പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആക്രമണം കടുപ്പിച്ച് യു എസും ഇറാനും

Wait 5 sec.

വാഷിംഗ്ടണ്‍/ തെഹ്റാന്‍ | പശ്ചിമേഷ്യന്‍ മേഖലയെ വീണ്ടും യുദ്ധഭീതിയിലേക്ക് തള്ളിവിട്ട് യു എസ്- ഇറാന്‍ ആക്രമണ പ്രത്യാക്രമണം രൂക്ഷം. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യു എസ് ആക്രമണം തുടര്‍ന്നു. ഗള്‍ഫ് മേഖലയിലെ യു എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം കടുപ്പിച്ചു.ഇറാനിലെ ഡസനിലധികം സൈനിക കേന്ദ്രങ്ങളില്‍ ഞായറാഴ്ച രാത്രി ആക്രമണം നടത്തിയതായി യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം, തീരദേശ റഡാര്‍ കേന്ദ്രങ്ങള്‍, മിസൈല്‍- ഡ്രോണ്‍ സംവിധാനങ്ങള്‍, ചെറു ബോട്ടുകള്‍ എന്നിവ ലക്ഷ്യമാക്കിയാണ് യുദ്ധവിമാനങ്ങള്‍, വിമാനവാഹിനി കപ്പലുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തിയത്. തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസ്, ഖ്വഷം ദ്വീപ് എന്നിവിടങ്ങളില്‍ സ്ഫോടനമുണ്ടായതായി ഇറാനിലെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെഹര്‍ റിപോര്‍ട്ട് ചെയ്തു. യു എസ് ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ബഹ്റൈനിലെ യു എസ് സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്നും കുവൈത്തിലെ അലി അല്‍ സലീം യു എസ് താവളത്തിലെ ഇന്ധന ടാങ്കുകളും പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനവും നശിപ്പിച്ചുവെന്നും ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് (ഐ ആര്‍ ജി സി) അറിയിച്ചു. ഒമാനിലെ റഡാര്‍ സംവിധാനം, ജോര്‍ദാനിലെ പ്രിന്‍സ് ഹസന്‍ എയര്‍ബേസിലെ ഇന്ധന ടാങ്കുകളും ആയുധസംഭരണ കേന്ദ്രങ്ങളും ആക്രമിച്ചു.‘ഞങ്ങള്‍ അവരെ തകര്‍ക്കുകയാണെ’ന്നാണ് ആക്രമണത്തെ കുറിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. വെടിനിര്‍ത്തല്‍ അവസാനിച്ചതായി കരുതുന്നുവെന്നും ട്രംപ് പറഞ്ഞു. ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ഏക മാര്‍ഗം യു എസ് ഇടപെടല്‍ അവസാനിപ്പിക്കുക എന്നതാണെന്ന് ഇറാന്‍ വ്യക്തമാക്കി.ഹോര്‍മുസില്‍ ഇറാന്‍ അംഗീകരിക്കാത്ത പാതയിലൂടെ കടന്നുപോയ വാണിജ്യ കപ്പലിന് നേരെ ഐ ആര്‍ ജി സി ആക്രമണം നടത്തിയതിന് പിന്നാലെയാണ് മേഖല വീണ്ടും സംഘര്‍ഷഭരിതമായത്.എണ്ണവില കുതിച്ചുസംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നു. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ ബഞ്ച് മാര്‍ക്കായ ബ്രെന്റ്ക്രൂഡ് വില 3.6 ശതമാനം ഉയര്‍ന്ന് ബാരലിന് 78.7 ഡോളറിലെത്തി. യു എസ് ബഞ്ച് മാര്‍ക്കായ ഡബ്ല്യു ടി ഐ ക്രൂഡ് വില 3.5 ശതമാനം വര്‍ധിച്ച് ബാരലിന് 73.92 ഡോളറിലെത്തി.റഷ്യയുടെ ‘ഡൂംസ്ഡേ’ വിമാനം ഇറാനില്‍മോസ്‌കോ | പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അത്യാധുനിക ‘ഡൂംസ്ഡേ’ വിമാനം റഷ്യ ഇറാനിലേക്ക് അയച്ചു. റഷ്യയുടെ പറക്കുന്ന കമാന്‍ഡ് പോസ്റ്റ് ആയി അറിയപ്പെടുന്ന ടുപോളേവ് ടി യു- 214പി യു ആണ് ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ എത്തിയത്. പശ്ചിമേഷ്യയില്‍ ഇരു വിഭാഗവും ആക്രമണം കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ ഇടപെടല്‍. ഇറാന് റഷ്യ പരോക്ഷ പിന്തുണ നല്‍കുന്നുണ്ടെന്ന് യു എസ് നേരത്തേ ആരോപണമുന്നയിച്ചിരുന്നു.Content Highlights:The conflict in the Middle East has intensified as both the US and Iran escalate their military actions. This sudden surge in strikes has heightened regional tensions and sparked global security concerns. The situation remains critical as international observers monitor the escalating geopolitical crisis.