തിരുവനന്തപുരം| കാപ്പ കേസില്‍ തടവിലുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതൻ വിയ്യൂര്‍ ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ്. മേയര്‍ വി വി രാജേഷാണ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തത്.സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ നടന്നത്. ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു സത്യപ്രതിജ്ഞ.നേരത്തെ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ തുടര്‍ന്ന് അത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയ ഹൈക്കോടതി സുഗതന്‍ ഉള്‍പ്പെടെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയിരുന്നു. ഇതോടെയാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ട സാഹചര്യം ഉണ്ടായത്.വിവിധ കേസുകളുമായി ബന്ധപ്പെട്ട് സുഗതനെതിരെ കാപ്പ ചുമത്തപ്പെട്ടതിനാല്‍ അദ്ദേഹം നിലവില്‍ ജയിലിലാണ്. സുഗതന് ജയില്‍ സത്യപ്രതിജ്ഞ ചെയ്യാനാകുമോ എന്ന് സര്‍ക്കാറിനോട് കഴിഞ്ഞ ദിവസം കോടതി ആരാഞ്ഞിരുന്നു. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കാപ്പാ തടവില്‍ നിന്ന് താല്‍ക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്റെ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. എന്നാല്‍ കാപ്പ തടവില്‍ നിന്ന് സുഗതനെ മോചിപ്പിക്കാന്‍ നിയമപരമായി കഴിയില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജയിലില്‍ തന്നെ സത്യപ്രതിജ്ഞ നടത്താന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.വാര്‍ഡ് 20-ലെ കൗണ്‍സിലറായ സുഗതന് നേരത്തെ നെടുമങ്ങാട് കോടതി രണ്ട് കേസുകളില്‍ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും കാപ്പ കേസില്‍ നിന്ന് മോചിതനായാല്‍ മാത്രമേ അത് പ്രാബല്യത്തില്‍ വരൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ 9 മുതല്‍ കാപ്പ നിയമപ്രകാരം തടവില്‍ കഴിയുന്ന സുഗതന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.Content Highlights:BJP councillor R Sugathan took his oath of office at Viyyur Central Jail after the Kerala High Court granted permission. Thiruvananthapuram Mayor administered the oath in the presence of the jail superintendent. This marks the first time a councillor has been sworn into office from prison in Kerala.