ബണ്ട്വാള്‍ | കര്‍ണാടകയില്‍ അക്രമിയുടെ വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ബണ്ട്വാളിലെ ബി സി റോഡിലുള്ള കെ എസ് ആര്‍ ടി സി പുതിയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്. പ്രതി യുവതിയെ കത്തികൊണ്ട് ആക്രമിക്കുന്നതും, തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന്ഓടി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.ബണ്ട്വാളിലെ ഉളിഗ്രാം സ്വദേശിയായ ലാവണ്യ (21) ആണ് കൊല്ലപ്പെട്ടത്. കല്ലഡ്കയിലെ ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമിലെ ജീവനക്കാരിയായിരുന്നു ഇവര്‍. ബെല്‍ത്തങ്ങാടി ഒഡില്‍നാല സ്വദേശിയായ ചേതന്‍ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.പോലീസ് പറയുന്നതനുസരിച്ച്, വൈകുന്നേരം 6 മണിയോടെ യുവതി ബസ് കാത്തുനില്‍ക്കുമ്പോഴാണ് സംഭവം നടന്നത്. പ്രതി തന്റെ ബാഗില്‍ നിന്ന് വെട്ടുകത്തി പുറത്തെടുത്തതോടെ യുവതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പ്രതി പിന്നാലെ ഓടിച്ചെന്ന് വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടന്‍ തന്നെ ബണ്ട്വാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബണ്ട്വാള്‍ സബ് ഡിവിഷനിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ബണ്ട്വാള്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടറും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ തിരച്ചില്‍ ആരംഭിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.Content Highlights: A 21-year-old woman named Lavanya was hacked to death at the BC Road KSRTC bus stand in Bantwal, Karnataka. The victim worked at a private nursing home in Kalladka and was attacked while waiting for a bus. Police identified the accused as Chethan and registered a case to track him down.