കൂട്ടപിരിച്ചുവിടൽ: ‘ടാല്‍റോപ്’ അധികൃതരുമായി അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു, ഉടമയ്ക്ക് അന്ത്യശാസനം

Wait 5 sec.

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട ടാല്‍റോപ് കമ്പനി അധികൃതരുമായി അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന ടാല്‍റോപ് ഉടമയ്ക്ക് ലേബര്‍ കമ്മീഷണറേറ്റ് അന്ത്യശാസനം നൽകി. അടുത്ത ചര്‍ച്ചയില്‍ ഉടമ നേരിട്ട് എത്തിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.പിരിച്ചുവിടപ്പെട്ട ടാല്‍റോപ് കമ്പനി ജീവനക്കാരുടെ പ്രതിനിധികളും കമ്പനി സിഇഒയുമാണ് ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ സ്ഥാപനത്തിന്‍റെ ഉടമ സഫീര്‍ പങ്കെടുക്കാത്തതിനാല്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ പറഞ്ഞു. ഈ മാസം 25നകം വീണ്ടും ചര്‍ച്ച നടത്തും. ഈ യോഗത്തില്‍ നേരിട്ടെത്തണമെന്ന് ലേബര്‍ കമ്മീഷണറേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടിയിലേക്ക് കടക്കുമെന്നും അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ സുനില്‍ വ്യക്തമാക്കി.അതേസമയം ചര്‍ച്ചയില്‍ പൂര്‍ണതൃപ്തിയില്ലെന്ന് ജീവനക്കാർ പ്രതികരിച്ചു. ലഭിക്കാനുള്ള ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും പൂര്‍ണമായും ലഭിക്കണമെന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് ജീവനക്കാര്‍ പറഞ്ഞു. സ്ഥാപനത്തില്‍ തുടരാന്‍ താത്പര്യമില്ലെന്നും ഇവര്‍ വ്യക്തമാക്കി.ALSO READ: ‘ഇന്ദിരാകട്ടി‘ൽ ബോറടിച്ചിരിക്കുന്നവർ ‘നിഴൽ രൂപങ്ങൾ’ ഉണ്ടാക്കി അയക്കൂ, ‘2 പെട്ടി മെഴുകുതിരികൾ’ സമ്മാനം: വേറിട്ട മത്സരവുമായി ഡിവൈഎഫ്ഐ2017ല്‍ ടാൽറോപ് പ്രൈവറ്റ് ലിമിറ്റഡ് എന്ന നിലയിലാണ് എറണാകുളത്ത് കമ്പനി ആരംഭിച്ചത്. ഇവിടെയാണ് 600ല്‍ ഏറെ ജീവനക്കാരെ നിയമിച്ചത്. പിന്നീട് കമ്പനിക്ക് കീഴിൽ 28 സ്റ്റാർട്ടപ്പുകൾ ആരംഭിച്ച് ജീവനക്കാരെ അവിടേക്ക് മാറ്റി. ഇതെല്ലാം നിയമവിരുദ്ധമായ കാര്യങ്ങളാണെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ലേബര്‍ കമ്മീഷണറേറ്റ് പരിശോധിക്കും. ജീവനക്കാര്‍ക്ക് ശമ്പളകുടുശ്ശിക വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി.The post കൂട്ടപിരിച്ചുവിടൽ: ‘ടാല്‍റോപ്’ അധികൃതരുമായി അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു, ഉടമയ്ക്ക് അന്ത്യശാസനം appeared first on Kairali News | Kairali News Live.