അടുത്തകാലത്തായി ചെറുപ്പക്കാരിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർധിക്കുന്നത് ആരോഗ്യരംഗത്തെയും പൊതുസമൂഹത്തെയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന വിഷയമാണ്. ഒരുകാലത്ത് പ്രായമായവരിൽ കൂടുതലായി കണ്ടിരുന്ന ഹൃദ്രോഗങ്ങൾ ഇന്ന് 30 – 40 വയസ്സിനിടയിലുള്ളവരിലും വർധിച്ചുവരുന്നു. പലപ്പോഴും ആരോഗ്യവാന്മാരായി തോന്നുന്നവർക്കുപോലും പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുന്ന വാർത്തകൾ നാം കേൾക്കാറുണ്ട്. ഇതിന് പിന്നിൽ ജനിതക ഘടകങ്ങൾ, പുകവലി, ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയ കാരണങ്ങളോടൊപ്പം ഭക്ഷണശീലങ്ങളിലും ജീവിതശൈലിയിലുമുണ്ടായ മാറ്റങ്ങളും പ്രധാന പങ്കുവഹിക്കുന്നു.ഇന്ന് തിരക്കേറിയ ജീവിതത്തിൽ വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങൾക്ക് പകരം ഫാസ്റ്റ് ഫുഡ്, സംസ്‌കരിച്ച ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ, ബേക്കറി ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗം വർധിച്ചിരിക്കുകയാണ്. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുക, വ്യായാമക്കുറവ്, ഗുണമേന്മയുള്ള ഉറക്കത്തിന്റെ അഭാവം, അമിതമായ മാനസിക സമ്മർദം എന്നിവയും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.ഹൃദയാഘാതത്തെക്കുറിച്ച് പറയുമ്പോൾ പലരും കൊളസ്‌ട്രോളിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. എന്നാൽ ഇന്ന് കൂടുതലായി കാണുന്ന മറ്റൊരു പ്രശ്‌നമാണ് ട്രൈഗ്ലിസറൈഡ് (Triglyceride) ഉയരുന്നത്. ശരീരത്തിന് ഊർജം സംഭരിക്കാൻ ആവശ്യമായ ഒരു തരം കൊഴുപ്പാണ് ട്രൈഗ്ലിസറൈഡ്. എന്നാൽ അതിന്റെ അളവ് കൂടുതലാകുമ്പോൾ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ഘടകമായി മാറും. കൂടാതെ ചിലരിൽ വളരെ ഉയർന്ന ട്രൈഗ്ലിസറൈഡ് നില പാൻക്രിയാറ്റൈറ്റിസ് (അഗ്ന്യാശയത്തിലെ വീക്കം) ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കും. ട്രൈഗ്ലിസറൈഡ് ഉയർന്നാലും പലർക്കും ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. അതിനാൽ പതിവ് ആരോഗ്യപരിശോധനകൾ അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ഭക്ഷണത്തിലും ജീവിതശൈലിയിലും ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ വളരെ പ്രധാനമാണ്.അടിത്തറ ഭക്ഷണംഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ മരുന്നുകൾക്ക് മാത്രമല്ല, ദിവസേന കഴിക്കുന്ന ഭക്ഷണത്തിനും വലിയ പങ്കുണ്ട്. ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിലൂടെ ട്രൈഗ്ലിസറൈഡ്, രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, ശരീരഭാരം എന്നിവ നിയന്ത്രിക്കാൻ കഴിയും. ചെറിയ മാറ്റങ്ങൾ പോലും ദീർഘകാലത്തിൽ വലിയ ആരോഗ്യഗുണങ്ങൾ നൽകും.പഞ്ചസാരയുടെ അമിത ഉപയോഗം: മറഞ്ഞിരിക്കുന്ന അപകടംട്രൈഗ്ലിസറൈഡ് ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് അമിതമായി ചേർത്ത പഞ്ചസാരയുടെ ഉപയോഗവും അന്നജം കൂടുതലുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗവും. പ്രത്യേകിച്ച് ശുദ്ധീകരിച്ച അന്നജഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നത് ട്രൈഗ്ലിസറൈഡ് ഉയരാൻ കാരണമാകാം. ചോറ്, ചപ്പാത്തി തുടങ്ങിയ ഭക്ഷണങ്ങൾ സമീകൃത ഭക്ഷണത്തിന്റെ ഭാഗമാണെങ്കിലും അവ അമിതമായ അളവിൽ കഴിക്കുന്നതും ട്രൈഗ്ലിസറൈഡ് ഉയരാൻ ഇടയാക്കാം.ലോകാരോഗ്യ സംഘടന (WHO) ശിപാർശ ചെയ്യുന്നത് ഒരു പ്രായപൂർത്തിയായ വ്യക്തി ദിവസേന 3-4 ടീസ്പൂൺ പഞ്ചസാര കൂടുതൽ ഉപയോഗിക്കരുത് എന്നതാണ്. എന്നാൽ പലരും അറിയാതെയാണ് ഈ പരിധി ദിവസേന മറികടക്കുന്നത്.അമിതമായ പഞ്ചസാരയുടെ ഉപയോഗം ട്രൈഗ്ലിസറൈഡ് ഉയരുന്നതിനൊപ്പം ശരീരഭാരം കൂടാനും, ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകാനും, പ്രമേഹത്തിനും ഫാറ്റി ലിവറിനും കാരണമാകാം.എന്ത് ചെയ്യാം?ശീതളപാനീയങ്ങൾക്കു പകരം വെള്ളം, കുറഞ്ഞ കലോറിയുള്ള ഉപ്പും നാരങ്ങാനീരും ചേർത്ത പാനീയം, ഇളനീർ, പച്ചക്കറി ജ്യൂസുകൾ എന്നിവ തിരഞ്ഞെടുക്കുക. പാക്കറ്റ് ജ്യൂസുകൾക്ക് പകരം പഴങ്ങൾ കഴിക്കുക. ചായ, കാപ്പി എന്നിവയിൽ പഞ്ചസാരയുടെ അളവ് ക്രമേണ കുറയ്ക്കുക. മധുര പലഹാരങ്ങൾ പ്രത്യേക അവസരങ്ങളിൽ മാത്രം പരിമിതപ്പെടുത്തുക. ഭക്ഷണത്തിന്റെ ലേബൽ വായിച്ച് “Added Sugar’ ഉള്ള ഉത്പന്നങ്ങൾ കുറയ്ക്കുക.സംസ്‌കരിച്ച ഭക്ഷണങ്ങൾ സൗകര്യമോ, ആരോഗ്യപ്രശ്‌നമോ?ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ സംസ്‌കരിച്ച ഭക്ഷണങ്ങൾ യുവാക്കളുടെ ഭക്ഷണത്തിൽ വലിയ സ്ഥാനം പിടിച്ചിരിക്കുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നത് ഭക്ഷണം കൂടുതൽ കാലം സൂക്ഷിക്കുന്നതിനോ രുചി മെച്ചപ്പെടുത്തുന്നതിനോ വേണ്ടി ചില മാറ്റങ്ങൾ വരുത്തിയ ഭക്ഷണങ്ങളാണ്. ഉദാഹരണത്തിന് ടിന്നിലടച്ച ഭക്ഷണങ്ങൾ, പാക്കറ്റ് ബ്രെഡ്, ചില റെഡി – ടു – കുക്ക് ഉത്പന്നങ്ങൾ.അമിതമായി സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നത് പലതരം ചേരുവകളും കൃത്രിമ നിറങ്ങളും രുചിവർധകങ്ങളും പ്രിസർവേറ്റീവുകളും ചേർത്ത് വ്യാവസായികമായി നിർമിക്കുന്ന ഭക്ഷണങ്ങളാണ്. ചിപ്‌സ്, ഇൻസ്റ്റന്റ്നൂഡിൽസ്, ബിസ്‌കറ്റുകൾ, കേക്കുകൾ, ശീതളപാനീയങ്ങൾ, പാക്കറ്റ് സ്‌നാക്കുകൾ, പ്രോസസ്ഡ് മീറ്റ് തുടങ്ങിയവ ഇതിൽപ്പെടുന്നു. ഇവയിൽ സാധാരണയായി അമിതമായ ഉപ്പ്, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കും. കൂടാതെ ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ കുറവായിരിക്കും.അമിത ഉപയോഗം ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ1.ട്രൈഗ്ലിസറൈഡ് ഉയരുക2. ശരീരഭാരം വർധിക്കുക.3. ഉയർന്ന രക്തസമ്മർദം4. പ്രമേഹ സാധ്യത വർധിക്കുക5. ഹൃദ്രോഗ സാധ്യത വർധിക്കുകആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾവീട്ടിൽ തയ്യാറാക്കിയ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുക.പാക്കറ്റ് സ്‌നാക്കുകൾക്ക് പകരം പഴങ്ങൾ, നട്ട്സ്, വേവിച്ച കടല, പയർവർഗങ്ങൾ എന്നിവ തിരഞ്ഞെടുക്കുക.ആഴ്ചയിൽ എത്ര തവണ ഓൺലൈൻ ഭക്ഷണം ഓർഡർ ചെയ്യുന്നു എന്ന് വിലയിരുത്തി അത് കുറയ്ക്കാൻ ശ്രമിക്കുക.(തുടരും)Content Highlights:The rising incidence of heart attacks among young individuals aged 30 to 40 has become a major public health concern. While high cholesterol is widely discussed, elevated triglyceride levels caused by excessive sugar and processed food intake also significantly increase heart disease risks. Making mindful dietary choices and incorporating physical activity can effectively safeguard cardiovascular health.