ഇറാനുമേല്‍ അമേരിക്ക വ്യോമാക്രമണം തുടരുന്നു; മരണം 35 ആയി

Wait 5 sec.

തെഹ്റാന്‍ | തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇറാന്റെ പ്രധാന നഗരങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും നേരെ അമേരിക്ക വ്യോമാക്രമണം ശക്തമായി തുടരുന്നു. അമേരിക്കയുടെ ആക്രമണങ്ങളില്‍ ഇതുവരെ 35 പേര്‍ കൊല്ലപ്പെട്ടതായും മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായും ഇറാന്റെ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാനും പ്രത്യാക്രമണം ശക്തമാക്കി. ഇറാന്റെ തുറമുഖ നഗരങ്ങളെയും ദ്വീപുകളെയും ലക്ഷ്യമിട്ടാണ് അമേരിക്ക ആക്രമണം കടുപ്പിച്ചിരിക്കുന്നത്. അമേരിക്ക സിവിലിയന്‍ കേന്ദ്രങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുന്നതാണ്  മരണസംഖ്യ ഉയരാനും പരിക്കുകള്‍ക്കും കാരണം. നാല് ദിവസത്തിനുള്ളിലാണ് 35 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും ഇറാന്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ കൂടുതല്‍ ഉള്‍ഭാഗങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നാണ് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് മുന്നറിയിപ്പു നല്‍കുന്നത്.അമേരിക്കന്‍ ആക്രമണത്തിന് മറുപടിയായി കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ യു എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ശക്തമായ മിസൈല്‍ – ഡ്രോണ്‍ പ്രത്യാക്രമണം തുടരുകയാണ്. കുവൈത്തിനും ബഹ്‌റൈനും പുറമെ ജോര്‍ദാന് നേരെയും ഇറാന്റെ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് വന്ന മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ചതായി കുവൈത്തും ബഹ്‌റൈനും വ്യക്തമാക്കി. അതിനിടെ, തെഹ്‌റാന് സമീപം അമേരിക്കയുടെ ‘എംക്യു-9’ ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാന്‍ സൈനിക നേതൃത്വം അവകാശപ്പെട്ടു.പ്രശ്‌നപരിഹാരം വേണമെന്ന് ഇറാന്‍ തന്നോട് ആവശ്യപ്പെട്ടതായും അതിനുള്ള സാധ്യതകള്‍ വിലയിരുത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. 2024ല്‍ ഇറാന്‍ പിടികൂടിയ ഒരു അമേരിക്കന്‍ പൗരനെ സ്വമേധയാ വിട്ടയക്കാന്‍ അവര്‍ തീരുമാനിച്ചത് സമാധാനത്തിനുള്ള നല്ലൊരു ലക്ഷണമായി കാണുന്നുവെന്നും, തുടര്‍ചര്‍ച്ചകള്‍ക്ക് ഇത് വഴിയൊരുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ട്രംപ് സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഖത്തര്‍, പാകിസ്താന്‍ തുടങ്ങിയ മധ്യസ്ഥ രാജ്യങ്ങള്‍ സജീവമായി ഇടപെടുന്നുണ്ടെങ്കിലും സമാധാനത്തിനായുള്ള വ്യക്തമായ സൂചനകള്‍ ഇതുവരെ ലഭ്യമായിട്ടില്ല.സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി നിലവില്‍ യാതൊരുവിധ ചര്‍ച്ചകളും നടക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ തങ്ങളുടെ സുരക്ഷയ്ക്കും പ്രതിരോധത്തിനും മാത്രമാണ് മുന്‍ഗണന നല്‍കുന്നതെന്നും ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ ഇപ്പോള്‍ പൂര്‍ണമായും തള്ളിക്കളയുകയാണെന്നും ഇറാന്‍ വ്യക്തമാക്കി.തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ ഗള്‍ഫ് മേഖലയെ വലിയ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്‌. Content Highlights:The United States continued heavy airstrikes against major Iranian cities and ports for a fifth consecutive day, causing 35 deaths. Iran retaliated by launching missiles and drones at US military bases in Kuwait and Bahrain. While mediator countries attempt to intervene, Iran rejected any talks during active aggression.