പാലക്കാട് | നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരക്കുള്ള ശിക്ഷ പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പ്രഖ്യാപിക്കും. ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. ഒരു കൂസലുമില്ലാതെയാണ് പ്രതി ഇത് കേട്ടുനിന്നത്. ഇനിയും കൊലപാതകങ്ങള്‍ നടത്താന്‍ തനിക്ക് മടിയില്ലെന്നാണ് ചെന്താമര കോടതിയില്‍ പറഞ്ഞത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് കോടതി പറഞ്ഞപ്പോള്‍ തന്നെ വേണമെങ്കില്‍ തൂക്കിക്കൊന്നോളൂ എന്നായിരുന്നു ചെന്താമരയുടെ മറുപടി.‘തനിക്കെതിരെ എഴുതാന്‍ പറ്റുന്നതൊക്കെ എഴുതിക്കോളൂ. ഒരു ചെകിടത്ത് അടി കിട്ടിയാല്‍ മറ്റേ ചെകിടും കാണിച്ച് കൊടുക്കാന്‍ ഗാന്ധിജി അല്ല താന്‍. എന്റെ അവസ്ഥ നിങ്ങള്‍ക്ക് വരണം. അപ്പോഴേ മനസ്സിലാകൂ. എനിക്ക് തടസ്സം നില്‍ക്കുന്നവരോടൊക്കെ ഇതുതന്നെ ചെയ്യും.’- ഭീഷണി മുഴക്കുന്ന രൂപത്തില്‍ ചെന്താമര കോടതിയില്‍ പറഞ്ഞു. ചെന്താമര ഇത് പറയുന്ന സമയത്ത് പ്രതി കൊലപ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും പെണ്‍മക്കള്‍ കോടതി മുറിയിലുണ്ടായിരുന്നു.പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് ചെന്താമര. 2025 ജനുവരി 27-ന് അയല്‍വാസികളായ സുധാകരനെയും (55) ഇയാളുടെ മാതാവ് ലക്ഷ്മിയെയും (75) ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തന്റെ കുടുംബജീവിതം തകരാന്‍ കാരണം അയല്‍വാസികളാണെന്ന അന്ധവിശ്വാസവും വൈരാഗ്യവുമായിരുന്നു കൊലപാതകങ്ങള്‍ക്ക് കാരണം. നേരത്തെ 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ഇതേ കാരണത്താല്‍ ചെന്താമര കൊലപ്പെടുത്തിയിരുന്നു. ആ കേസിലെ വിചാരണക്കിടെ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് ഇരട്ടക്കൊലപാതകം നടത്തിയത്. ജനുവരി 28 ന് രാത്രി 11 ഓടെയാണ് ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.Content Highlights:The Palakkad Additional District and Sessions Court is set to pronounce the sentence for Chenthamara in the Nenmara double murder case today. The convict hacked his neighbor Sudhakaran and his mother Lakshmi to death at Pothundy in 2025. The prosecution has strongly demanded the death penalty.