ദുബൈ പബ്ലിക് ബസ് റൂട്ടുകളില്‍ വ്യാപക പരിഷ്‌കരണം

Wait 5 sec.

ദുബൈ | പൊതു ബസ് റൂട്ടുകളില്‍ വ്യാപകമായ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു. പൊതുഗതാഗത ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നാല് പുതിയ ബസ് റൂട്ടുകള്‍ ആരംഭിക്കുകയും നിലവിലുള്ള 13 റൂട്ടുകള്‍ നവീകരിക്കുകയും ചെയ്യും. ഈ മാസം 17 മുതല്‍ ഇത് പ്രാബല്യത്തിലാകും.ഇന്റര്‍നാഷണല്‍ സിറ്റിയെ ദുബൈ സിലിക്കണ്‍ ഒയാസിസുമായി ബന്ധിപ്പിക്കുന്ന റൂട്ട് 35 ആണ് പുതുതായി തുടങ്ങുന്ന ഒന്ന്. തിരക്കുള്ള സമയങ്ങളില്‍ 30 മിനുട്ട് ഇടവിട്ട് സര്‍വീസ് ലഭ്യമാകും. അല്‍ ഖൂസിനെ (അല്‍ ഖൈല്‍ ഗേറ്റ്) ദുബൈ ഇന്റര്‍നെറ്റ് സിറ്റി മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന റൂട്ട് 85 തിരക്കുള്ള സമയങ്ങളില്‍ 20 മിനുട്ട് ഇടവേളകളില്‍ പ്രവര്‍ത്തിക്കും. ഇന്റര്‍നാഷണല്‍ സിറ്റിക്കും ദുബൈ സിലിക്കണ്‍ ഒയാസിസ് തടാകത്തിനും ഇടയില്‍ 37 എ സര്‍വീസ് നടത്തും. തിരക്കുള്ള സമയങ്ങളില്‍ 30 മിനുട്ടായിരിക്കും യാത്രാ സമയം. ദുബൈ സിലിക്കണ്‍ ഒയാസിസ് തടാകത്തിനും ഇന്റര്‍നാഷണല്‍ സിറ്റിക്കും ഇടയില്‍ എതിര്‍ദിശയില്‍ സര്‍വീസ് നടത്തുന്ന റൂട്ട് 37 ബി തിരക്കുള്ള സമയങ്ങളില്‍ 30 മിനിറ്റ് ഇടവിട്ടാണ് സര്‍വീസ് നടത്തുക.നിലവിലുള്ള നിരവധി ബസ് റൂട്ടുകളിലും ആര്‍ ടി എ വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്. റൂട്ട് 27 ഇനി മുതല്‍ അല്‍ സുകൂക്ക് സ്ട്രീറ്റിന് പകരം അല്‍ മുസ്തക്ബാല്‍ സ്ട്രീറ്റ് വഴി തിരിച്ചുവിടും. ഈ മാറ്റം ബാധിക്കുന്ന യാത്രക്കാര്‍ക്ക് ബദലായി റൂട്ട് 29 ഉപയോഗിക്കാവുന്നതാണ്. ഇന്റര്‍നാഷണല്‍ സിറ്റിക്കും ദുബൈ സിലിക്കണ്‍ ഒയാസിസിനും ഇടയിലുള്ള റൂട്ടുകളുടെ ഭാഗങ്ങള്‍ നിര്‍ത്തലാക്കുന്നതിനാല്‍ റൂട്ട് 36 എ, 36 ബി എന്നിവയിലും മാറ്റങ്ങളുണ്ടാകും. അക്കാദമിക് സിറ്റിയിലേക്കും ദുബൈ സിലിക്കണ്‍ ഒയാസിസിലേക്കുമുള്ള യാത്രക്കാര്‍ക്ക് പുതിയ റൂട്ടുകളായ 37 എ, 37 ബി എന്നിവ പ്രയോജനപ്പെടുത്താം.അല്‍ ഗുബൈബ ബസ് സ്റ്റേഷനെ ഊദ് മേത്ത ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന് റൂട്ട് 67 വഴിതിരിച്ചുവിടും. ഈ റൂട്ടിലെ യാത്രക്കാര്‍ക്ക് ബര്‍ ദുബൈ ഭാഗങ്ങളിലേക്ക് എത്തുന്നതിനായി ദുബൈ മെട്രോ ഗ്രീന്‍ ലൈന്‍ ഉപയോഗിക്കാം. മാള്‍ ഓഫ് ദി എമിറേറ്റ്‌സിന് പകരം ഇന്‍ഷ്വറന്‍സ് മാര്‍ക്കറ്റ് ബസ് സ്റ്റോപ്പില്‍ (സൗത്ത് സൈഡ്) അവസാനിപ്പിക്കുന്ന തരത്തിലാണ് റൂട്ട് 84 പരിഷ്‌കരിച്ചിരിക്കുന്നത്. ദുബൈ മറീനക്കും അല്‍ ഖൂസിനും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ റൂട്ട് 85 ഉം, ദുബൈ ഇന്റര്‍നെറ്റ് സിറ്റിയിലേക്ക് പോകുന്നവര്‍ക്ക് റൂട്ട് 8 ഉം ഉപയോഗിക്കാം.അല്‍ ഖൂസിലേക്കുള്ള 96, എക്സ് 94 റൂട്ടുകള്‍ എക്സ്പോ റോഡിന് പകരം അല്‍ യലായിസ് സ്ട്രീറ്റ്/ജബല്‍ അലി വഴി തിരിച്ചുവിടും. ഡാന്യൂബ് മെട്രോ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന റൂട്ട് എഫ് 49 ഇനി മുതല്‍ പാര്‍ക്കോ ഹൈപ്പര്‍മാര്‍ക്കറ്റ് ഏരിയയിലേക്ക് സര്‍വീസ് നടത്തില്ല. യാത്രക്കാര്‍ക്ക് ഈ പ്രദേശത്ത് എത്താന്‍ റൂട്ട് 56, 95 എ, എഫ് 47, എഫ് 53 എന്നിവയുള്‍പ്പെടെ നിരവധി ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ, റൂട്ട് സി 01 ഫ്‌ളെയിം ഇന്റര്‍സെക്ഷന്‍ 2 നും ഡിനാറ്റ 2നും ഇടയില്‍ വഴി തിരിച്ചുവിടുമെന്നും ആര്‍ ടി എ വ്യക്തമാക്കി.Content Highlights:Dubai Roads and Transport Authority announced the launch of four new public bus routes starting July 17. The new network updates include Route 35, Route 85, Route 37A, and Route 37B to enhance passenger travel. Several existing internal lines and metro link services will also be modified for efficiency.