മാഡ്രിഡ് | ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ സ്പെയിൻ അർജന്റീനയുമായി മാറ്റുരക്കാനിരിക്കെ ബാഴ്സലോണക്ക് പുറത്തുള്ള തൊഴിലാളിവർഗ മേഖലയായ റോകാഫോണ്ട ശ്രദ്ധാകേന്ദ്രമാകുന്നു. വിവിധ വംശജരും തൊഴിലാളിവർഗക്കാരും താമസിക്കുന്ന ഈ പ്രദേശം സാധാരണയായി ലോകകപ്പ് വാർത്തകളിൽ ഇടംപിടിക്കാറില്ല. എന്നാൽ, ഇന്നത്തെ ഫൈനലിൽ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിക്കെതിരെ സ്പാനിഷ് യുവ താരം ലമിൻ യമാൽ കളിക്കാൻ ഒരുങ്ങുന്നതോടെ ആ പ്രദേശത്തിന്റെ തിളക്കം വർധിച്ചിരിക്കുകയാണ്. യമാൽ തന്റെ ഫുട്ബോൾ കഴിവുകൾക്ക് മൂർച്ച കൂട്ടിയ മണ്ണാണിത്. ബാഴ്‌സലോണയിൽ നിന്ന് 30 കിലോമീറ്റർ വടക്കായി മെഡിറ്ററേനിയൻ കടൽത്തീരത്തോട് ചേർന്ന നഗരമായ മട്ടാരോയിലാണ് റോകാഫോണ്ട സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മൈതാനത്താണ് യമാൽ കളിച്ചു വളർന്നത്. ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയിലൂടെയാണ് മെസ്സി തന്റെ കരിയർ പടുത്തുയർത്തിയത്.കുഞ്ഞായ ലമിൻ യമാലിനെ മെസ്സി കൈയിലെടുത്തു നിൽക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ബാഴ്‌സലോണയുടെ രണ്ട് തലമുറകളിലുള്ള മുന്നേറ്റനിര താരങ്ങൾ ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ വേദിയിൽ നേർക്കുനേർ വരുന്നു എന്നതിന്റെ പ്രതീകം കൂടിയായി ആ ചിത്രം മാറി.യമാലിന്റെ മുഖചിത്രത്തിന് പിന്നിലുള്ള മൈതാനത്ത് കുട്ടികൾ കളിക്കുമ്പോൾ, സമീപത്തെ ബഞ്ചിലിരുന്ന് യമാലിന്റെ മുത്തശ്ശി ഫാത്വിമ നസ്‌റാവിയും 15 വയസ്സുള്ള ബന്ധു റയാനും അത് നോക്കിക്കാണുന്നുണ്ടായിരുന്നു.മൊറോക്കൻ പിതാവിനും ഇക്വറ്റോറിയൽ ഗിനിയയിൽ നിന്നുള്ള മാതാവിനും സ്പെയിനിൽ ജനിച്ച യമാൽ, തന്റെ ഗോൾ ആഘോഷങ്ങളിൽ റോകാഫോണ്ടയെ അകറ്റിനിർത്തുകയല്ല, കൂടെക്കൂട്ടുകയാണ് ചെയ്തത്. ഗോൾ നേടിയ ശേഷം കൈകൾ കൊണ്ട് “304′ എന്ന അക്കം രൂപപ്പെടുത്തുന്ന യമാലിന്റെ പതിവ് ആംഗ്യം ആ പ്രദേശത്തിന്റെ പോസ്റ്റൽ കോഡിനെയാണ് സൂചിപ്പിക്കുന്നത്. സ്പെയിനിന്റെ ഫൈനൽ പ്രയാണത്തിനിടയിൽ ഏറ്റവും ശ്രദ്ധേയമായ കാഴ്ചകളിലൊന്നായി ഈ ആംഗ്യം മാറിക്കഴിഞ്ഞു. ഈ ലോകകപ്പിൽ, റോകാഫോണ്ട എന്നെഴുതിയ ഹെഡ്ബാൻഡ് ധരിച്ചും തന്റെ മാതാപിതാക്കളുടെ ജന്മനാടുകളായ മൊറോക്കോയുടെയും ഇക്വറ്റോറിയൽ ഗിനിയയുടെയും പതാകകൾ ബൂട്ടിലെ ലേസുകളിൽ അണിഞ്ഞും യമാൽ കളത്തിലിറങ്ങി. വംശീയവും സാമൂഹികവുമായ ഒത്തുചേരലിന്റെ ഉദാഹരണമായാണ് അദ്ദേഹം ഫുട്ബോളിനെ വിശേഷിപ്പിച്ചത്.റോകാഫോണ്ടയെ സംബന്ധിച്ചിടത്തോളം, ഫൈനൽ സ്പെയിനും അർജന്റീനയും തമ്മിലുള്ള വെറുമൊരു മത്സരം മാത്രമല്ല. തങ്ങളുടെ തെരുവുകളിൽ വളരുകയും മൈതാനത്ത് പന്ത് തട്ടുകയും ചെയ്ത ഒരാൾ, ജീവിതകാലം മുഴുവൻ താൻ മാതൃകയായികണ്ട താരത്തിനെതിരെ കളിക്കുന്നത് കാണാനുള്ള അവസരം കൂടിയാണ്.Content Highlights: The World Cup final between Spain and Argentina highlights Lamine Yamal, who grew up in the working-class neighborhood of Rocafonda. Yamal frequently honors his roots by signaling the local postal code 304. He now faces his lifelong idol, Lionel Messi, on the world’s biggest stage.