കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. വിദേശത്ത് വർഷങ്ങളോളം കഷ്ടപ്പെട്ട് സമ്പാദിച്ച ജീവിതസമ്പാദ്യവും കുടുംബത്തിന്റെ സ്വർണ്ണവും ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തെന്ന പരാതിയുമായി വടകര സ്വദേശിയായ പ്രവാസി രംഗത്തെത്തി. 113 പവനിലധികം സ്വർണ്ണവും 15 ലക്ഷം രൂപയും നഷ്ടമായെന്നാണ് ഇരയായ അമ്മദ് കൈരളി ന്യൂസിനോട് വെളിപ്പെടുത്തിയത്.ഗൾഫിലെ വിയർപ്പിന്റെ വിലയായി സമ്പാദിച്ചതെല്ലാം സുരക്ഷിതമായ നാളെയെന്ന പ്രതീക്ഷയിൽ നിക്ഷേപിച്ചതാണ്. എന്നാൽ ആ വിശ്വാസം തകർന്നുവീണപ്പോൾ ബാക്കിയായത് കണ്ണീരും കടബാധ്യതയും മാത്രം. വടകര മുട്ടുങ്ങൽ സ്വദേശി അമ്മദും കുടുംബവുമാണ് കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തട്ടിപ്പിൽ തകർന്ന മറ്റൊരു കുടുംബം. ഉയർന്ന ലാഭവിഹിതവും സുരക്ഷിത നിക്ഷേപവുമെന്ന വാഗ്ദാനം വിശ്വസിപ്പിച്ചാണ് സൊസൈറ്റി ഡയറക്ടർമാർ പണവും സ്വർണ്ണവും പലഘട്ടങ്ങളിലായി കൈപ്പറ്റിയതെന്നാണ് പരാതി.Also read: ഗവ. പ്ലീഡർ നിയമനം; കെഎസ്യുവിനെ മുഖ്യമന്ത്രി തള്ളിയ സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം ലോ കോളേജിലെ മുൻ കെഎസ്യു പ്രവർത്തകകുടുംബത്തിലെ ഓരോരുത്തരുടെയും സമ്പാദ്യമാണ് ഇങ്ങനെ സൊസൈറ്റിയുടെ കൈകളിലെത്തിയത്. മകൾ ആയിഷയുടെ 25 പവൻ സ്വർണ്ണം, മരുമകന്റെ പിതാവിന്റെ 50 പവൻ സ്വർണ്ണം, ഭാര്യ ആരിഫയുടെ 7 ലക്ഷം രൂപയും 7.5 പവൻ സ്വർണ്ണവും, ഭാര്യയുടെ മാതാവ് ഫാത്തിമയുടെ 3 ലക്ഷം രൂപ, സഹോദരന്റെ ഭാര്യ ഷാഹിദയുടെ 14 പവൻ സ്വർണ്ണം… അങ്ങനെ കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യം മുഴുവൻ സൊസൈറ്റിയുടെ വടകര ഓഫീസിൽ എത്തിച്ച് കൈമാറുകയായിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും പണമോ സ്വർണ്ണമോ തിരികെ ലഭിച്ചില്ല. പലതവണ സൊസൈറ്റി ഓഫീസിലും ഡയറക്ടർമാരുടെ വീടുകളിലും കയറിയിറങ്ങിയെങ്കിലും ലഭിച്ചത് ഓരോ തവണയും പുതിയ വാഗ്ദാനങ്ങൾ മാത്രമായിരുന്നുവെന്നാണ് അമ്മദിന്റെ ആരോപണം. ഇത് ഒരു വ്യക്തിയുടെയോ ഒരു കുടുംബത്തിന്റെയോ ദുരനുഭവം മാത്രമല്ല. സമാന രീതിയിൽ ജീവിതസമ്പാദ്യം നഷ്ടപ്പെട്ട നിരവധി നിക്ഷേപകർ ഇതിനകം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.The post കടത്തനാട് കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് appeared first on Kairali News | Kairali News Live.