ന്യൂഡല്‍ഹി | വനിതാ സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയം നടപ്പിലാക്കാനുള്ള 131-ാം ഭരണഘടനാ ഭേദഗതി ബില്‍ വീണ്ടും അവതരിപ്പിക്കാനുള്ള നീക്കം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ രൂപപ്പെട്ട പിളര്‍പ്പും ശിവസേന യുബിടിയിലെ കൂറുമാറ്റവും മുതലെടുത്ത് ബില്‍ വീണ്ടും അവതരിപ്പിക്കാണ് നീക്കം. കഴിഞ്ഞ ഏപ്രിലില്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.ലോക്സഭയിലെ പരമാവധി സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്താനും മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം വനിതാ സംവരണം നടപ്പിലാക്കാനും ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. 2029ലെ തിരഞ്ഞെടുപ്പില്‍ തന്നെ വനിത സംവരണം നടപ്പിലാക്കാനാണ് ബില്‍ അവതരിപ്പിക്കുന്നതെന്നായിരുന്നു വിശദീകരണം. മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാ സംവരണവും നടപ്പിലാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി അനിവാര്യമാണ്. ബില്ലിന്മേല്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ ആകെ അംഗങ്ങളുടെ പകുതിയും, സഭയില്‍ ഹാജരുള്ള അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ഉണ്ടെങ്കില്‍ മാത്രമേ ബില്‍ പാസാക്കാനാകൂ. എല്ലാ അംഗങ്ങളും ഹാജരായാല്‍ ലോക്‌സഭയില്‍ കുറഞ്ഞത് 360 വോട്ടുകളും രാജ്യസഭയില്‍ കുറഞ്ഞത് 164 വോട്ടുകളും ആവശ്യമായി വരും. ലോക്‌സഭയില്‍ നിലവില്‍ എന്‍ ഡി എയുടെ അംഗബലം 293 ആണ്.തൃണമൂല്‍, ശിവസേന ഉദ്ധവ് വിഭാഗങ്ങളില്‍ വിമത പക്ഷം ഉയര്‍ന്നതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ മാറ്റം മുതലെടുത്ത് പ്രതിപക്ഷ നിരയിലും പുറത്തുമുള്ള കൂടുതല്‍ പാര്‍ട്ടികളെ ബില്ലിന് അനുകൂലമായി അണിനിരത്താനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ഉണ്ടായ പിളര്‍പ്പിലൂടെ തൃണമൂലിന്റെ 28 ലോക്സഭാ എം പിമാരില്‍ 20 പേര്‍ എന്‍ ഡി എയെ പിന്തുണക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശിവസേന ഉദ്ധവ് വിഭാഗത്തിലെ വിമത പക്ഷവും ബില്ലിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തും. ഇതിന് പുറമെ പ്രതിപക്ഷ നിരയിലും എന്‍ ഡി എയിലും ഇല്ലാത്ത ചെറുകക്ഷികളേയും ചാക്കിടാനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാറും ബി ജെ പിയും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആന്ധ്രപ്രദേശില്‍ നിന്നുള്ള വൈ എസ് ആര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ബില്ലിനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തില്‍ നിന്നുള്ള ശരത് പവാറിന്റെ എന്‍ സി പിയും ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ബി ജെ പിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്സ് വിജയിയെ പിന്തുണച്ചതിനു പിന്നാലെ ഇന്ത്യാ സഖ്യം വിട്ട ഡി എം കെയേയും ബി ജെ പി ബന്ധപ്പെടുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നുള്ള വിമതരും ഉദ്ധവ് വിഭാഗത്തില്‍ നിന്ന് ഷിന്‍ഡെ പക്ഷത്തേക്ക് മാറിയ എം പിമാരും ശരദ് പവാര്‍ വിഭാഗവും പിന്തുണക്കുന്നതോടെ ഈ സംഖ്യ 327 വരെ ഉയരും. ശേഷിക്കുന്ന സംഖ്യയിലേക്കുള്ള തിരക്കിട്ട പിന്നാമ്പുറ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.360 എന്ന മാന്ത്രിക സംഖ്യയിലെത്തിക്കുകയോ സഭയിലെ പ്രതിപക്ഷ നിരയിലെ അംഗങ്ങളെ ഹാജരാകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയോ ചെയ്യുന്നതിനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നത്. രാജ്യസഭയില്‍ എന്‍ ഡി എ സഖ്യത്തിന് നിലവില്‍ 155 ഓളം അംഗങ്ങളുടെ പിന്തുണയുണ്ട്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വെറും ഒമ്പത് വോട്ട് മാത്രമാണ് ആവശ്യമായി വരുന്നത്. അതിനാല്‍ പ്രാദേശിക ചെറുകക്ഷികളുടെ സഹായത്തോടെ രാജ്യസഭയില്‍ ബില്‍ പാസാക്കുക എളുപ്പമാണ്.ബില്‍ പാസ്സാക്കും: അത്താവാലെപാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ വനിതാ സംവരണ ബില്ലും മണ്ഡല പുനര്‍നിര്‍ണയ ബില്ലും പാസ്സാക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഷ്ട്രീയ ഗണിതം മാറിയെന്നും ഭരണസഖ്യത്തിന് നിയമനിര്‍മാണം മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ സംഖ്യകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ എന്‍ ഡി എക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. വരാനിരിക്കുന്ന സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ വരുമെന്നും അത്താവാലെ വ്യക്തമാക്കി. 2029 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് സംവരണം ലഭിക്കും. മഹാരാഷ്ട്രയിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്‍ ഡി എയുടെ നിലപാട് കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യ സഖ്യത്തില്‍ വിള്ളല്‍ന്യൂഡല്‍ഹി മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട ബില്‍ വീണ്ടും അവതരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ യോജിച്ച പോരാട്ടത്തിന് തയ്യാറാകാതെ ഇന്ത്യ സഖ്യം. വിഷയത്തില്‍ കാര്യമായ കൂടിയാലോചന നടന്നിട്ടില്ലെന്നാണ് സഖ്യത്തിലെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ സഖ്യത്തിന് സാധ്യമായതോടെയാണ് ബില്‍ പരാജയപ്പെട്ടത്. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ നടന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചിട്ട് പോലും കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് എം പിമാരെ കൃത്യമായി പാര്‍ലിമെന്റില്‍ എത്തിച്ചത്. എന്നാല്‍, സമാനമായൊരു നീക്കം ഈ സമ്മേളനത്തില്‍ ഉണ്ടായേക്കില്ലെന്നാണ് വിലയിരുത്തല്‍. സഖ്യത്തിലെ പ്രധാന കക്ഷികളിലൊരാളായ എന്‍ സി പി ശരദ് പവാര്‍ വിഭാഗം ബില്ലിനെ പിന്തുണക്കുന്ന രീതിയിലുള്ള പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ ബില്ലില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് സുപ്രിയ സുലെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നിലവില്‍ തൃണമൂല്‍, ശിവസേന ഉദ്ധവ് വിഭാഗങ്ങളിലെ വിമത നീക്കം പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായിരിക്കുന്നതിനിടെയാണ് എന്‍ സി പിയുടെ നിലപാട് മാറ്റം. ഡി എം കെ ഉള്‍പ്പെടെയുള്ള കക്ഷികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയും ചെയ്യുന്നുണ്ട്. പ്രത്യക്ഷത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്ന ഡി എം കെ നിലപാട് മയപ്പെടേത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ഇത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാകും.സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ്സ്മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കഴിഞ്ഞ തവണ പാര്‍ലിമെന്ററികാര്യ മന്ത്രിക്ക് കത്തയിച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. അതിനാലാണ് പ്രധാനമന്ത്രിക്ക് കത്തയക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്നലെ പാര്‍ട്ടിയുടെ പാര്‍ലിമെന്ററി തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള, നീറ്റ്, സി ബി എസ് ഇ പരീക്ഷകളിലെ പരാജയങ്ങള്‍, ഇ20 പെട്രോള്‍ അഴിമതി, മറ്റ് അടിയന്തര ആശങ്കകള്‍ എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങള്‍ ഈ സെഷനില്‍ ഉന്നയിക്കുമെന്നാണ് കോണ്‍ഗ്രസ്സ് വ്യക്തമാക്കുന്നത്.Content Highlights:The central government is intensifying its moves to conduct constituency delimitation under the guise of the women’s reservation bill. This step is expected to significantly alter the political map and representation of various states in the parliament. Critics raise concerns over the political implications and the timing of this major electoral reform.