ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചതില്‍ അതിയായ സന്തോഷം; പ്രോസിക്യൂട്ടര്‍ അഡ്വ. വിജയകുമാര്‍

Wait 5 sec.

പാലക്കാട്|നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. വിജയകുമാര്‍. സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കോടതി പരിഗണിച്ചു. പോലീസിന്റെയും പ്രോസിക്യൂഷന്‍ സാക്ഷികളുടെയും സഹകരണത്തോടെയാണ് ഇത്ര വലിയൊരു വിധി കിട്ടിയത്. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കോടതി പൂര്‍ണമായും തള്ളിയെന്നും പ്രോസിക്യൂട്ടര്‍ അഡ്വ. വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.കൊല്ലപ്പെട്ട സുധാകരന്റെ കുട്ടികളുടെ പുനരധിവാസം, പ്രതിയുടെ സ്വഭാവ രീതി, കൊലപാതങ്ങള്‍ നടത്തിയ രീതി തുടങ്ങിയ കാര്യങ്ങളെല്ലാം കോടതി പരിഗണിച്ചു. സംഭവം ആസൂത്രിതമാണെന്ന് കോടതി കണ്ടെത്തി. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ചെന്താമര ആക്രമണം നടത്തിയത്. കോടതിയുടെ നിര്‍ദേശപ്രകാരം, സൈക്കോളജിസ്റ്റ് ബോര്‍ഡ് ചെന്താമരയ്ക്ക് യാതൊരു മാനസിക പ്രശ്‌നങ്ങളും ഇല്ലെന്ന് കണ്ടെത്തിയിരുന്നു.പ്രതിയ്ക്ക് സ്വത്തില്ലാത്തിനാല്‍ സംസ്ഥാന സര്‍ക്കാരാണ് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടത്. സുധാകരന്റെ മൂത്തകുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും വിധിയിലുണ്ട്. കൂടാതെ, പ്രതിക്ക് ഏതെങ്കിലും സാഹചര്യത്തില്‍ പരോള്‍ അനുവദിച്ചാല്‍ മുഴുവന്‍ സാക്ഷികള്‍ക്കും സുരക്ഷ ഒരുക്കണമെന്നും വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.നെന്മാറ ഇരട്ടക്കൊലപാതകം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന് നിരീക്ഷിച്ച കോടതി, സാഹചര്യ തെളിവുകള്‍ കാരണം വധശിക്ഷ നല്‍കാന്‍ കഴിയില്ല എന്ന് പറയാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. അതിവേഗം കുറ്റപത്രം സമര്‍പ്പിച്ചതിന് ഡിവൈഎസ്പിയെയും സംഘത്തെയും കോടതി അഭിനന്ദിച്ചു. ചെന്താമരയുടെ വധശിക്ഷ ഇനി ഹൈക്കോടതി ശരിവെക്കേണ്ടതുണ്ട്.വിധി കേള്‍ക്കാന്‍ സുധാരന്റെ മക്കള്‍ അതുല്യയും അഖിലയും കോടതിയില്‍ എത്തിയിരുന്നു. കേസ് അന്വേഷിച്ച ഡിവൈഎസ്പി എന്‍ മുരളീധരനും കോടതിയിലെത്തി. പ്രതിക്ക് മാനസിക പ്രശ്നമില്ലെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടും പ്രതിക്കെതിരായ പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടും കോടതിയില്‍ വായിച്ചു. മാനസാന്തരപ്പെടാനുള്ള സാധ്യത കൂടി നോക്കിയാണ് ശിക്ഷ വിധിക്കാറുള്ളതെന്ന് കോടതി വ്യക്തമാക്കി. സമൂഹത്തിന് പ്രശ്നക്കാരനാണെങ്കില്‍ വധശിക്ഷ നല്‍കാമെന്ന് വിവിധ ഹൈക്കോടതികളുടെ വിധിയുണ്ട്.മറ്റുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെ(56)യും മാതാവ് ലക്ഷ്മി(75)യെയും വെട്ടി കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചെന്താമരയ്ക്ക് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു. കൃത്യം നടന്ന് ഒന്നരവര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. പ്രതി ചെന്താമരയ്ക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പോത്തുണ്ടി ബോയന്‍ നഗറിലെ കുടുംബങ്ങളുടെ ആവശ്യം. ചെന്താമരയോട് നീതിപീഠം ദയ കാണിക്കരുതെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.നിരവധി കുടുംബങ്ങള്‍ ചെന്താമരയെ ഭയന്ന് ജനിച്ച നാടും വീടും വിട്ട് അന്യനാട്ടിലേക്ക് താമസം മാറിയിട്ടുണ്ട്. ചെന്താമരയ്ക്ക് തക്കതായ ശിക്ഷ ലഭിച്ച ശേഷമേ തങ്ങള്‍ നാട്ടിലേക്ക് തിരിച്ചെത്തൂ എന്നാണ് ഇവര്‍ പറയുന്നത്. വിധിപ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയര്‍ത്തിയിരുന്നു. വേണ്ടി വന്നാല്‍ താന്‍ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജിയല്ലെന്നും എഴുതാന്‍ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞിരുന്നു. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. സംശയവും, കടുത്ത മദ്യപാനവും കാരണമാണ് ഭാര്യയും മകളുമടങ്ങുന്ന കുടുംബം ചെന്താമരയെ ഉപേക്ഷിച്ചുപോയത്. ഇതിന്റെ വൈരാഗ്യത്തിലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. ഭാര്യയും മക്കളും പിണങ്ങിപ്പോകാന്‍ കാരണം ഇവരാണെന്നായിരുന്നു പ്രതിയുടെ ആരോപണം. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു.Content Highlights:Prosecutor Advocate Vijayakumar welcomed the court order granting death penalty to Chenthamara in the Nenmara double murder case. The court treated the incident as a rare of rarest case and ordered financial compensation for the victims children. The police team was praised for fast filing of the charge sheet.