കൊച്ചി | സജീവ ആര്‍ എസ് എസ് ബന്ധമുള്ള വ്യക്തിയെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ്സിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു. പ്ലീഡര്‍ നിയമനത്തില്‍ പ്രതിഷേധിച്ച് കൂടിക്കാഴ്ചക്ക് അനുമതി തേടിയ കെ എസ് യു സംസ്ഥാന പ്രസിഡന്റ്അലോഷ്യസ് സേവ്യര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി പി എം നിയാസ് എന്നിവര്‍ക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ അനുമതി നിഷേധിച്ചതാണ് പുതിയ പോരിന് വഴിവെച്ചിരിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ്സ് വക്താവ് അഡ്വ. വി ആര്‍ അനൂപും യുവനേതാവ് ജിന്റോ ജോണും മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പരസ്യമായി രംഗത്തെത്തി.മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ കടുത്ത ഭാഷയിലാണ് കോണ്‍ഗ്രസ്സ് നേതാവ് ജിന്റോ ജോണ്‍ രംഗത്തുവന്നത്. ക്യാമ്പസില്‍ കെ എസ് യുക്കാരെ തല്ലുന്നവരെയും അതിനെ പിന്തുണക്കുന്നവരെയും ന്യായീകരിക്കാന്‍ തന്റെ നാവ് പൊന്തില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കിട്ടിയ പദവികളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ വേണ്ടി പലരും വിദൂര കോണ്‍ഗ്രസ്സ് ബന്ധം ചികയുകയാണെന്നും അദ്ദേഹം പരിഹസിച്ചു.പെരുച്ചാഴികള്‍ എങ്ങനെയാണ് നമ്മുടെ ബോധ്യങ്ങളെ തുരന്നെടുക്കുന്നത് എന്ന ഓര്‍മപ്പെടുത്തലോടെയാണ് ജിന്റോയുടെ കുറിപ്പ്. തീരുമാനങ്ങള്‍ എടുക്കപ്പെടുന്ന ദര്‍ബാറുകളില്‍ പടയാളികള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്നാണ് രാജശാസനം. തിരുമനസ്സ് കല്‍പ്പിച്ചുനല്‍കുന്നത് മാത്രമാണ് നീതിയെന്ന് പോരാളികള്‍ സ്വയം വിശ്വസിക്കുകയും വേണം. കുസാറ്റിലെ എസ് എഫ് ഐയുടെ തല്ലുകാരനായ വടക്കേക്കൂട്ട് വക്കീലും ഇന്ന് യു ഡി എഫ് കാലത്തെ പ്ലീഡര്‍. അപ്രഖ്യാപിത അംഗത്വവിലക്കുള്ള ചില സംവിധാനങ്ങള്‍ തയ്യാറാക്കുന്ന ലിസ്റ്റുകളില്‍ എന്തുകൊണ്ട് ആക്ഷേപ കാരണമായ പേരുകള്‍ കയറിക്കൂടി എന്ന് പരിശോധിക്കപ്പെടണം. പിണറായി ഭരണത്തിന്റെ പത്ത് വര്‍ഷങ്ങളില്‍ ആ പട്ടേലറുടെ സെന്റിന്റെ മണം മാത്രം ശ്വസിച്ച് കണ്ണടച്ചിരുന്ന എസ് എഫ് ഐ അല്ല കെ എസ് യു എന്ന് പഠിപ്പിച്ചവരോട് കടപ്പാട്- ജിന്റോ കുറിച്ചു.ഹിന്ദു ഐക്യവേദി നേതാക്കളായ കെ പി ശശികല, ആര്‍ വി ബാബു എന്നിവര്‍ക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ച മുഖ്യമന്ത്രി, സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അനുമതി നിഷേധിച്ചെന്നാണ് കെ പി സി സി വക്താവ് വി ആര്‍ അനൂപ് ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചത്. ചീഫ് ഇലക്ഷന്‍ കമ്മീഷണറായി നിയമിച്ച എന്‍ ശേഷാദ്രിനാഥന്റെ സംഘ്പരിവാര്‍ ബന്ധം ബോധ്യപ്പെടുത്താന്‍ എത്തിയ പി എം നിയാസിനും പ്ലീഡര്‍ നിയമനത്തില്‍ പരാതി ഉന്നയിച്ച അലോഷ്യസ് സേവ്യറിനും അനുവാദം നല്‍കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്. ഹിന്ദു ഐക്യവേദി നേതാക്കളോട് കാണിച്ച അനുഭാവപൂര്‍വമായ സമീപനം കോണ്‍ഗ്രസ്സ്, കെ എസ് യു നേതാക്കള്‍ക്ക് ലഭിക്കാന്‍ അവകാശമുണ്ടെന്നും ഇത് തങ്ങളുടെ കൂടി സര്‍ക്കാറാണെന്നും അനൂപ് ഓര്‍മിപ്പിച്ചു.ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഡി എസ് ശരത്തിന്റെ നിയമനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘തിരുവനന്തപുരത്തെ കെ എസ് യുവാണോ ഗവ. പ്ലീഡറെ നിയമിക്കുന്നത്, കെ എസ് യുവിന് ഇതില്‍ എന്തുകാര്യം’ എന്ന് മുഖ്യമന്ത്രി പരിഹസിച്ചിരുന്നു. ഇതിനെതിരെ ‘നെറികേടുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ധിക്കാരമെങ്കില്‍ ഞങ്ങള്‍ ഒരുകൂട്ടം ധിക്കാരികള്‍’ എന്ന് അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചിരുന്നു.വി ഡി സതീശന്റെ ശിപാര്‍ശ പ്രകാരമാണ് ശരത്തിന്റെ നിയമനമെന്ന ആക്ഷേപമാണ് എ ഗ്രൂപ്പ് അനുഭാവികളെയും ഒരുവിഭാഗം നേതാക്കളെയും ചൊടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്സും വിഷയത്തില്‍ നേരത്തേ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ്സ് വക്താക്കള്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ പരസ്യ നിലപാടുമായി രംഗത്തെത്തിയത് വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിതുറക്കുമെന്നാണ് സൂചന.Content Highlights:Internal conflict has intensified within the Congress party regarding the selection of government pleaders. Various factions have expressed strong dissatisfaction over the final choices made by the leadership. The issue threatens to disrupt organizational harmony if left unaddressed.