സ്വർഗപഥത്തിലെ ബാരിക്കേഡ്

Wait 5 sec.

ഞങ്ങള്‍ നബി(സ)യുടെ കൂടെ ഇരിക്കുന്ന സന്ദർഭം. അവിടുന്ന് ആകാശത്തേക്ക് തലയുയര്‍ത്തി കൈ നെറ്റിയില്‍ വെച്ച് ഇപ്രകാരം പറഞ്ഞു: ‘അല്ലാഹു എത്ര പരിശുദ്ധന്‍, എത്ര ഗൗരവമുള്ള കാര്യമാണീ ഇറക്കപ്പെട്ടത്!’ മുഹമ്മദ്ബ്‌നു ജഹ്ശ്(റ) തുടരുകയാണ് ‘ഞങ്ങള്‍ അപ്പോള്‍ അതേക്കുറിച്ചാരാഞ്ഞില്ല. പിറ്റേന്ന് ഞാനത് ചോദിച്ചു: ‘റസൂലേ, എന്താണ് അങ്ങ് പറഞ്ഞ ആ കനത്ത താക്കീത്?’ തിരുദൂതർ സംസാരിച്ചു: ‘എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, ഏതെങ്കിലുമൊരാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയും വീണ്ടും ജീവിക്കുകയും വീണ്ടും കൊല്ലപ്പെടുകയും വീണ്ടും ജീവിക്കുകയും വീണ്ടും കൊല്ലപ്പെടുകയും പിന്നീട് അയാള്‍ കടമുള്ളവനായിരിക്കെ കൊല്ലപ്പെടുകയും ചെയ്താല്‍ അയാളില്‍ നിന്ന് ആ കടം വീട്ടപ്പെടാതെ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല’ (നസാഈ: 4684)രക്തസാക്ഷിത്വത്തിന്റെ പരമ്പര തന്നെ ഉണ്ടായെങ്കിൽ പോലും വീട്ടാതെ കിടക്കുന്ന കടം സ്വർഗപ്രവേശത്തിന് തടസ്സമാകുമെന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. ഏറെ ഗൗരവതരമായ കാര്യമാണ് കടം. സാമ്പത്തിക ക്ലേശങ്ങളുടെ സന്ദർഭങ്ങളിൽ കടം വാങ്ങുകയെന്നത് അനുവദനീയമാണ്. പലിശയുടെ നേരിയ കലർപ്പുള്ള ഇടപാടാണെങ്കിൽ ആ കടം നിഷിദ്ധമാണ്. പലിശ ചേർന്ന സാമ്പത്തിക ഇടപാടുകൾ ഇരുലോകത്തും വലിയ നഷ്ടമാണ് വരുത്തിവെക്കുക. അതേക്കുറിച്ച് വിശദമായി മറ്റൊരിക്കൽ സംസാരിക്കാം. പ്രയാസഘട്ടങ്ങളിൽ മറ്റുള്ളവരെ കടം കൊടുത്ത് സഹായിക്കുകയെന്നത് സത്കർമമാണ്. സ്വദഖയുടെ പ്രതിഫലമതിനുണ്ട്.പക്ഷേ, അത് കൈപ്പറ്റുന്നവന്റെ ഉത്തരവാദിത്വം ഗൗരവമേറിയതാണ്. കടത്തെ ലാഘവത്തോടെ സമീപിച്ചു പോകരുത്. നിശ്ചയിച്ച സമയത്ത് തിരിച്ചുകൊടുക്കാതിരിക്കുകയെന്നത് വാഗ്ദത്ത ലംഘനവും വഞ്ചനയുമാണ്. നബി (സ)നിസ്കാരത്തില്‍ ഇപ്രകാരം പ്രാർഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ! പാപത്തെ തൊട്ടും കടത്തെ തൊട്ടും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. അതേ കുറിച്ച് ഒരാള്‍ ചോദിച്ചു: പ്രവാചകരേ! താങ്കള്‍ കടത്തില്‍ നിന്ന് രക്ഷ തേടുന്നതിനെ വർധിപ്പിക്കുന്നുവല്ലോ?! അപ്പോള്‍ നബി (സ) പറഞ്ഞു: ‘ഒരാൾ കടബാധിതനായാൽ (കൂടുതൽ) സംസാരിക്കും, കളവ് പറയും, വാഗ്ദത്തം ലംഘിക്കും.’ (ബുഖാരി) അതേ സമയം കടം നൽകിയവന്റെ തൃപ്‌തിയോടെ സമയം നീട്ടുന്നതിൽ വിരോധമില്ല. സമയം നീട്ടി നൽകുന്നവന് മറ്റൊരു സ്വദഖ നിർവഹിച്ചതിന്റെ പ്രതിഫലവുമുണ്ട്. ഗതികേടുകൊണ്ട് കടം വാങ്ങേണ്ടി വന്ന് പ്രയാസപ്പെടുന്നവരെ അത്തരം കയങ്ങളിൽ നിന്ന് രക്ഷപ്പെടുത്താനാവശ്യമായത് ചെയ്തുകൊടുക്കുകയെന്നത് നല്ല മനുഷ്യരുടെ ബാധ്യതയാണ്. സകാത്തിന്റെ അവകാശികളിൽ കടക്കാർക്ക് പങ്ക് കൊടുത്ത ഇസ്‌ലാം പ്രയാസപ്പെടുന്നവർക്ക് മുന്നിൽ തുറവിയുടെ കവാടമാണ് നിർമ്മിച്ചത്.കൂട്ടുകാരേ… ഉപഭോഗ സംസ്‌കാരം ഏറിയ മനുഷ്യർക്കിടയിലാണല്ലോ നമ്മൾ കഴിയുന്നത്. അത്യാവശ്യങ്ങൾ എന്നതിനു പകരം ആവശ്യത്തിനും അതിലേറെയും ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടാനുള്ള ത്വര മനസ്സുകളെ കീഴടക്കിയിട്ടുണ്ട്. തന്നെക്കാൾ സാമ്പത്തിക നിലവാരമുള്ളവരിലേക്ക് മത്സരിച്ചെത്താൻ ഏത് മാർഗവും സ്വീകരിക്കുന്ന പ്രവണതയാണ് ഏറെക്കുറേയും കടക്കെണി (Debt Trap) യായി രൂപപ്പെടുന്നത്. അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ദുര്‍വിനിയോഗത്തിന് ഏതൊരുവന്‍ കടം വാങ്ങുന്നുവോ അവനെ അല്ലാഹു നാശത്തിലേക്ക് ആനയിക്കും. (ഇബ്നുമാജ) അനുവദനീയമല്ലെന്നറിഞ്ഞിട്ടും തിരിച്ചടക്കാൻ പ്രയാസപ്പെടുന്ന അനേകരുടെ അനുഭവമുണ്ടായിട്ടും ലോണുകളെടുക്കുന്ന ശീലവും വർധിച്ച് വരുന്നു. ഒരു ലോണിന്റെ ബാധ്യത തീർക്കാൻ മറ്റൊരു ലോൺ അത് തീർക്കാൻ മറ്റൊന്ന് എന്ന വിധം ബാധ്യതകളുടെ ചങ്ങലക്കുരുക്കുകൾ മനുഷ്യർ മുറുക്കിക്കൊണ്ടിരിക്കുന്നു. സമ്പാദിക്കുന്നതെല്ലാം ബാധ്യതകൾ തീർക്കാൻ വിനിയോഗിക്കേണ്ടി വരുകയും ജീവിതം വഴിമുട്ടുകയും ചെയ്ത എത്രയനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്.അവസാനം അവിവേകത്തോടെ ജീവനൊടുക്കിയവരും ഏറെയുണ്ട്. അങ്ങനെ ചെയ്താൽ ആ ബാധ്യത നമ്മുടെ തലയിൽ നിന്നൊഴിയുമോ..?! ഇല്ല, ജീവനൊടുക്കിയതിന്റെ അധിക നഷ്‌ടം കൂടി സഹിക്കേണ്ടി വരും എന്നതാണ് വസ്തുത.ഇബ്നു ഉമർ (റ) രേഖപ്പെടുത്തുന്നു : നബി (സ)പറഞ്ഞു: ആരെങ്കിലും വല്ല ദീനാറോ ദിർഹമോ ബാധ്യതയാക്കി മരണപ്പെട്ടാല്‍ (ശേഷം ആരും അത് വീട്ടിയിട്ടില്ലെങ്കില്‍) അവന്റെ നന്മകളില്‍ നിന്നും അത് വീട്ടപ്പെടുന്നതാണ്. കാരണം, അവിടെ ദീനാറോ ദിർഹമോ പരിഗണിക്കുകയില്ല. (ഇബ്നുമാജ) നന്മകളെല്ലാം പൊളിച്ചു കളയുന്ന ആത്മഹത്യ കൂടി ആയാൽ അങ്ങനെയുള്ളവരുടെ ദുരവസ്ഥ ദയനീയമായിരിക്കും. അല്ലാഹു കാക്കട്ടെ.നിങ്ങൾ കേൾക്കുന്നില്ലേ? “നിങ്ങൾ നിങ്ങളെക്കാൾ താഴെയുള്ളവരിലേക്ക് (സമ്പത്തിലും ജീവിത സൗകര്യങ്ങളിലും) നോക്കുക. നിങ്ങളെക്കാൾ മുകളിലുള്ളവരിലേക്ക് നോക്കരുത്. അല്ലാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കാൻ ഇതേറെ സഹായിക്കും.’ (സ്വഹീഹ് മുസ്്്ലിം) എന്നതാണ് മനുഷ്യരോടുള്ള ഇസ്്ലാമിക നിർദേശം. മുകളിലുള്ളവരിലേക്കുള്ള നോട്ടം മാനസിക സമ്മർദങ്ങളെയും അസൂയയെയും കടക്കെണികളെയും അക്രമങ്ങളെയുമാണ് വരുത്തിത്തീർക്കുക. മിതമായ വിഭവങ്ങൾ കൊണ്ട് ജീവിച്ചു പഠിക്കണമെന്നതാണ് റസൂലിന്റെ പാഠം. ഇല്ലാത്തതിലുള്ള പരിഭവങ്ങൾക്കു പകരം ഉള്ളതിലുള്ള നന്ദി ബോധത്തെയാണ് നമ്മൾ ഫുൾടൈം ഓൺ ചെയ്തു വെക്കേണ്ടത്. കുത്തഴിഞ്ഞ സാമ്പത്തിക വിനിമയങ്ങളും ഉപഭോഗവും നല്ല നിക്ഷേപങ്ങൾക്കുള്ള അവസരമാണ് ഇല്ലാതാക്കുന്നത്. അപ്രതീക്ഷിതമായി വരുന്ന ചെലവുകളെ (Emergency Fund) നേരിടാൻ കഴിയാതെ കുഴഞ്ഞു പോകുന്നതപ്പോഴാണ്.കടം വാങ്ങുമ്പോഴും കൊടുത്ത് വീട്ടാനുള്ള വഴി നമുക്ക് മുന്നിലുണ്ടാകണം. ഒരു ആലോചനയുമില്ലാതെ തിരിച്ചുകൊടുക്കുമെന്ന ഉറപ്പില്ലാതെ കടം വാങ്ങുന്നത് ഒട്ടും ശരിയല്ല. കടം വീട്ടാനുള്ള വഴികൾ തേടുന്നതോടൊപ്പം അതിനായി പ്രാർഥിക്കണം. തിരുദൂതർ (സ) പറഞ്ഞു: കൊടുത്തു വീട്ടണമെന്നുദ്ദേശിച്ചു കൊണ്ട് ജനങ്ങളോട് വല്ലവനും ധനം കടം വാങ്ങിയാല്‍ അവനുവേണ്ടി അല്ലാഹു അവനെ സഹായിക്കും. വീട്ടണമെന്ന ഉദ്ദേശ്യമില്ലാതെ വല്ലവനും കടം വാങ്ങിയാല്‍ അല്ലാഹു അവനെ നശിപ്പിച്ചു കളയും. (ബുഖാരി)വീട്ടാനുള്ള അവസരങ്ങളുണ്ടായിട്ടും അത് നിർവഹിക്കാതിരിക്കുന്ന ചിലരുണ്ട്. വലിയ അക്രമമാണത്. ഉപകാരം ചെയ്തവർക്ക് ഉപദ്രവം തിരിച്ചുനൽകുന്ന ഈ പ്രവണത നല്ല മനുഷ്യരുടെ ശീലമല്ല. കടം വീട്ടാൻ കഴിവുള്ളവൻ അതിനെ വൈകിപ്പിക്കുന്നത് അക്രമമാണെന്ന് റസൂൽ (സ) പഠിപ്പിച്ചിട്ടുമുണ്ട് (ബുഖാരി). കൂട്ടരേ, നമ്മുടെ മരണം എപ്പോഴാണെന്ന് നമുക്ക് നിശ്ചയമില്ലല്ലോ. ബാക്കിയാവുന്ന നമ്മുടെ കടം മറ്റുള്ളവർ വീട്ടുമെന്ന് നമുക്കെന്തുറപ്പുണ്ട്. ബാധ്യതകളോരോന്നും സമയാ സമയം ചെയ്തുതീർക്കാൻ നമുക്ക് സാധിക്കണം. താങ്ങാത്ത ഭാരങ്ങൾ നമ്മൾ സ്വയം വരുത്തിവെക്കരുത്. ചെലവഴിക്കുന്നതിൽ സാമ്പത്തിക പക്വത കൈവരിച്ചാൽ കുറേയേറെ കടങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാനാകും. നിർമാണങ്ങളിലും ഉപഭോഗങ്ങളിലും ആഘോഷങ്ങളിലും നമ്മുടെ സാമ്പത്തിക സ്ഥിതിയെ മുൻനിർത്തി ചെലവ് ക്രമീകരിക്കണം. ആരെങ്കിലും ചെയ്ത് കൂട്ടുന്നതല്ല നമ്മുടെ മാതൃകയാവേണ്ടത്. സ്വർഗ വഴിയിലെ ബാരിക്കേഡുകൾ എടുത്ത് മാറ്റാൻ നമുക്കാകണം. റസൂൽ (സ) പറഞ്ഞില്ലേ ?“ആരെങ്കിലും അഹങ്കാരത്തില്‍ നിന്നും വഞ്ചനയില്‍ നിന്നും കടത്തില്‍ നിന്നും ഒഴിവായിരിക്കെ മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചിരിക്കുന്നു. (തിര്‍മുദി). അല്ലാഹു നമ്മെ ആ കൂട്ടരിൽ പെടുത്തട്ടെ.Content Highlights:The report highlights the severe warnings in Islam regarding outstanding debts, which can obstruct a person from entering Paradise even if they achieve martyrdom. It emphasizes the importance of content life, avoiding unnecessary loans, and maintaining honesty in financial dealings. Adhering to Islamic financial ethics helps individuals escape devastating debt traps.