കുവൈത്ത് സിറ്റി | കുവൈത്തിലെ ജലീബ് അല്‍ ശുവൈക് പ്രദേശത്തെ 1,200 ഓളം അനധികൃത കെട്ടിടങ്ങളില്‍ ജല വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ജലീബ് അല്‍ ശുവൈക് മേഖലയില്‍ നടത്തിയ സുരക്ഷാ പരിശോധനക്ക് പിന്നാലെയാണ് ജലവൈദ്യുതി പുനരുപയോഗ ഊര്‍ജ മന്ത്രാലയം പുതിയ തീരുമാനം കൈക്കൊണ്ടത്. അതോടൊപ്പം പരിശോധനയില്‍ പ്രദേശത്തെ നിരവധി അനധികൃത കെട്ടിടങ്ങളിലെ ജലവൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍ യൂസഫിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ജലീബ് മേഖലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തില്‍ വന്‍ സുരക്ഷാ പരിശോധനയാണ് സൈന്യം നടത്തിയത്. ആഭ്യന്തര മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ്, ജനറല്‍ ഫയര്‍ഫോഴ്‌സ് എന്നിവക്ക് പുറമേ വൈദ്യുതി ജലമന്ത്രാലയം, പൊതുമരാമത്ത് വകുപ്പ്, വാണിജ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ അതോറിറ്റി, കുവൈത്ത് മുന്‍സിപ്പാലിറ്റി, ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര മെഡിക്കല്‍ സേവന വിഭാഗം എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. ജലവൈദ്യുതി ബന്ധം വിച്ഛേദിച്ച കെട്ടിടങ്ങളിലെ മുഴുവന്‍ താമസക്കാരെയും ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.രാജ്യത്ത് നിയമലംഘകര്‍ക്ക് സ്ഥാനമില്ലെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ ഒരുക്കമല്ലെന്നും ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് മുന്നറിയിപ്പ് നല്‍കി. ജലീബ് അല്‍ ശുവൈക് ഉള്‍പ്പെടെയുള്ള കുവൈത്തിലെ എല്ലാ പ്രദേശങ്ങളിലും സുരക്ഷാപരിശോധന വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്നും രാജ്യത്തെ ഒരിടവും നിയമലംഘകരുടെ അഭയകേന്ദ്രമാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ നിന്ന് ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെയും പ്രവാസികളുടെയും ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ താത്ക്കാലിക താമസ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്. ആവശ്യമായ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടുത്തി ഇവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. നിയമം കര്‍ശനമായി നടപ്പാക്കുന്നതോടൊപ്പം മാനുഷിക പരിഗണനയും ഉറപ്പാക്കുന്ന നിയമ നടപടികളാണ് സ്വീകരിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.Content Highlights: The Kuwait government has prepared a comprehensive project to disconnect electricity and water supply to illegal buildings. The strict initiative targets structures that violate municipal laws and safety regulations across the country. Authorities aim to enforce legal compliance and penalize property owners who commit building violations.