പ്രകൃതിയാണ് രാഷ്ട്രത്തിന്റെ മൂലധനമെന്ന വാചകം ഇന്ത്യയെ പോലൊരു രാജ്യത്തിന് നൂറ് ശതമാനം ചേരും. ലോകത്തെ ഏറ്റവും വലിയ കൽക്കരി ശേഖരം, സമൃദ്ധമായ ഇരുമ്പയിര്, ഫലഭൂയിഷ്ഠമായ എക്കൽ മണ്ണ്, വിശാലമായ വനങ്ങൾ, നീണ്ട തീരദേശം ഇങ്ങനെ എണ്ണിയാൽ തീരാത്ത പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് നമ്മുടെ രാജ്യം. കൃഷി, വ്യവസായം, ഊർജം എന്നീ മേഖലകളുടെ അടിത്തറയായ ഈ വിഭവങ്ങളാണ് നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്നത്. ഒരു രാജ്യത്തിന്റെ വളർച്ചക്കും പുരോഗതിക്കും നട്ടെല്ലാകുന്നത് ഈ വിഭവങ്ങളാണ്.ഒരു രാജ്യം എന്നത് ഭൂപടത്തിലെ വെറും രേഖകൾ മാത്രമല്ല. വൈവിധ്യമാർന്ന എത്രയെത്ര പ്രകൃതിവിഭവങ്ങളാൽ (Natural resources) സമ്പന്നമാണ് നമ്മുടെ ഇന്ത്യ എന്ന് അറിയുമോ. കൽക്കരി, ഇരുമ്പയിര്, ബോക്സൈറ്റ് തുടങ്ങിയ ധാതുക്കൾ, എണ്ണ, പ്രകൃതിവാതകം എന്നിവയുൾപ്പെടെയുള്ള ഊർജ സ്രോതസ്സുകൾ, കാർഷിക-വനവിഭവങ്ങൾ, സമൃദ്ധമായ ജലസ്രോതസ്സുകൾ തുടങ്ങിയവയെല്ലാം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ നട്ടെല്ലാണ്.ധാതുക്കൾ (Minerals)ലോകത്തെ ഏറ്റവും വലിയ കൽക്കരി ശേഖരമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഊർജ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ മുൻപന്തിയിലാണ് കൽക്കരിയുടെ സ്ഥാനം. ഝാർഖണ്ഡ്, ഒഡിഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് ഇവയുടെ പ്രധാന ശേഖരം. കൂടാതെ, ഉയർന്ന ഗുണനിലവാരമുള്ള ഇരുമ്പയിര് ഉരുക്ക് വ്യവസായത്തിന്റെ അടിസ്ഥാനമാണ്. ഒഡിഷ, കർണാടക, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ സമൃദ്ധമായി ഇരുമ്പയിര് കാണപ്പെടുന്നു. മാംഗനീസ്, മൈക്ക, ബോക്സൈറ്റ്, ലിഥിയം എന്നിവയുടെ വലിയ ശേഖരവും ഉണ്ട്.ഊർജ വിഭവങ്ങൾ (Energy Resources)കൽക്കരിക്ക് പുറമെ, മഹാരാഷ്ട്ര (ബോംബെ ഹൈ), ഗുജറാത്ത്, രാജസ്ഥാൻ, അസം എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ രാജ്യത്തിന്റെ ആവശ്യകതയുടെ ഒരു ഭാഗം നിറവേറ്റുന്നു. സൗരോർജം, കാറ്റാടി യന്ത്രങ്ങൾ, ജലവൈദ്യുതി തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം ഇന്ത്യയിൽ അതിവേഗം വർധിച്ചുവരുന്നുണ്ട്.മണ്ണും കൃഷിയും (Soil and Agriculture)രാജ്യത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം കൃഷിയാണ്. ഫലഭൂയിഷ്ഠമായ മണ്ണും അനുകൂലമായ കാലാവസ്ഥയും ഇന്ത്യയെ കാർഷികമായി മുന്നിൽ നിർത്തുന്നു. നെല്ല്, ഗോതമ്പ്, പയറുവർഗങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ ഇവിടെ സമൃദ്ധമായി വിളയുന്നു. സിന്ധു- ഗംഗാ സമതലത്തിലെ എക്കൽ മണ്ണും ദക്ഷിണേന്ത്യയിലെ കറുത്ത മണ്ണും നെല്ല്, ഗോതമ്പ്, പരുത്തി തുടങ്ങിയവയുടെ വിളവെടുപ്പിന് അനുയോജ്യമാണ്.വനവിഭവങ്ങൾ (Forest Resources)ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ ഏകദേശം 21 ശതമാനത്തോളം വനങ്ങളാണ്. വൈവിധ്യമാർന്ന സസ്യജന്തു ജാലങ്ങളുള്ള ഇന്ത്യയിൽ തേക്ക്, ഈട്ടി, ചന്ദനം തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങളും ഔഷധസസ്യങ്ങളും മറ്റ് വന ഉത്പന്നങ്ങളും ലഭ്യമാണ്. ഇവ രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നു.ജലസ്രോതസ്സുകൾ (Water Resources)ഗംഗ, യമുന, ബ്രഹ്മപുത്ര, നർമദ തുടങ്ങിയ വൻനദികളും വലുതും ചെറുതുമായ നിരവധി നദികളും ഭൂഗർഭജലവുമാണ് ഇന്ത്യയിലെ ജലസ്രോതസ്സുകളുടെ പ്രധാന അടിത്തറ. രാജ്യത്തിന്റെ നീളമേറിയ തീരദേശവും ഉൾനാടൻ ജലാശയങ്ങളും മത്സ്യബന്ധന വ്യവസായത്തിന് വലിയ മുതൽക്കൂട്ടാണ്.Content Highlights:India is blessed with vast natural resources including major coal reserves, high-quality iron ore, fertile soils, extensive forests, and rich water bodies. These crucial minerals, energy sources, and agricultural assets form the backbone of the nation’s economic progress and industrial growth.