എ ആര്‍ സി ലക്ഷ്യമിടുന്നത് ആരെ?

Wait 5 sec.

ഭീകരവാദവും തീവ്രവാദ പ്രവര്‍ത്തനങ്ങളും ഏതൊരു പരമാധികാര രാഷ്ട്രത്തിനും ഭീഷണിയും ശക്തമായി പ്രതിരോധിക്കേണ്ടതുമാണ്. എന്നാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ രാജ്യത്തെ ഒരു പ്രത്യേക ജനവിഭാഗത്തെ മൊത്തമായി സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും അവരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ഹനിക്കാനുമുള്ള ആയുധമായി മാറുമ്പോള്‍ അത് ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് നേരെയുള്ള കടന്നാക്രമണമായി മാറുന്നു. ഗുജറാത്ത് പോലീസ് പുറത്തിറക്കിയ പുതിയ ‘ആന്റി റാഡിക്കലൈസേഷന്‍ സെല്ലി’ന്റെ (എ ആര്‍ സി) മാര്‍ഗരേഖകള്‍ കേവലം ക്രമസമാധാന പ്രശ്നത്തെ ചൊല്ലിയുള്ളതല്ല, രാജ്യത്തെ മുസ്ലിം സമുദായത്തെ വ്യവസ്ഥാപിതമായി പാര്‍ശ്വവത്കരിക്കാനും അവരില്‍ ഭീതി സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ബോധപൂര്‍വമായ നീക്കങ്ങളുടെ ഭാഗമായി വേണം വിലയിരുത്താന്‍.താടിവളര്‍ത്തല്‍, സ്ത്രീകള്‍ നിഖാബ് ധരിക്കല്‍, പള്ളികളില്‍ ഇഅ്തികാഫ് അനുഷ്ഠിക്കല്‍, അറബി സംസാരിക്കല്‍ തുടങ്ങി ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന വ്യക്തിഗത അനുഷ്ഠാനങ്ങളെയും ശീലങ്ങളെയും തീവ്രവാദ ലക്ഷണങ്ങളായാണ് ഗുജറാത്ത് പോലീസ് പ്രഖ്യാപിച്ചത്. അത്യന്തം അപകടകരമാണ് ഒരു സമുദായത്തെ മൊത്തം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഈ പ്രവണത.ഭരണഘടനാ അനുഛേദം 25 അനുസരിച്ച് ഓരോ പൗരനും ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശമുണ്ട്. ഒരു മുസ്ലിം പുരുഷന്‍ താടി വളര്‍ത്തുന്നതും സ്ത്രീ നിഖാബ് ധരിക്കുന്നതും പള്ളിയില്‍ ഇഅ്തികാഫിരിക്കുന്നതും അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഇത്തരം കാര്യങ്ങളെ രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന തീവ്രവാദ പ്രവണതയായി കാണുന്നത് പൗരന്റെ ഈ ഭരണഘടനാ അവകാശത്തിനു നേരെയുള്ള വെല്ലുവിളിയാണ്. നേരത്തേ താടി വളര്‍ത്താത്ത ഒരു വ്യക്തി പിന്നീട് താടി വളര്‍ത്തുന്നതോ വസ്ത്രധാരണത്തില്‍ മാറ്റം വരുത്തുന്നതോ കുറ്റകൃത്യമല്ല. അയാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതിനെ കുറ്റകൃത്യവും തീവ്രവാദവുമായി ആരോപിക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണ്. തീവ്രവാദത്തിനെതിരായ എല്ലാ നടപടികളും ഭരണഘടനയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടതുണ്ട്. ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ശക്തി പൗരന്മാര്‍ അകാരണമായി ഭരണകൂടത്തെ ഭയപ്പെടുന്നതിലല്ല. നിയമം നീതിപൂര്‍വകമായി പ്രവര്‍ത്തിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നതിലാണ്. ആ വിശ്വാസം സംരക്ഷിക്കുകയാണ് തീവ്രവാദവിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും വലിയ ആയുധം.ഇന്ത്യയില്‍ ഭീകരവാദ നിയമങ്ങളുടെ പ്രയോഗവത്കരണ ചരിത്രം പരിശോധിച്ചാല്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായി കാണാം. യു എ പി എ, ടാഡ, പോട്ട തുടങ്ങിയ കരിനിയമങ്ങള്‍ ചുമത്തി വര്‍ഷങ്ങളോളം ജയിലില്‍ അടക്കപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലിം യുവാക്കളാണ്. പത്തും പതിനഞ്ചും വര്‍ഷത്തെ തടവിനു ശേഷം കോടതി അവരെ നിരപരാധികളെന്നു കണ്ട് വിട്ടയച്ച സംഭവങ്ങള്‍ നിരവധി. ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങി ബി ജെ പി ഭരണ സംസ്ഥാനങ്ങളിലെ പോലീസിന്റെയും ഭരണകൂടത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ ഈ ഏകപക്ഷീയമായ നിലപാട് പ്രകടമാണ്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന, മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആയുധമേന്താന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്ന വലതുപക്ഷ തീവ്രവാദ സംഘടനകള്‍ക്കെതിരെയോ, പശുസംരക്ഷണത്തിന്റെ പേരില്‍ നിരപരാധികളെ തല്ലിക്കൊല്ലുന്ന സായുധ സംഘങ്ങള്‍ക്കെതിരെയോ നിയമപാലകരും സര്‍ക്കാറും നടപടി സ്വീകരിക്കാറില്ല.ഇത്തരം പക്ഷപാതപരമായ പോലീസ് നയങ്ങള്‍ അന്യവത്കരണം, സാമൂഹിക അകലം, വിദ്യാഭ്യാസ- തൊഴില്‍ തടസ്സങ്ങള്‍ തുടങ്ങി നിരവധി ഗുരുതര സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. തങ്ങള്‍ എപ്പോഴും നിരീക്ഷണത്തിലാണെന്ന ബോധം മുസ്ലിം യുവാക്കളില്‍ വ്യവസ്ഥിതിയോടുള്ള അന്യവത്കരണവും അരക്ഷിതാവസ്ഥയും വര്‍ധിപ്പിക്കും. ഇതര സമുദായാംഗങ്ങള്‍ക്ക് മുസ്ലിംകളെക്കുറിച്ച് സംശയ മനോഭാവം വര്‍ധിപ്പിക്കാനും വഴിയൊരുക്കും. ഒരു മുസ്ലിം യുവാവ് താടി വളര്‍ത്തുമ്പോള്‍ അവന്‍ തീവ്രവാദിയാണോ എന്ന് അയല്‍ക്കാരും നാട്ടുകാരും സംശയിക്കുന്ന തരത്തില്‍ സാമൂഹിക അന്തരീക്ഷത്തിലും മതിലുകള്‍ തീര്‍ക്കും.‘സംശയം എത്ര ശക്തമായാലും അത് തെളിവിനു പകരമാകില്ലെ’ന്ന തത്ത്വം സുപ്രീം കോടതി പലപ്പോഴും ആവര്‍ത്തിച്ചതാണ്. ക്രിമിനല്‍ ന്യായവ്യവസ്ഥയുടെ ഈ അടിസ്ഥാന തത്ത്വം പോലീസ് അന്വേഷണങ്ങള്‍ക്കും ബാധകമാണ്. നിരോധിത സംഘടനകളുമായുള്ള വ്യക്തമായ ബന്ധം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം, തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് റിക്രൂട്ട്മെന്റ്, ആക്രമണ ആസൂത്രണം, സ്ഫോടക വസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളെയാണ് യു എ പി എ പോലുള്ള നിയമങ്ങള്‍ ലക്ഷ്യമാക്കുന്നത്. ഈ നിയമത്തിലെവിടെയും മതപരമായ വസ്ത്രധാരണമോ താടിയോ കുറ്റകൃത്യത്തിന്റെ ലക്ഷണമായി പറയുന്നില്ല. ഒരാളുടെ വേഷത്തെയോ ജീവിതാനുഷ്ഠാനങ്ങളെയോ വിചാരണ ചെയ്യാന്‍ തുടങ്ങുമ്പോള്‍ നിയമം ഭരണഘടനയുടെ പാതയില്‍ നിന്ന് തെറ്റുകയായി. ഗുജറാത്ത് പോലീസിന്റെ വിവാദ മാര്‍ഗരേഖക്കെതിരെ മനുഷ്യാവകാശ സംഘടനകളും സിവില്‍ സൊസൈറ്റിയും മതേതര രാഷ്ട്രീയ നേതാക്കളും ശക്തമായി രംഗത്തു വന്നിട്ടുണ്ട്. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതക്കും നിര്‍ഭയമായി ജീവിക്കാനുള്ള അവകാശത്തിനും വിരുദ്ധമാണ് ഈ നടപടിയെന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിവാദ മാര്‍ഗരേഖ എത്രയും പെട്ടെന്ന് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതുണ്ട്. ജുഡീഷ്യറിയും മനുഷ്യാവകാശ സംഘടനകളും വിഷയത്തില്‍ ഇടപെടേണ്ടിയിരിക്കുന്നു.