പാവങ്ങളുടെ അന്നം മുടക്കുന്ന സർക്കാർ എന്ന പേര് കേൾപ്പിക്കരുത്: എം. സ്വരാജ്

Wait 5 sec.

സർക്കാർ ആശുപത്രികളിൽ പൊതിച്ചോറ് വിതരണം നിരോധിക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ വിമർശനവുമായി എം. സ്വരാജ്. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമായ ഒരു പ്രവർത്തനത്തെ തടയുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ആരോഗ്യമന്ത്രി കെ. മുരളീധരൻ കേരളത്തിലെ സർക്കാർ ആശുപത്രികൾ സന്ദർശിക്കുകയോ അവിടുത്തെ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുകയോ ചെയ്തിട്ടില്ലെന്ന് സ്വരാജ് കുറ്റപ്പെടുത്തി. ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പൊതിച്ചോറ് പ്രവേശിപ്പിക്കില്ലെന്ന കർശന നിലപാട് ജനങ്ങൾ സ്വീകരിക്കില്ലെന്നും, “പാവങ്ങളുടെ അന്നം മുടക്കുന്ന സർക്കാർ” എന്ന പേര് കേൾപ്പിക്കരുതെന്ന് മന്ത്രിയോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.പൊതിച്ചോറ് വിതരണം മാത്രമല്ല, കേരളത്തിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തുന്ന സംഘടനയും ഡി വൈ എഫ് ഐ ആണെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി. ഇതിന് ആരോഗ്യ വകുപ്പിന്റെ അവാർഡ് എല്ലാ വർഷവും ഡി വൈ എഫ് ഐക്കാണ് ലഭിക്കുന്നത്. കൂടാതെ, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മികച്ച പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള അവാർഡും സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കണ്ണടച്ച് ഇത്തരം സേവനങ്ങളെ എതിർക്കുന്നതിന് മുൻപ് ഇവയെല്ലാം നിരോധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.ഭക്ഷണ വിതരണത്തിനിടെ കൊടിയും തോരണവും ഉപയോഗിക്കുന്നു എന്ന വിമർശനത്തിനും സ്വരാജ് മറുപടി നൽകി. എല്ലാ ദിവസവും ഇത്തരത്തിലല്ല വിതരണം നടക്കുന്നത്. ആയിരം ദിവസമോ അഞ്ചു വർഷമോ പൂർത്തിയാക്കുന്ന പ്രത്യേക സന്ദർഭങ്ങളിൽ മാത്രമാണ് ചടങ്ങുകൾ സംഘടിപ്പിക്കാറുള്ളത്. ഇത്തരം കാര്യങ്ങളെ വികൃതമായി ചിത്രീകരിക്കരുതെന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഇത്തരം സേവനങ്ങളെ കാണാൻ ഭരണാധികാരികൾ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ALSO READ: പൊതിച്ചോറ് വിവാദം: മുരളീധരന് ഇത് എന്താണ് പറ്റിയത് ? സതീശന്റെ കൂടെക്കൂടി കെട്ട് പോയെന്നാണ് സംശയമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപിമറ്റ് രാഷ്ട്രീയ സംഘടനകളുടെ യുവജന വിഭാഗങ്ങൾ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമല്ലാത്തതിന്റെ ഇച്ഛാഭംഗമോ അസൂയയോ ആയിരിക്കാം ഈ എതിർപ്പിന് പിന്നിലെന്ന് അദ്ദേഹം പരിഹസിച്ചു. സേവാഭാരതി ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളും പ്രാദേശികമായി ഭക്ഷണ വിതരണം നടത്തുന്നുണ്ടെന്നും, അതൊന്നും മനസ്സിലാക്കാതെയാണ് മന്ത്രി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ഉറവിടങ്ങൾ വ്യക്തമാക്കുന്നു. പാവപ്പെട്ടവർക്ക് ആശ്വാസം നൽകുന്ന ഇത്തരം പ്രവർത്തനങ്ങളെ ആര് നടത്തിയാലും തങ്ങൾ സ്വാഗതം ചെയ്യുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.The post പാവങ്ങളുടെ അന്നം മുടക്കുന്ന സർക്കാർ എന്ന പേര് കേൾപ്പിക്കരുത്: എം. സ്വരാജ് appeared first on Kairali News | Kairali News Live.