ദുബൈ | മണലാരണ്യത്തിലെ ഒരു ചെറിയ തുറമുഖ നഗരത്തില്‍ നിന്ന് ദുബൈ എന്ന ആഗോള അത്ഭുതത്തെ കെട്ടിപ്പടുത്ത ക്രാന്തദര്‍ശിയായ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 77-ാം ജന്മദിനത്തിന്റെ നിറവിലാണ്. ജൂലൈ 15 ന് ഈ ദിനം ആഘോഷിക്കുമ്പോള്‍, അസാധ്യമായതിനെ സാധ്യമാക്കി മാറ്റിയ ഒരു അസാധാരണ നായകന്റെ ജീവിതയാത്രയെ ലോകം ആദരവോടെയാണ് നോക്കിക്കാണുന്നത്. ഭാവി ചരിത്രം തങ്ങളെപ്പോലുള്ളവര്‍ക്ക് അവകാശപ്പെട്ടതാണെന്ന് സ്വന്തം ജനതയെ വിശ്വസിപ്പിക്കുകയും അത് യാഥാര്‍ഥ്യമാക്കുകയും ചെയ്ത അതുല്യനായ നേതാവാണ് അദ്ദേഹം.ചരിത്രം പിറന്ന വഴികള്‍1949 ജൂലൈ 15 ന് ചരിത്രപ്രസിദ്ധമായ അല്‍ ശിന്ദഗയിലെ മക്തൂം കുടുംബത്തിലാണ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ബിന്‍ സഈദ് ബിന്‍ മക്തൂം അല്‍ ഫലാസി ജനിക്കുന്നത്. അന്നത്തെ ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് സഈദ് ബിന്‍ മക്തൂം അല്‍ മക്തൂമിന്റെ കൊച്ചുമകനായ അദ്ദേഹം, ഭരണാധികാരികളുടെയും സഹചാരികളുടെയും സാന്നിധ്യത്തിലാണ് വളര്‍ന്നത്. 1958-ല്‍ അദ്ദേഹത്തിന് പത്ത് വയസ്സുള്ളപ്പോഴാണ് പിതാവ് ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂം ദുബൈയുടെ ഭരണം ഏറ്റെടുക്കുന്നത്.ശൈഖ് മുഹമ്മദിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ മാതാവ് ശൈഖ ലത്തീഫ ബിന്ത് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. മാതാവിനോടുള്ള ആഴത്തിലുള്ള സ്‌നേഹത്തെക്കുറിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷവും തന്റെ ‘എന്റെ കഥ’ എന്ന പുസ്തകത്തില്‍ അദ്ദേഹം ഹൃദയസ്പര്‍ശിയായി കുറിച്ചിട്ടുണ്ട്. ‘അവര്‍ യാത്രയാകുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ നിന്നും വീടുകളില്‍ നിന്നും എന്തോ ഒന്ന് അണഞ്ഞുപോകുന്നു. വഴികളുടെയും വീടുകളുടെയും മുഖങ്ങളുടെയും ഭാവം മാറുന്നു. ഭക്ഷണത്തിന് പോലും രുചി വ്യത്യാസം അനുഭവപ്പെടുന്നു. എന്റെ മാതാവിനെപ്പോലെ മറ്റാരുണ്ട്? ലത്തീഫയെപ്പോലെ മറ്റാരുണ്ട്?’ എന്നായിരുന്നു അദ്ദേഹം മാതാവിനെക്കുറിച്ച് എഴുതിയത്.തന്റെ മുത്തശ്ശന്‍ ശൈഖ് സഈദിന്റെ മജ്ലിസില്‍ ഇരിക്കാന്‍ അവസരം ലഭിച്ചതാണ് ശൈഖ് മുഹമ്മദിന്റെ ആദ്യത്തെ ഭരണപാഠശാല. ഗോത്രത്തലവന്മാരും ജനപ്രതിനിധികളും ഒത്തുകൂടി നാട്ടുവിഷയങ്ങള്‍ സംസാരിച്ചിരുന്ന ആ സദസ്സില്‍ നിന്നാണ് അദ്ദേഹം ക്ഷമയുടെയും നീതിയുടെയും ജനസേവനത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ പഠിച്ചെടുത്തത്.സൈനിക പരിശീലനവും അധികാര പ്രവേശവുംനാലാം വയസ്സില്‍ തന്നെ പിതാവിന്റെ കീഴില്‍ അറബി ഭാഷയും ഇസ്‌ലാമിക പാഠങ്ങളും അഭ്യസിച്ചു തുടങ്ങിയ ശൈഖ് മുഹമ്മദ് പിന്നീട് അല്‍ അഹ്മദിയ സ്‌കൂള്‍, അല്‍ ശഅബ് സ്‌കൂള്‍, ദുബൈ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. സുരക്ഷാകാര്യങ്ങളിലും ഭരണത്തിലും മകനുള്ള പ്രത്യേക കഴിവ് മനസ്സിലാക്കിയ പിതാവ് ഉപരിപഠനത്തിനായി ബ്രിട്ടനിലേക്ക് അയച്ചു. കേംബ്രിഡ്ജിലെ ബെല്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസിലെ പഠനത്തിന് ശേഷം അദ്ദേഹം വിഖ്യാതമായ മോണ്‍സ് ഓഫീസര്‍ കാഡറ്റ് സ്‌കൂളില്‍ സൈനിക പരിശീലനത്തിന് ചേര്‍ന്നു. കഠിനമായ പരിശീലനത്തിനൊടുവില്‍ ലഫ്റ്റനന്റ് പദവി നേടിയ അദ്ദേഹം തന്റെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി മികച്ച കാഡറ്റിനുള്ള ‘സ്വേര്‍ഡ് ഓഫ് ഓണര്‍’ ബഹുമതിയും സ്വന്തമാക്കി.ബ്രിട്ടനിലെ പഠനം കഴിഞ്ഞ് 1968 ഒക്ടോബറില്‍ തിരിച്ചെത്തിയ 19 കാരനായ ശൈഖ് മുഹമ്മദിനെ ദുബൈ പോലീസിന്റെയും പൊതുസുരക്ഷാ വിഭാഗത്തിന്റെയും മേധാവിയായി നിയമിച്ചു. ഇതേ വര്‍ഷമാണ് യു എ ഇയുടെ രൂപവത്കരണത്തിലേക്ക് നയിച്ച ചരിത്രപരമായ കൂടിക്കാഴ്ചക്ക് അദ്ദേഹം സാക്ഷിയാകുന്നത്. മരുഭൂമിയിലെ ഒരു ചെറിയ ടെന്റില്‍ വെച്ച് ശൈഖ് സായിദും തന്റെ പിതാവ് ശൈഖ് റാശിദും കൈകോര്‍ത്ത് പരസ്പരം വിശ്വസ്തത പ്രഖ്യാപിച്ച ആ നിമിഷം ശൈഖ് മുഹമ്മദ് നേരില്‍ കണ്ടു.1971 ഡിസംബര്‍ രണ്ടിന് യു എ ഇ സ്ഥാപിതമായപ്പോള്‍, വെറും 22 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ശൈഖ് മുഹമ്മദിനെ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായി നിയമിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയെന്ന ഖ്യാതിയോടെ, 2024 വരെ അരനൂറ്റാണ്ടിലധികം അദ്ദേഹം ഈ പദവി അലങ്കരിച്ചു. പിന്നീട് അദ്ദേഹം ഈ ചുമതല തന്റെ മകനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന് കൈമാറി.വികസനത്തിന്റെ കളിത്തോഴന്‍1977-ല്‍ ദുബൈ എയര്‍പോര്‍ട്ട് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതോടെയാണ് ദുബൈയെ ഒരു ആഗോള വ്യോമയാന ഹബ്ബാക്കി മാറ്റാനുള്ള ശൈഖ് മുഹമ്മദിന്റെ യാത്ര ആരംഭിക്കുന്നത്. അദ്ദേഹം നടപ്പിലാക്കിയ ‘ഓപ്പണ്‍ സ്‌കൈസ്’ നയം നഗരത്തിന്റെ വിനോദസഞ്ചാര മേഖലയെ മാറ്റിമറിച്ചു. 1985-ല്‍ ജബല്‍ അലി തുറമുഖത്തോട് ചേര്‍ന്ന് ഫ്രീ സോണ്‍ സ്ഥാപിച്ചുകൊണ്ട് വ്യവസായ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചു.1995 ജനുവരിയില്‍ ശൈഖ് മുഹമ്മദ് ദുബൈയുടെ കിരീടാവകാശിയായി നിയമിതനായി. ദുബൈയുടെ ആധുനിക മുഖച്ഛായ മാറ്റിയെഴുതിയ വിസ്മയ പദ്ധതികളുടെ തുടക്കം അവിടെ നിന്നായിരുന്നു. ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍, ഇ-ഗവണ്‍മെന്റ്, ദുബൈ ഇന്റര്‍നെറ്റ് സിറ്റി, ദുബൈ മീഡിയ സിറ്റി എന്നിവ അദ്ദേഹത്തിന്റെ ചിന്തകളില്‍ നിന്ന് പിറവിയെടുത്തവയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ, പ്രശസ്തമായ പാം ജുമൈറ ദ്വീപുകള്‍, ബുര്‍ജ് അല്‍ അറബ് ഹോട്ടല്‍, ബിസിനസ് ബേ തുടങ്ങിയ നഗരത്തിന്റെ പ്രധാന ലാന്‍ഡ്മാര്‍ക്കുകളെല്ലാം ശൈഖ് മുഹമ്മദിന്റെ ദീര്‍ഘവീക്ഷണത്തില്‍ ജനിച്ചവയാണ്.2006 ജനുവരി നാലിന് ശൈഖ് മുഹമ്മദ് ദുബൈയുടെ പത്താമത് ഭരണാധികാരിയായി അധികാരം ഏറ്റെടുത്തു. തുടര്‍ന്ന് രാജ്യത്തിന്റെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി നിയമിതനായതോടെ ദുബൈയില്‍ നടപ്പാക്കിയ വികസന വിപ്ലവം അദ്ദേഹം ഫെഡറല്‍ തലത്തിലും വ്യാപിപ്പിച്ചു. ‘യു എ ഇ വിഷന്‍ 2021’ ലൂടെ രാജ്യത്തിന്റെ ഗവണ്‍മെന്റ് സേവനങ്ങളെ ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട് ഗവണ്‍മെന്റുകളിലൊന്നാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു.ബഹുമുഖ പ്രതിഭഭരണാധികാരിയെന്ന പദവിക്കപ്പുറം ശൈഖ് മുഹമ്മദ് ജനപ്രിയനായ ഒരു നബാതി കവി കൂടിയാണ്. വിദ്യാര്‍ഥി ജീവിതകാലത്ത് തന്നെ കവിതകള്‍ എഴുതിത്തുടങ്ങിയ അദ്ദേഹം, വരികളിലെ പ്രതിഭാത്വം കൊണ്ട് മാത്രം വായനക്കാര്‍ കവിതകളെ വിലയിരുത്താനായി ‘നിദാവി’, ‘സുലൈത്’ എന്നീ തൂലികാനാമങ്ങളിലാണ് ആദ്യകാലങ്ങളില്‍ രചനകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഒട്ടനവധി പ്രണയ-ദേശഭക്തി കവിതകള്‍ അറബ് ലോകത്തെ പ്രശസ്തരായ ഗായകര്‍ ആലപിച്ചിട്ടുണ്ട്.കുതിരകളോടുള്ള അതീവ പ്രണയമാണ് അദ്ദേഹത്തെ ലോകമറിയുന്ന ‘ഫാരിസ് അല്‍ അറബ്’ (അറബ് കുതിരപ്പടയാളി) ആക്കി മാറ്റിയത്. ലോകത്തിലെ ഏറ്റവും വലിയ കുതിരപ്പന്തയ ഗ്രൂപ്പായ ‘ഗോഡോള്‍ഫിന്‍’ സ്ഥാപിച്ചതും ലോകത്തെ ഏറ്റവും വലിയ കുതിരപ്പന്തയ മത്സരമായ ‘ദുബൈ വേള്‍ഡ് കപ്പ്’ ആരംഭിച്ചതും അദ്ദേഹത്തിന്റെ കുതിരക്കമ്പത്തിന്റെ ഫലമായാണ്. എന്‍ഡ്യൂറന്‍സ് കുതിരപ്പന്തയങ്ങളില്‍ അദ്ദേഹം നേരിട്ട് പങ്കെടുക്കുകയും യു എ ഇയെ വിജയങ്ങളിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്.കുടുംബജീവിതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന അദ്ദേഹം 1979 ലാണ് ശൈഖ ഹിന്ദ് ബിന്ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമിനെ വിവാഹം കഴിക്കുന്നത്. ഏഴ് ദിവസം നീണ്ടുനിന്ന വലിയൊരു ആഘോഷമായിരുന്നു ആ വിവാഹം. ശൈഖ് മുഹമ്മദിന് നിലവില്‍ ഏഴ് ആണ്‍മക്കളും ഒമ്പത് പെണ്‍മക്കളുമടക്കം 16 മക്കളുണ്ട്.‘പൗരന്‍ ഒന്നാമതും രണ്ടാമതും മൂന്നാമതും’രാജ്യനിര്‍മാണത്തില്‍ ജനങ്ങളുടെ പുരോഗതിക്കാണ് ശൈഖ് മുഹമ്മദ് എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുള്ളത്. ‘മനുഷ്യനെ വളര്‍ത്തുകയാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം’ എന്ന് വിശ്വസിക്കുന്ന അദ്ദേഹം തന്റെ ജനങ്ങളോട് എപ്പോഴും പറയാറുള്ളത് ഒന്നുമാത്രം: ‘നമ്മുടെ രാജ്യത്ത് പൗരനാണ് എപ്പോഴും ഒന്നാമതും രണ്ടാമതും മൂന്നാമതും.’മുന്നില്‍ വരുന്ന വെല്ലുവിളികളെയെല്ലാം അവസരങ്ങളാക്കി മാറ്റിയ ഈ സാരഥിയുടെ കീഴിലാണ് ഇന്ന് യു എ ഇ ജീവിക്കാന്‍ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായും ബിസിനസ്സ് നിക്ഷേപങ്ങള്‍ക്കുള്ള സുരക്ഷിത കേന്ദ്രമായും ലോകത്തിന്റെ നെറുകയില്‍ തിളങ്ങിനില്‍ക്കുന്നത്.Content Highlights:Dubai celebrates the 77th birthday of its visionary leader Sheikh Mohammed bin Rashid Al Maktoum. He has been instrumental in transforming Dubai into a global hub for business and tourism. The nation honors his decades of dedicated service and historic contributions to the UAE’s progress.