രാജ്യത്ത് നിയന്ത്രണമില്ലാതെ തുടരുന്ന ജനസംഖ്യാ വര്‍ധനവിന് തടയിടാന്‍ പുതിയ തന്ത്രങ്ങളുമായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍. സാമ്പത്തിക മേഖലയ്ക്കും വിഭവ ലഭ്യതയ്ക്കും ഭീഷണിയാകുന്ന ജനപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രൂപീകരിച്ച ഉന്നതതല കമ്മിറ്റിയില്‍ രാജ്യത്തിന്റെ സൈനിക മേധാവി അസിം മുനീറിനെയും ഉള്‍പ്പെടുത്തി.ധനകാര്യം, ആസൂത്രണം, ആരോഗ്യം എന്നീ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന മന്ത്രിമാര്‍ക്കൊപ്പം ജനറല്‍ അസിം മുനീറും ഉള്‍പ്പെടുന്ന ഉന്നതസമിതിയാണ് ജനസംഖ്യാ നയങ്ങള്‍ക്ക് രൂപം നല്‍കുക. കഴിഞ്ഞ ദിവസം ചേര്‍ന്ന രണ്ട് സെനറ്റ് കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് ഫെഡറല്‍ ആരോഗ്യ മന്ത്രി സയ്യിദ് മുസ്തഫ കമാല്‍ ഇക്കാര്യം പുറത്തുവിട്ടത്. ജനസംഖ്യാ പെരുപ്പം ദേശീയ സുരക്ഷയെത്തന്നെ ബാധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ മേഖലയുടെ തലവനെക്കൂടി നയരൂപീകരണ സമിതിയില്‍ പങ്കാളിയാക്കുന്നത്.നിലവില്‍ 24 കോടിയിലധികം ജനസംഖ്യയുമായി ലോകത്ത് അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. പ്രതിവര്‍ഷം 6.7 ദശലക്ഷത്തോളം കുഞ്ഞുങ്ങളാണ് രാജ്യത്ത് ജനിക്കുന്നത്. വളര്‍ച്ചാനിരക്ക് ഇതേപടി തുടര്‍ന്നാല്‍ 2030-ഓടെ ഇന്തൊനീഷ്യയെ പിന്നിലാക്കി പാക്കിസ്ഥാന്‍ നാലാം സ്ഥാനത്തെത്തുമെന്നാണ് മുന്നറിയിപ്പ്. കൃത്യമായ ബോധവല്‍ക്കരണത്തിലൂടെയും കുടുംബസൂത്രണ ഉപാധികളുടെ ലഭ്യത ഉറപ്പാക്കുന്നതിലൂടെയും പ്രതിവര്‍ഷ ജനനനിരക്കില്‍ 1.5 ദശലക്ഷത്തിന്റെ കുറവുവരുത്താനാണ് സമിതിയുടെ പ്രാഥമിക ലക്ഷ്യം.The post അതിവേഗം കുതിക്കുന്ന ജനസംഖ്യയ്ക്ക് കടിഞ്ഞാണിടാന് പാക്കിസ്ഥാന്; ഉന്നതതല സമിതിയില് സൈനിക മേധാവിയും appeared first on ഇവാർത്ത | Evartha.