സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റായ കണക്കുകൾ അവതരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിയും യുഡിഎഫും മാപ്പ് പറയണമെന്ന് മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. അക്കൗണ്ടന്റ് ജനറൽ പുറത്തുവിട്ട 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദ കണക്കുകൾ സംസ്ഥാനത്തിന്റെ വരുമാന വളർച്ച ശക്തമാണെന്ന് വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.യുഡിഎഫ് ധവളപത്രത്തിൽ ഉന്നയിച്ച പ്രധാന ആരോപണങ്ങൾ ഔദ്യോഗിക കണക്കുകൾ വന്നതോടെ തകർന്നുവീണതായി ബാലഗോപാൽ വാർത്താക്കുറിപ്പിൽ പറഞ്ഞു. ആദ്യ മൂന്ന് മാസങ്ങളിൽ 33,311 കോടി രൂപയുടെ റവന്യൂ വരുമാനം ലഭിച്ചതിൽ 28,060 കോടി രൂപ നികുതി വരുമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജിഎസ്ടി വകുപ്പിൽ നടപ്പാക്കിയ ഘടനാപരമായ പരിഷ്‌കാരങ്ങളും നികുതി ചോർച്ച തടയാനുള്ള നടപടികളുമാണ് വരുമാന വർധനവിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ് ഇരട്ടിയായി വർധിച്ച് 7,179 കോടി രൂപയിലെത്തിയതായും റവന്യൂ കമ്മി ഗണ്യമായി കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്തിന്റെ വികസനവും ക്ഷേമ പദ്ധതികളും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തടയാനാകില്ലെന്ന് എ.ജിയുടെ കണക്കുകൾ തെളിയിക്കുന്നുവെന്നും കേരളം വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും കെ.എൻ. ബാലഗോപാൽ കൂട്ടിച്ചേർത്തു.The post സംസ്ഥാന ധനസ്ഥിതി സംബന്ധിച്ച് തെറ്റായ പ്രചാരണം; മുഖ്യമന്ത്രിയും യുഡിഎഫും മാപ്പ് പറയണം: കെ.എൻ. ബാലഗോപാൽ appeared first on ഇവാർത്ത | Evartha.