ദുബൈ | വേനലവധിക്കാലം ആരംഭിച്ചതോടെ കുട്ടികള്‍ വീടുകള്‍ക്കുള്ളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും സ്മാര്‍ട്ട് ഫോണുകള്‍, ടാബ്‌ലെറ്റുകള്‍, ലാപ്ടോപ്പുകള്‍ എന്നിവയുടെ അമിത ഉപയോഗവും കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. ദീര്‍ഘനേരം ഇത്തരം ഉപകരണങ്ങള്‍ നോക്കിയിരിക്കുന്നത് കുട്ടികളുടെ ശരീരഘടനയെയും നട്ടെല്ലിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്.കഴുത്തിലും തോളിലും അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍, കഠിനമായ തലവേദന, കൈകാലുകളുടെ ചലനശേഷിയിലുണ്ടാകുന്ന കാഠിന്യം എന്നിവയാണ് പോസ്ചര്‍ തകരാറുകളുടെ ആദ്യകാല ലക്ഷണങ്ങള്‍. തുടക്കത്തില്‍ ഇവ ചെറിയ പ്രശ്നങ്ങളായി തോന്നാമെങ്കിലും കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിയില്‍ പേശീവലിവ്, ഞരമ്പ് ഞെരുങ്ങല്‍ തുടങ്ങിയ വലിയ ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് നയിച്ചേക്കാം. യു എ ഇയില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം വലിയൊരു ശതമാനം കുട്ടികളും പ്രതിദിനം ഏഴ് മണിക്കൂറിലധികം സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ചെലവഴിക്കുന്നുണ്ടെന്നും ഇത് അവരുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതിന് കാരണമാകുന്നുണ്ടെന്നും വ്യക്തമാക്കുന്നു.തുടര്‍ച്ചയായി താഴേക്ക് നോക്കി വാഹനം ഉപയോഗിക്കുമ്പോള്‍ കഴുത്ത് മുന്നോട്ട് തള്ളിനില്‍ക്കുന്ന ‘ടെക് നെക്ക്’ എന്ന അവസ്ഥ കുട്ടികളില്‍ വ്യാപകമാവുകയാണ്. സ്‌ക്രീന്‍ ഉപയോഗത്തിന് ശേഷം കുട്ടികള്‍ കഴുത്തോ തോളോ തിരുമ്മുകയോ വൈകുന്നേരങ്ങളില്‍ തലവേദനയെന്ന് പരാതിപ്പെടുകയോ ചെയ്യുന്നത് പേശികള്‍ക്ക് സംഭവിക്കുന്ന തളര്‍ച്ചയുടെ ലക്ഷണമാണ്. ഇത്തരം അസ്വസ്ഥതകള്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുകയോ രാത്രിയില്‍ വേദന കാരണം ഉറക്കം ഉണരുകയോ കൈകളിലേക്ക് തരിപ്പ് പടരുകയോ ചെയ്താല്‍ അടിയന്തരമായി വൈദ്യസഹായം തേടണമെന്ന് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.സ്‌ക്രീന്‍ ഉപയോഗം കുറക്കുന്നത് കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാനാകില്ല. കുട്ടികള്‍ക്ക് കൃത്യമായ ശാരീരിക ചലനങ്ങള്‍ ആവശ്യമാണ്. ഓരോ 20-30 മിനുട്ടിലും സ്‌ക്രീനുകളില്‍ നിന്ന് ബ്രേക്ക് എടുക്കുക, ഉപകരണങ്ങള്‍ കണ്ണിന്റെ നേരെ ഒരേ ലെവലില്‍ വെച്ച് ഉപയോഗിക്കുക, ഇരിക്കുമ്പോള്‍ നട്ടെല്ലിന് കൃത്യമായ സപ്പോര്‍ട്ട് ഉറപ്പാക്കുക എന്നിവ ശീലമാക്കണം. കൂടാതെ ദിവസവും കുറഞ്ഞത് 60 മിനുട്ടെങ്കിലും ഔട്ട്ഡോര്‍ ഗെയിമുകള്‍, സൈക്ലിംഗ്, നീന്തല്‍ തുടങ്ങിയ കായിക വിനോദങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെടുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.Content Highlights:Doctors have issued a warning regarding the rising cases of tech neck among children due to excessive screen time. Prolonged posture strain from using smartphones and tablets causes severe neck and spine issues in young kids. Experts recommend limiting device usage and encouraging physical activities to prevent long-term damage.