ദുബൈ| എമിറേറ്റിലെ ശൈഖ ലത്വീഫ ബിൻത് ഹംദാൻ റോഡ് ഇടനാഴി വികസന പദ്ധതിക്കായി 200 കോടി ദിർഹത്തിന്റെ കരാർ നൽകിയതായി ആർ ടി എ ചെയർമാൻ മതാർ അൽ തായർ അറിയിച്ചു. 12 കിലോമീറ്റർ നീളത്തിലാണ് റോഡ് വികസിപ്പിക്കുന്നത്. 3,200 മീറ്റർ വിസ്തൃതിയുള്ള 15 പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിർമാണം പദ്ധതിയിൽ ഉൾപ്പെടുന്നു. ദ്രുതഗതിയിലുള്ള നഗര-സാമ്പത്തിക വളർച്ചയ്ക്കൊപ്പം മുന്നേറുന്നതിനും നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമാണ് റോഡ് ശൃംഖല വികസിപ്പിക്കുന്നത്.പ്രധാന റോഡ് ഇടനാഴികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഒരു പ്രധാന ഇടനാഴിയാണ് ലത്വീഫ ബിൻത് ഹംദാൻ ഇടനാഴി. ആഗോള മത്സരക്ഷമത വർധിപ്പിക്കുന്നതിന് നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രധാന വികസന പദ്ധതികളെ ഇത് പിന്തുണക്കും. ശൈഖ് സായിദ് റോഡിനെ അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്്യാൻ സ്ട്രീറ്റ്, എമിറേറ്റ്‌സ് റോഡ് എന്നിവയുമായി ഇത് ബന്ധിപ്പിക്കുന്നുണ്ട്. 6,50,000 ത്തിലധികം ജനസംഖ്യയുള്ള താമസ, വാണിജ്യ മേഖലകൾക്ക് ഈ ഇടനാഴി പ്രയോജനപ്പെടും.ഇടനാഴിയിലൂടെ മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും. ഇരു ദിശകളിലേക്കുമായി പ്രതിദിനം 1,30,000ത്തിലധികം യാത്രകൾ നടക്കും. ഉമ്മുൽ ശീഫ് സ്ട്രീറ്റിനും എമിറേറ്റ്‌സ് റോഡിനും ഇടയിലുള്ള യാത്രാസമയം 33 മിനിറ്റിൽ നിന്ന് 15 മിനിറ്റായി കുറയും. കിഴക്ക്-പടിഞ്ഞാറ് ഇടനാഴികളുടെ ശേഷി 12 ശതമാനം വർധിപ്പിക്കുന്ന പദ്ധതിയാണിത്. 2,300 മീറ്റർ നീളമുള്ള ഏഴ് പാലങ്ങളുടെയും 900 മീറ്റർ നീളമുള്ള എട്ട് തുരങ്കങ്ങളുടെയും നിർമാണം ഇതിന്റെ ഭാഗമായി നടക്കും. അൽ ഖുദ്്റയിൽ നിന്ന് ജുമൈറയിലേക്കുള്ള സൈക്ലിംഗ് റൂട്ടുകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി 12.5 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കുകളും നിർമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.Content Highlights:Dubai RTA has awarded a contract worth 2 billion Dirhams for the development of Sheikha Latifa bint Hamdan Road corridor. The 12-kilometer project includes the construction of 15 bridges and tunnels spanning 3,200 meters. It will reduce travel time from 33 to 15 minutes for over 650,000 residents.