റായ്‌പൂർ | ഇ20 പെട്രോൾ (E20 Petrol) ഇന്ധനം ഉപയോഗിച്ചതിനെത്തുടർന്ന് വാഹനത്തിലുണ്ടായ തകരാറുകളിൽ ഉപഭോക്താവിന് അനുകൂലമായ വിധി പുറപ്പെടുവിച്ച് റായ്‌പൂരിലെ ഉപഭോക്തൃ കോടതി. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര (Maruti Suzuki Grand Vitara) സ്ട്രോങ്ങ് ഹൈബ്രിഡ് ഉടമയായ ഡോ. പ്രേംരാജ് ദേബ്ത നൽകിയ പരാതിയിലാണ് ഉത്തരവ്.ഇന്ത്യയിലെ ഇ20 പെട്രോൾ ഇന്ധനവുമായി ബന്ധപ്പെട്ട ആദ്യത്തെ ഉപഭോക്തൃ കേസാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹൈ-വാല്യൂ ഓട്ടോമൊബൈൽ (High-value Automobile) വിപണിയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന ഒന്നാണിത്. 2024 ജൂണിൽ വാങ്ങിയ വാഹനം അഞ്ച് മാസത്തിനുള്ളിൽ പലതവണ കേടാവുകയും ഓഫാകുകയും ചെയ്തതോടെയാണ് ഉടമ പരാതിയുമായി മുന്നോട്ട് വന്നത്. വാഹനം 2023 ജനുവരിയിൽ നിർമ്മിച്ചതാണെന്നും പരാതിയിൽ പറയുന്നു.അംഗീകൃത സർവീസ് സെന്ററുകളിൽ പലതവണ വാഹനം പരിശോധിക്കുകയും ഫ്യൂവൽ ടാങ്ക് വൃത്തിയാക്കുകയും ചെയ്തിരുന്നെങ്കിലും തകരാർ വീണ്ടും ആവർത്തിച്ചു. ഒരു സർക്കാർ അംഗീകൃത ലബോറട്ടറിയിൽ ഇന്ധനം പരിശോധിച്ചപ്പോൾ എഥനോൾ (Ethanol) സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ വാഹനം വാങ്ങുന്ന സമയത്ത് ഇത് പൂർണ്ണമായും ഇ20 പെട്രോൾ ഇന്ധനത്തിന് അനുയോജ്യമാണോ എന്നതിനെക്കുറിച്ച് കൃത്യമായ വിവരം നൽകിയില്ലെന്ന് ഉടമ ആരോപിച്ചു.വാഹനം മാറ്റി നൽകുകയോ അല്ലെങ്കിൽ 45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുകയോ വേണമെന്നാണ് കോടതി ഉത്തരവ്. വാഹനം മാറ്റി നൽകിയില്ലെങ്കിൽ ഇൻഷുറൻസ്, ആർ ടി ഒ (RTO) ചാർജുകൾ ഉൾപ്പെടെ 20.50 ലക്ഷം രൂപ ഉടമയ്ക്ക് തിരികെ നൽകണം. ഇതിനു പുറമെ മാനസിക വിഷമത്തിന് 1 ലക്ഷം രൂപയും കോടതി ചെലവുകൾക്കായി 10,000 രൂപയും നൽകണമെന്നും കോടതി നിർദ്ദേശിച്ചു. നിശ്ചിത സമയത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ പലിശയും ബാധകമായിരിക്കും. Content HighlightsSummary: A Raipur consumer court ruled against Maruti Suzuki, ordering a Grand Vitara replacement or full refund after the car developed engine issues linked to E20 petrol usage.