ഇന്ത്യ കഴിഞ്ഞ ഒരു ദശകമായി പ്രതിരോധ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മുന്നേറുകയാണ്. ‘ആത്മനിര്‍ഭര്‍ ഭാരത്’ നയത്തിന്റെ ഭാഗമായി നിരവധി ആയുധ സംവിധാനങ്ങളുടെ രൂപകല്‍പ്പനയും നിര്‍മാണവും രാജ്യത്തിനകത്തുതന്നെ നടക്കുന്നു. ഈ സാഹചര്യത്തില്‍ ഉത്പാദന ശേഷി വര്‍ധിപ്പിക്കേണ്ടത് യുക്തിസഹമായ ആവശ്യമാണെങ്കിലും, അതിന് സ്വീകരിക്കുന്ന മാര്‍ഗം ദേശീയ താത്പര്യങ്ങള്‍ക്ക് അനുസൃതമാണോയെന്നതാണ് പരിശോധിക്കപ്പെടേണ്ടത്. പൊതുമേഖലാ ആയുധ നിര്‍മാണ കന്പനികളുടെ നിര്‍മാണശേഷി വര്‍ധിപ്പിക്കാനും പുതിയ ഉത്പാദന യൂനിറ്റുകള്‍ സ്ഥാപിക്കാനും നിലവിലുള്ള ഗവേഷണ- നിര്‍മാണ സംവിധാനങ്ങള്‍ വികസിപ്പിക്കാനുമുള്ള സാധ്യതകള്‍ പൂര്‍ണമായി പരിശോധിച്ച ശേഷമാണോ ഈ നീക്കമെന്നതില്‍ വ്യക്തതയില്ല.സ്വകാര്യ കമ്പനികള്‍ സാധാരണയായി ലാഭത്തെ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സ് മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലയില്‍ ലാഭവും തന്ത്രപരമായ ആവശ്യങ്ങളും എല്ലായ്പ്പോഴും ഒരേ ദിശയിലാകണമെന്നില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉത്പാദനം പുനഃക്രമീകരിക്കേണ്ടി വരാം. അത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന അനുഭവം പല രാജ്യങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്.മിസൈല്‍ നിര്‍മാണം വെറും അസംബ്ലിംഗ് പ്രവര്‍ത്തനമല്ല. പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യ, ആക്റ്റീവ് റഡാര്‍ സീക്കര്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ പ്രതിരോധ സംവിധാനങ്ങള്‍, സോഫ്റ്റ്്വെയര്‍, എന്‍ക്രിപ്റ്റഡ് ഡാറ്റ, പരീക്ഷണ വിവരങ്ങള്‍ തുടങ്ങി അതീവ രഹസ്യമായ ഘടകങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഉത്പാദന ശൃംഖലയില്‍ കൂടുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതോടെ ഈ വിവരങ്ങളിലേക്ക് കൂടുതല്‍ ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവേശനം ലഭിക്കും. അതിനനുസരിച്ച് രഹസ്യ വിവരങ്ങള്‍ ചോരാനുള്ള സാധ്യതയും വര്‍ധിക്കും.സൈബര്‍ ആക്രമണങ്ങള്‍, വ്യവസായ ചാരവൃത്തി, ഡാറ്റാ മോഷണം എന്നിവ ലോകത്തെ പ്രധാന പ്രതിരോധ കമ്പനികള്‍ നേരിടുന്ന യാഥാര്‍ഥ്യമാണ്. അമേരിക്ക, യൂറോപ്പ്, ഇസ്റാഈല്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ പ്രതിരോധ സ്ഥാപനങ്ങള്‍ പോലും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധ മേഖലയിലേക്ക് സ്വകാര്യ പങ്കാളിത്തം വര്‍ധിക്കുമ്പോള്‍ സൈബര്‍ സുരക്ഷക്കും വിവര സംരക്ഷണത്തിനും കൂടുതല്‍ ശക്തമായ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കേണ്ടിവരും.മറ്റൊരു ആശങ്ക, പ്രതിരോധ മേഖലയിലെ കോര്‍പറേറ്റ് കേന്ദ്രീകരണമാണ്. എണ്ണത്തില്‍ വളരെ കുറഞ്ഞ, വലിയ കമ്പനികള്‍ക്കു മാത്രമേ ഇത്തരം പദ്ധതികളില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയൂ. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിര്‍ണായക പ്രതിരോധ ഉത്പാദനം ഏതാനും സ്വകാര്യ സ്ഥാപനങ്ങളുടെ കൈകളില്‍ കേന്ദ്രീകരിച്ചാല്‍ സര്‍ക്കാര്‍ അവരെ അമിതമായി ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകാം. അത് ആരോഗ്യകരമായ പ്രതിരോധ നയമല്ല. ആഗോളതലത്തില്‍ സ്വകാര്യ മേഖലക്ക് പ്രതിരോധ ഉത്പാദനത്തില്‍ പങ്കുണ്ടെന്നത് ശരിയാണ്. എന്നാല്‍ അമേരിക്കയിലും യൂറോപ്പിലുമെല്ലാം സ്വകാര്യ കമ്പനികള്‍ അതീവ കര്‍ശനമായ നിയമപരമായ മേല്‍നോട്ടത്തിനും സുരക്ഷാ പരിശോധനകള്‍ക്കും വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. സാങ്കേതികവിദ്യ കൈമാറ്റം, ജീവനക്കാരുടെ സുരക്ഷാ ക്ലിയറന്‍സ്, ഡാറ്റാ സംഭരണം, കയറ്റുമതി നിയന്ത്രണം, സര്‍ക്കാര്‍ ഓഡിറ്റ് എന്നിവ ഉള്‍പ്പെടുന്ന ശക്തമായ നിയന്ത്രണ സംവിധാനങ്ങളാണ് അവിടെ നിലവിലുള്ളത്. ഇന്ത്യയില്‍ അതേ നിലവാരത്തിലുള്ള മേല്‍നോട്ട സംവിധാനം പൂര്‍ണമായി സജ്ജമാണോയെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ആവശ്യമാണ്.ഇന്തോനേഷ്യ ഉള്‍പ്പെടെ സൗഹൃദ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ മിസൈലുകള്‍ക്ക് താത്പര്യം ഉയരുന്നത് രാജ്യത്തിന്റെ പ്രതിരോധ ഗവേഷണത്തിനുള്ള അംഗീകാരമാണ്. എന്നാല്‍ കയറ്റുമതി വര്‍ധിപ്പിക്കണമെന്ന ലക്ഷ്യം ആഭ്യന്തര സുരക്ഷാ താത്പര്യങ്ങളെ മറികടക്കാന്‍ പാടില്ല. ഒരു പ്രതിരോധ ഉത്പന്നത്തിന്റെ പ്രധാന ലക്ഷ്യം ആദ്യം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്നതാണ്; വാണിജ്യവിജയം അതിന് ശേഷമേ വരാവൂ.ഓപറേഷന്‍ സിന്ദൂറിന് ശേഷവും ആഗോള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യ മിസൈല്‍ ശേഖരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത് സ്വാഭാവികമാണ്. റഷ്യ-യുക്രൈന്‍ യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ആധുനിക യുദ്ധങ്ങളില്‍ മിസൈലുകളുടെ പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അതേ യുദ്ധങ്ങള്‍ മറ്റൊരു പാഠവും നല്‍കുന്നുണ്ട്. പ്രതിരോധ വ്യവസായം എത്രത്തോളം സുരക്ഷിതമാണെന്നതാണ് അടിസ്ഥാന പ്രശ്‌നം. ഉത്പാദന കേന്ദ്രങ്ങള്‍, വിതരണ ശൃംഖല, വിവര ശൃംഖല, സൈബര്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം ഒരുപോലെ സംരക്ഷിക്കപ്പെടണം. നിര്‍ണായക സാങ്കേതികവിദ്യകളുടെ ഉടമസ്ഥാവകാശം പൂര്‍ണമായും സര്‍ക്കാറിനോ ഡി ആര്‍ ഡി ഒക്കോ തന്നെ നിലനില്‍ക്കണം. ഗൈഡന്‍സ് സിസ്റ്റം, സീക്കര്‍, മിഷന്‍ സോഫ്റ്റ്്വെയര്‍ പോലുള്ള അതീവ രഹസ്യ ഘടകങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കണം. ജീവനക്കാര്‍ക്ക് നിര്‍ബന്ധിത സുരക്ഷാ പരിശോധന, സൈബര്‍ സുരക്ഷാ ഓഡിറ്റ്, സ്വതന്ത്ര ദേശീയ മേല്‍നോട്ട സംവിധാനം, കര്‍ശനമായ കയറ്റുമതി നിയന്ത്രണം എന്നിവയും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം. അതോടൊപ്പം പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതും സമാന്തരമായി നടക്കണം. സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശേഷി വികസനം അവഗണിക്കപ്പെടരുത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലയില്‍ ശക്തമായ പൊതുമേഖലയും നിയന്ത്രിത സ്വകാര്യ പങ്കാളിത്തവും ചേര്‍ന്ന മാതൃകയാണ് കൂടുതല്‍ സുരക്ഷിതം.