18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബറിൽ

Wait 5 sec.

ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേഖലകളിലെ മികച്ച സൃഷ്ടികളെ ആഗോള പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്ന കേരളത്തിന്റെ അഭിമാന ചലച്ചിത്രവേദിയായ 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (IDSFFK) ഒക്ടോബർ 2 മുതൽ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി മേള സംഘടിപ്പിക്കുമെന്നും ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ടൂറിസം, സാംസ്‌കാരിക, സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങൾക്കായി ഇന്ത്യയിൽ ഒരു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരേയൊരു രാജ്യാന്തര ചലച്ചിത്രമേള എന്ന സവിശേഷത ഐഡിഎസ്എഫ്എഫ്‌കെയ്ക്കുണ്ട്. പുതുമയാർന്ന ചലച്ചിത്രഭാഷകൾക്കും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകൾക്കും നവതലമുറ ചലച്ചിത്ര പ്രവർത്തകർക്കും അന്താരാഷ്ട്ര വേദിയൊരുക്കുന്നതിൽ ഈ മേള ശ്രദ്ധേയമായ പങ്കാണ് വഹിച്ചുവരുന്നത്.ഇതിനുപുറമെ, ഐഡിഎസ്എഫ്എഫ്‌കെയുടെ ഏറ്റവും വലിയ അന്താരാഷ്ട അംഗീകാരങ്ങളിലൊന്നാണ്  ഓസ്‌കാർ ക്വാളിഫയിങ് ഫെസ്റ്റിവൽ എന്ന പദവി. ഈ മേളയിൽ പുരസ്‌കാരം നേടുന്ന ഡോക്യുമെന്ററി ചിത്രങ്ങൾക്ക് അക്കാദമി അവാർഡുകളുടെ (ഓസ്‌കാർ) മത്സരത്തിലേക്ക് നേരിട്ട് പരിഗണിക്കപ്പെടാനുള്ള അർഹത ലഭിക്കുന്നതിനാൽ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരുടെ ശ്രദ്ധ ആകർഷിക്കുന്ന വേദിയായി ഐഡിഎസ്എഫ്എഫ്‌കെ മാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.ഇത്തവണത്തെ മേളയിലേക്ക് 1,741 എൻട്രികൾ ഇതിനകം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും  വിദേശരാജ്യങ്ങളിലും നിന്നുള്ള ഈ എൻട്രികളിൽ നിന്ന് മത്സരവിഭാഗം, മത്സരേതര വിഭാഗം, മലയാളം മത്സരേതര വിഭാഗം എന്നിവയിലേക്കുള്ള മികച്ച ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.സിനിമകളുടെ മൂല്യനിർണയത്തിനും തിരഞ്ഞെടുപ്പിനുമായി ലോംഗ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, അനിമേഷൻ, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിംസ് (ഇന്റർനാഷണൽ) എന്നീ വിഭാഗങ്ങളിലായി പ്രത്യേക സെലക്ഷൻ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സുതാര്യവും അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതുമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ മികച്ച സൃഷ്ടികളെയാണ് മേളയിലേക്ക് തിരഞ്ഞെടുക്കുക.മേള വിജയകരമായി സംഘടിപ്പിക്കുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്നും ഇതിനായി വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളും ഏകോപന യോഗങ്ങളും ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.