കൊച്ചി | സംസ്ഥാന വഖഫ് ബോർഡിന്‍റെ പ്രവർത്തനം ഹൈകോടതി താൽക്കാലികമായി മരവിപ്പിച്ചു. അടുത്ത ബുധനാഴ്ച വരെ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ പാടില്ലെന്നും, മൂലധന നിക്ഷേപങ്ങളോ ചെലവോ നടത്താൻ പാടില്ലെന്നും കോടതി നിർദേശിച്ചു. ജുഡീഷ്യൽ സിറ്റിങ് നടത്താനും അനുമതിയില്ല. വഖഫ് ബോർഡ് ജോയിന്‍റ് സെക്രട്ടറിക്കാണ് നിലവിൽ താൽക്കാലിക ചുമതല. കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.ബി ജെ പി നേതാവ് ഷോൺ ജോർജും ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് എന്ന സംഘടനയും ഉൾപ്പെടെ നൽകിയ വിവിധ ഹരജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. വഖഫ് ബോർഡിന്‍റെ പ്രവർത്തനങ്ങളിൽ ഭരണഘടന വിരുദ്ധമായ കാര്യങ്ങൾ ഉൾപ്പെടെ നടക്കുന്നുണ്ടെന്ന് ഹരജികളിൽ ആരോപണം ഉയർന്നിരുന്നു.പുതിയ വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് ബോർഡിൽ അമുസ്‌ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം. എന്നാൽ നിലവിൽ പുന:സംഘടിപ്പിച്ച ബോർഡിൽ ഒമ്പത് അംഗങ്ങളും മുസ്ലീം സമുദായത്തിൽപ്പെട്ടവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷോൺ ജോർജ് ഹരജി നൽകിയത്. ഇത് നിയമവിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.എന്നാൽ പുതിയ വഖഫ് ബോർഡ് രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. കൂടുതൽ കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നയപരമായ തീരുമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപവത്കരിച്ച വഖഫ് ബോർഡ് പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മ നൽകിയ ഹർജിയിലും കോടതി സർക്കാറിന്റെ വിശദീകരണം തേടിയിരുന്നു. Content HighlightsThe Kerala High Court has temporarily suspended the State Waqf Board’s activities and prohibited policy decisions until next Wednesday. The court acted on petitions regarding board appointments.