വര്‍ക്കല ക്ലിഫില്‍ 19കാരനായ വിനോദസഞ്ചാരിക്ക് കുത്തേറ്റു; പ്രതികളെ പിടികൂടി ടൂറിസം പോലീസ്

Wait 5 sec.

തിരുവനന്തപുരം| വര്‍ക്കല ക്ലിഫില്‍ 19കാരനായ വിനോദസഞ്ചാരിക്ക് കുത്തേറ്റു. തഞ്ചാവൂര്‍ താമരംകോട്ടൈ സ്വദേശി സുദര്‍ശനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വര്‍ക്കല ഓടയം സ്വദേശികളായ മുഹമ്മദ് അലി, അനന്തന്‍, ജെറിന്‍ എന്നിവരെ ടൂറിസം പോലീസ് പിടികൂടി.ഇന്നലെ രാത്രി 10.40ഓടെ വര്‍ക്കല ഹെലിപ്പാഡ് ക്ലിഫ് മേഖലയിലായിരുന്നു സംഭവം. തഞ്ചാവൂര്‍ സ്വദേശികളായ സുദര്‍ശന്‍ (19), സതീഷ് (17), കുമുദന്‍ (19) എന്നിവര്‍ ഹെലിപ്പാഡ് ഭാഗത്തുനിന്ന് ക്ലിഫിലൂടെ നടന്നു പോകുന്നതിനിടെ പ്രതികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായാണ് പോലീസ് പറയുന്നത്. തര്‍ക്കം രൂക്ഷമായതോടെ തമിഴ്നാട് സ്വദേശികളെ പ്രതികള്‍ മര്‍ദിച്ചു.ഒന്നാം പ്രതിയായ മുഹമ്മദ് അലി സുദര്‍ശനെ കമ്പിവേലിയില്‍ ചാരിനിര്‍ത്തി മര്‍ദിച്ച് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വയറ്റില്‍ വലതുഭാഗത്തും മുതുകിലും തോളിലും ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന് പോലീസ് പറയുന്നു.ഗുരുതരമായി പരുക്കേറ്റ സുദര്‍ശനെ ഉടന്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവില്‍ സുദര്‍ശന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ തമിഴ്‌നാട് തഞ്ചാവൂരില്‍ നിന്നും വര്‍ക്കലയില്‍ വിനോദസഞ്ചാരത്തിനെത്തിയ 14 അംഗ സംഘത്തോടൊപ്പം എത്തിയതായിരുന്നു ആക്രമണത്തിനിരയായ യുവാക്കള്‍.ആക്രമണത്തിനു ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഒന്നര കിലോമീറ്ററോളം പിന്തുടര്‍ന്നാണ് ടൂറിസം പോലീസ് പിടികൂടിയത്. പ്രതികളായ മുഹമ്മദ് അലി, അനന്തന്‍, ജെറിന്‍ എന്നിവരെ വര്‍ക്കല പോലീസിന് കൈമാറി. സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് വര്‍ക്കല പോലീസ് അറിയിച്ചു.Content Highlights:A nineteen-year-old tourist from Tamil Nadu was stabbed and seriously injured during an altercation at Varkala Cliff. The tourism police chased and apprehended three local youths involved in the attack. The injured youth is currently undergoing treatment in the ICU at Trivandrum Medical College.