ഇന്ത്യയുടെ ബഹിരാകാശ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദിയിടുന്നതാണ് സ്‌കൈറൂട്ട് എയ്റോസ്പേസ് നിര്‍മിച്ച രാജ്യത്തെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റായ “വിക്രം-1’ന്റെ വിക്ഷേപണ വിജയം. ഐ എസ് ആര്‍ ഒയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് സമാന്തരമായി സ്വകാര്യ പങ്കാളിത്തത്തില്‍ ഗവേഷണങ്ങളും മുതല്‍മുടക്കുകളും നടക്കുന്നത് വലിയ മുന്നേറ്റമാകും ഉണ്ടാക്കുക. പരസ്പരപൂരകമായി മുന്നോട്ടുപോകേണ്ട ഗവേഷണധാരകളായി വേണം ഐ എസ് ആര്‍ ഒയെയും സ്വകാര്യ സംരംഭങ്ങളെയും കാണാന്‍. രാജ്യത്തിന്റെ അഭിമാനമായ ദൗത്യങ്ങള്‍ മുഴുവന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഐ എസ് ആര്‍ ഒയെ ക്ഷീണിപ്പിച്ചുകൊണ്ടാകരുത് ഈ മേഖലയിലേക്ക് സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളുടെ കടന്നുവരവും വികാസവും. ബഹിരാകാശ ഗവേഷണ മേഖലയിലടക്കം ഇന്ത്യക്ക് ഇന്നുള്ള സ്ഥാനവും ഇക്കോ സിസ്റ്റവും രൂപപ്പെടുത്തിയത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആര്‍ ഒ)യെന്ന പൊതുമേഖലാ സ്ഥാപനമാണെന്ന വസ്തുത അവഗണിച്ചുകൊണ്ട് വിക്രം-1 അടക്കമുള്ള സമാന്തര വിജയങ്ങളെ ആഘോഷിക്കാനുമാകില്ല.ശാസ്ത്രീയ മുന്നേറ്റങ്ങളുടെ വാണിജ്യതലം അവഗണിക്കണമെന്നോ സ്വകാര്യ മുന്‍കൈയുകളെ സംശയത്തോടെ കാണണമെന്നോ അല്ല പറയുന്നത്. മറിച്ച് മറ്റു മുന്‍നിര രാജ്യങ്ങളിലെല്ലാം നടക്കുന്നതുപോലെ പരസ്പരം പരിപോഷിപ്പിച്ച് മുന്നോട്ടുപോകണമെന്ന് മാത്രം. ഐ എസ് ആര്‍ ഒയില്‍ നിന്ന് വിദഗ്ധര്‍ സ്വമേധയാ വിരമിക്കുകയോ രാജിവെക്കുകയോ ചെയ്യുന്നത് ക്രമാതീതമായി കൂടുന്നുവെന്ന് റിപോര്‍ട്ടുണ്ട്. ഇവര്‍ കൂടുമാറുന്നത് സ്വകാര്യ സംരംഭങ്ങളിലേക്കാണത്രേ. ഈ പശ്ചാത്തലത്തില്‍, ഒന്ന് മറ്റൊന്നിനെ ക്ഷീണിപ്പിക്കുന്നതാകരുതെന്ന നിഷ്‌കര്‍ഷക്ക് ഏറെ പ്രസക്തിയുണ്ട്.രാജ്യത്ത് സ്വകാര്യ മേഖലയില്‍ ആദ്യമായി വികസിപ്പിച്ച ഓര്‍ബിറ്റല്‍- ക്ലാസ്സ് റോക്കറ്റാണ് വിക്രം 1. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു ചരിത്രക്കുതിപ്പ്. നിശ്ചയിച്ചിരുന്ന 11.30ന് അഞ്ച് മിനുട്ട് മുമ്പ് വിക്ഷേപണം മാറ്റിയത് ആശങ്കയുണ്ടാക്കിയിരുന്നു. തുടര്‍ന്ന് 11.45നാണ് കൗണ്ട്ഡൗണ്‍ പുനരാരംഭിച്ചത്. ചെറിയ ഉപഗ്രഹങ്ങള്‍ക്ക് ചെലവ് കുറഞ്ഞ ലോഞ്ച് സേവനങ്ങള്‍ നല്‍കാനുള്ള സ്‌കൈറൂട്ടിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഓര്‍ബിറ്റല്‍ റോക്കറ്റിന്റെ ആദ്യ വിക്ഷേപണം. നാല് പേലോഡുകളാണ് റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിച്ചത്. “ആഗമന്‍’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ആഗോള ഉപഗ്രഹ വിക്ഷേപണ രംഗത്ത് രാജ്യത്തെ സ്വകാര്യ മേഖലയുടെ സാന്നിധ്യം ഉറപ്പിക്കുന്നതാണ്. ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞരായ പവന്‍ കുമാര്‍ ചന്ദനയും നാഗഭരത് ദാകയും ചേര്‍ന്ന് 2018ലാണ് സ്‌കൈറൂട്ട് സ്ഥാപിച്ചത്. 2022 നവംബറില്‍ വിക്രം- എസ് സബ് ഓര്‍ബിറ്റല്‍ ദൗത്യമായ “പ്രാരംഭി’ലൂടെ റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യ സ്വകാര്യ ഇന്ത്യന്‍ കമ്പനിയായി സ്‌കൈറൂട്ട് മാറിയിരുന്നു.പൂര്‍ണമായും ഒരു സ്വകാര്യ കമ്പനി വികസിപ്പിച്ച, ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശേഷിയുള്ള ആദ്യത്തെ റോക്കറ്റാണ് വിക്രം 1. അമേരിക്കക്കും ചൈനക്കും പിറകേ സ്വകാര്യ പങ്കാളിത്തത്തോടെ ഓര്‍ബിറ്റല്‍ വിക്ഷേപണ ശേഷി കൈവരിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. പൂര്‍ണമായും കാര്‍ബണ്‍ കോമ്പോസിറ്റ് ഘടനയില്‍ നിര്‍മിച്ച ഈ റോക്കറ്റില്‍ 100 ശതമാനം ത്രിഡി പ്രിന്റഡ് എന്‍ജിനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബഹിരാകാശ നയ പരിഷ്‌കാരങ്ങളും ഇന്‍-സ്‌പേസ് എന്ന റെഗുലേറ്ററി ബോഡിയുടെ രൂപവത്കരണവും സ്വകാര്യ മേഖലക്ക് വലിയ വാതിലുകള്‍ തുറന്നു നല്‍കിയിട്ടുണ്ട്. അഞ്ചോ ആറോ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്ന സ്ഥാനത്തുനിന്ന് ഇന്ന് ഇന്ത്യയില്‍ 400ലധികം ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. സ്‌കൈറൂട്ടിനെ കൂടാതെ അഗ്‌നികുല്‍ കോസ്‌മോസ്, പിക്‌സല്‍ തുടങ്ങിയ കമ്പനികളും ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നു. കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതില്‍ ഇന്ത്യ ആഗോള ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. ഐ എസ് ആര്‍ ഒയുടെ വാണിജ്യ വിഭാഗമായ എന്‍ എസ് ഐ എല്‍ വഴി ഇതുവരെ 430ലധികം വിദേശ ഉപഗ്രഹങ്ങള്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ട്. വിക്രം-1 പോലുള്ള ചെറുകിട റോക്കറ്റുകള്‍ വരുന്നതോടെ ആഗോള വാണിജ്യ വിപണിയില്‍ ഇന്ത്യയുടെ പങ്ക് ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.ചന്ദ്രന്റെ ആരും കടന്നുചെല്ലാത്ത ദക്ഷിണ ധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ ചരിത്രം കുറിച്ച ചന്ദ്രയാന്‍ മൂന്ന്, ആദ്യ ശ്രമത്തില്‍ത്തന്നെ ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പേടകമെത്തിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി ഇന്ത്യയെ അഭിമാനത്തിന്റെ വാനിലേക്കുയര്‍ത്തിയ മംഗള്‍യാന്‍, സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ അത്യാധുനിക ബഹിരാകാശ ദൗത്യമായ ആദിത്യ-എല്‍1… ബഹിരാകാശത്ത് ഐ എസ് ആര്‍ ഒ രചിച്ച വിജയഗാഥകളുടെ നിര നീണ്ടതാണ്. ഈ നേട്ടങ്ങളൊന്നും ഒരു സുപ്രഭാതത്തില്‍ സാധ്യമാകുന്നതല്ല. നിരവധിയായ ഗവേഷകരുടെയും എന്‍ജിനീയര്‍മാരുടെയും ശാസ്ത്ര പ്രതിഭകളുടെയും ആജീവനാന്ത പരിശ്രമത്തിന്റെ ഫലമാണ്. ഈ പ്രയാണത്തില്‍ ഓരോരുത്തരും പ്രധാനമാണ്. ഇതില്‍ ഒരു കണ്ണി തളര്‍ന്നാല്‍ മൊത്തം താറുമാറാകും. ഐ എസ് ആര്‍ ഒയില്‍ നിന്ന് വിദഗ്ധര്‍ കൊഴിഞ്ഞു പോകുന്നുവെന്ന വാര്‍ത്ത നിരാശാജനകമാകുന്നത് അതുകൊണ്ടാണ്. ഇവരെ ആകര്‍ഷിച്ച് കൊണ്ടുപോകുന്നത് സ്വകാര്യ മേഖലയാണെങ്കില്‍ അത് ഒട്ടും ആശാസ്യമല്ല. ഗഗന്‍യാന്‍ അടക്കമുള്ള ഭാവി ദൗത്യങ്ങളെ അത് ബാധിക്കും. “ആഗമന്‍’ വിജയം ആഘോഷിക്കുമ്പോള്‍ ഇതു കൂടി കണക്കിലെടുക്കണം. ഒപ്പം അന്ധവിശ്വാസങ്ങളെയും മിത്തുകളെയും ശാസ്ത്രമായി അവതരിപ്പിക്കുന്ന പിന്തിരിപ്പന്‍ പ്രവണത അവസാനിപ്പിക്കുകയും വേണം. Content Highlights:India achieved a significant milestone with the successful launch of Vikram 1, the country first private orbital rocket developed by Skyroot Aerospace. The mission, named Agaman, positions India alongside global powers like the US and China in private orbital launch capabilities. Experts emphasize that private space initiatives must complement the foundational growth established by ISRO.