ നിയമനിർമ്മാണവും ചട്ടങ്ങളും രൂപീകരിക്കാൻ തയ്യാറാകണമെന്ന് ഐ.സി.എഫ് ആവശ്യപ്പെട്ടു.അവധി സീസണുകളിലും സ്കൂൾ അടയ്ക്കുന്ന സമയങ്ങളിലും യാതൊരു മാനദണ്ഡവുമില്ലാതെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികളുടെ നടപടി ഗൾഫ് പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. നാടിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന സാധാരണക്കാരായ തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരുമാണ് ഈ പകൽക്കൊള്ളയുടെ ഏറ്റവും വലിയ ഇരകൾ. അടിയന്തര സാഹചര്യങ്ങളിൽ പോലും ജന്മനാട്ടിലേക്ക് പോകാൻ കഴിയാതെ പ്രവാസികൾ വലയുമ്പോഴും കേന്ദ്ര സർക്കാരും വ്യോമയാന മന്ത്രാലയവും ബന്ധപ്പെട്ട നിയന്ത്രണ ഏജൻസികളും പുലർത്തുന്ന നിസ്സംഗത തികച്ചും നിർഭാഗ്യകരമാണ്.യാത്രക്കാരുടെ താൽപര്യം സംരക്ഷിക്കുന്ന തരത്തിൽ സുതാര്യമായ നയങ്ങൾ നടപ്പാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ലക്ഷക്കണക്കിന് പ്രവാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ നീക്കം. പ്രവാസി യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുമായി ന്യായമായ വിമാനനിരക്കുകൾ ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ അടിയന്തരവും ശാശ്വതവുമായ നടപടികൾ സ്വീകരിക്കണമെന്ന് ഐ.സി.എഫ് ഇന്റർനാഷണൽ കൗൺസിൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.The post വിമാനക്കൊള്ളയ്ക്കെതിരായ സുപ്രീം കോടതി ഇടപെടൽ സ്വാഗതാർഹം; ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തണം: ഐ.സി.എഫ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.