തിരുവനന്തപുരം | കെ എസ് ആര്‍ ടി സി യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിംഗ് ഉപകരണങ്ങളും ഘടിപ്പിക്കാനൊരുങ്ങുന്നു. ‘പ്രിയദര്‍ശിനി’ പദ്ധതി ആരംഭിച്ചതോടെ കെ എസ് ആര്‍ ടി സിയില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ നടപ്പാക്കാനൊരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ 1000 ബസുകളില്‍ പാനിക് ബട്ടണുകളും സാറ്റലൈറ്റ് അധിഷ്ഠിത തത്സമയ ട്രാക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്താനാണ് നീക്കം.അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് കണ്‍ട്രോള്‍ റൂമുമായും സുരക്ഷാ ഏജന്‍സികളുമായും ഉടനടി ബന്ധപ്പെടാന്‍ സഹായിക്കുന്നതാണ് ഈ ‘വെഹിക്കിള്‍ ട്രാക്കിംഗ് ആന്‍ഡ് മോണിറ്ററിംഗ് സിസ്റ്റം’. ഇതിനായി എ ഐ എസ് 140 നിലവാരമുള്ള ട്രാക്കിംഗ് ഉപകരണങ്ങളാണ് സ്ഥാപിക്കുന്നത്.ബസില്‍ സ്ഥാപിക്കുന്ന സാറ്റലൈറ്റ് ട്രാക്കിംഗ് വഴി ഉള്‍നാടന്‍ ഗ്രാമീണ സര്‍വീസുകളില്‍ പോലും ബസിന്റെ കൃത്യമായ സ്ഥാനവും വേഗതയും തത്സമയം നിരീക്ഷിക്കാന്‍ സാധിക്കും. ബസിനുള്ളിലെ തൂണുകളില്‍ രണ്ട് മീറ്റര്‍ ഇടവിട്ടാണ് പാനിക് ബട്ടണുകള്‍ സ്ഥാപിക്കുക. ഡ്രൈവറുടെ സീറ്റിന് സമീപം പ്രത്യേക ജാഗ്രതാ ബട്ടണ്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്ത്രീകള്‍ക്കായി സംവരണം ചെയ്ത ഓരോ സീറ്റിന്റെ നിരയിലും പാനിക് ബട്ടണും സ്ഥാപിക്കും. ഇരുട്ടിലും എളുപ്പത്തില്‍ കണ്ടെത്തുന്നതിനായി ഓരോ ബട്ടണിലും എല്‍ ഇ ഡി ഇന്‍ഡിക്കേറ്റര്‍ നല്‍കും.യാത്രക്കാര്‍ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ‘സുരക്ഷാ മിത്ര’ പോര്‍ട്ടലിലേക്കും കെ എസ് ആര്‍ ടി സിയുടെ ഫ്‌ലീറ്റ് മാനേജ്മെന്റ്‌സിസ്റ്റത്തിലേക്കും ഒരേസമയം അടിയന്തര സന്ദേശമെത്തും. ബസിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാക്കര്‍ വഴി ഓരോ അഞ്ച് സെക്കന്‍ഡിലും ബസിന്റെ വിവരങ്ങള്‍ കണ്‍ട്രോള്‍ സെന്‍ട്രലില്‍ എത്തും. ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് ബസ് എവിടെയാണെന്ന് തത്സമയം അറിയാനാകും. ഒപ്പം ബസിന്റെ വേഗതയും യാത്രാദിശയും നിരീക്ഷിക്കാനും കണ്ടക്ടറുമായി നേരിട്ട് ബന്ധപ്പെടാനും കഴിയും. ഇതിന് പുറമെ അടിയന്തര സാഹചര്യമുണ്ടായാല്‍ സഹായസംഘത്തെയോ പകരം ഗതാഗതസൗകര്യമോ അയക്കാനും സംവിധാനം ഉപയോഗപ്പെടുത്തും.Content Highlights: KSRTC is installing advanced panic buttons and satellite-based live tracking devices across 1,000 buses to ensure passenger safety. The vehicle tracking and monitoring system will send real-time data to control rooms every five seconds. This initiative aims to strengthen security for women travelers.