മഹാരാഷ്ട്രയിൽ മനുഷ്യ ജീവന് തന്നെ ഭീഷണി ഉയർത്തുന്ന വ്യാജ പാൽ നിർമാണം തുടർക്കഥയാകുന്നു. പാലെന്ന പേരിൽ മാരകമായ വിഷം വിറ്റിരുന്ന വൻ മാഫിയയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഡിറ്റർജന്റും യൂറിയയും കാസ്റ്റിക് സോഡയും ചേർത്ത് കൃത്രിമ പാൽ നിർമിച്ച് കോടിക്കണക്കിന് ലിറ്റർ വിപണിയിലെത്തിച്ച സംഘത്തെയാണ് മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും ചേർന്ന് പിടികൂടിയത്.മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാൽ വിതരണം ചെയ്തിരുന്ന സംഘം പിടിയിലായത്. പ്രാഥമിക അന്വേഷണത്തിൽ, രണ്ടര കോടിയോളം ലിറ്റർ വ്യാജപാൽ ഇതിനോടകം മുംബൈ ഉൾപ്പെടെയുള്ള വിപണികളിൽ എത്തിയിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.ആറു മാസം മുൻപ് മുംബൈയിൽ നടന്ന സമാനമായ കൃത്രിമ പാൽ നിർമ്മാണവും വിതരണവും സംബന്ധിച്ച വാർത്ത കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ആവർത്തിച്ച് ഇത്തരം കേസുകൾ പുറത്തുവരുന്നത് ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്. പാലിൽ വെള്ളം ചേർക്കുന്ന പഴയ തട്ടിപ്പിന് പകരം, നിർമ ഡിറ്റർജന്റ്, ഷാംപു, പാം ഓയിൽ, യൂറിയ, കാസ്റ്റിക് സോഡ തുടങ്ങിയ രാസവസ്തുക്കൾ ചേർത്താണ് യഥാർത്ഥ പാലിന്റെ നിറവും കൊഴുപ്പും പതയും അനുകരിച്ച് കൃത്രിമ പാൽ നിർമ്മിച്ചിരുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം ലക്ഷ്യമിട്ടായിരുന്നു ഈ അപകടകരമായ നിർമാണം.തുടർന്ന്, ഈ കൃത്രിമ പാൽ പ്രമുഖ ബ്രാൻഡുകളുടെ പാക്കറ്റുകളിലാക്കി വിപണിയിലെത്തിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുപ്രകാരം, ഇത്തരത്തിലുള്ള രാസവസ്തുക്കൾ കലർന്ന പാൽ ദീർഘകാലം ഉപയോഗിക്കുന്നത് വൃക്ക തകരാർ, കരൾ രോഗങ്ങൾ, ദഹനപ്രശ്നങ്ങൾ, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും പാലിന് അസ്വാഭാവികമായ സോപ്പിന്റെ ഗന്ധമോ രാസവസ്തുക്കളുടെ മണമോ, അസാധാരണമായ പതയോ രുചിയോ അനുഭവപ്പെട്ടാൽ ഉപയോഗിക്കാതെ ഉടൻ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.ALSO READ:കേസുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജപാൽ നിർമ്മാണത്തിന്റെയും വിതരണ ശൃംഖലയുടെയും മുഴുവൻ വ്യാപ്തി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ലാഭത്തിനായി മനുഷ്യരുടെ ആരോഗ്യത്തെ പോലും പണയംവയ്ക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുന്നതിനൊപ്പം, ഓരോ ഉപഭോക്താവും ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. ഒരു നിമിഷത്തെ അശ്രദ്ധ, ഒരു കുടുംബത്തിന്റെ ആരോഗ്യത്തെ തന്നെ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.The post പാലെന്ന പേരിൽ വിൽക്കുന്നത് മാരക വിഷം, കോടിക്കണക്കിന് ലിറ്റർ വിപണിയിൽ; മഹാരാഷ്ട്രയിൽ വ്യാജ പാൽനിർമാണം തുടർക്കഥ appeared first on Kairali News | Kairali News Live.