ഭക്ഷണം കഴിക്കുമ്പോൾ ഇഞ്ചി കടിക്കാൻ പലർക്കും ഇഷ്ടമുണ്ടാവില്ല. പക്ഷേ ഇഞ്ചിയിടാതെ കറികളുണ്ടാക്കാൻ നമുക്ക് ഇഷ്ടവുമല്ല. മിക്ക വീടുകളിലെയും അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് ഇഞ്ചി.എന്നാൽ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഈ ഇഞ്ചി എങ്ങനെ കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കാം എന്നത്. ഫ്രിഡ്ജിൽ വയ്ക്കണോ അതോ ഫ്രീസറിൽ വയ്ക്കണോ ഇനി ഫ്രിഡ്ജിൽ വയ്ക്കാതെ പുറത്ത് സൂക്ഷിക്കണോ എന്നത് പലർക്കുമുള്ള സംശയമാണ്. ഇഞ്ചി സൂക്ഷിക്കേണ്ട ശരിയായ രീതി എന്താണ്?യഥാർഥത്തിൽ കടയിൽ നിന്ന് വീട്ടിലെത്തിക്കുന്ന നിമിഷം മുതൽ ഇഞ്ചി കേടാകാൻ ആരംഭിക്കും. കാരണം, മണ്ണിൽ നിന്ന് പറിച്ചെടുത്ത ശേഷവും ഇഞ്ചി ശ്വസിക്കുകയും ഈർപ്പം പുറത്തുവിടുകയും ചെയ്യുന്നുണ്ട്. ഈ ജൈവികപ്രവർത്തനമാണ് ഇഞ്ചി പെട്ടെന്ന് മൃദുവാകാനും ചുളിവുകൾ വീണ് ചീഞ്ഞുപോകാനും കാരണം. വെറുതെ കൂടിയ അളവിൽ വാങ്ങിക്കൂട്ടാതെ ആവശ്യമുള്ളത്ര മാത്രം വാങ്ങുന്നതാണ് എപ്പോഴും ഉത്തമം.രണ്ടോ മൂന്നോ ആഴ്ചയകളിലേക്കാണ് ഇഞ്ചി വാങ്ങിയതെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് മികച്ചൊരു ഓപ്ഷൻ. ഒരു പേപ്പർ ടവലിലോ പ്ലാസ്റ്റിക് റാപ്പറിലോ പൊതിഞ്ഞോ അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് ബാഗിലാക്കിയോ സൂക്ഷിക്കാം. ഇങ്ങനെ ചെയ്താൽ രണ്ടാഴ്ച മുതൽ മൂന്നാഴ്ച വരെ കേടുകൂടാതെയിരിക്കും എന്ന് വിദഗ്ദ്ധർ പറയുന്നു. പേപ്പർ ടവലിൽ പൊതിഞ്ഞാൽ അധികമുള്ള ഈർപ്പം ഇത് വലിച്ചെടുക്കും. ഇങ്ങനെ പൂപ്പൽ വരുന്നത് തടയും. പ്ലാസ്റ്റിക് കവർ ഇഞ്ചി ഉണങ്ങിപ്പോകാതെ സംരക്ഷിക്കുന്നു.ALSO READ: പ്ലാസ്റ്റിക് പാത്രങ്ങളോ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളോ നല്ലത്? ലഞ്ച് ബോക്സ് തെരഞ്ഞെടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾആഴ്ചകൾ കഴിഞ്ഞും ഇഞ്ചി കേടാകാതിരിക്കണമെങ്കിൽ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് ഉചിതം. തൊലി കളയാത്ത ഇഞ്ചി എയർ ടൈറ്റ് ബാഗിലോ പാത്രത്തിലോ അടച്ച് ഫ്രീസറിൽ സൂക്ഷിക്കാം. ഈ രീതിയിൽ മൂന്ന് മുതൽ നാല് മാസം വരെ കേടുകൂടാതെ ഇഞ്ചി സൂക്ഷിക്കാം. പൂജ്യം ഡിഗ്രി ഫാരൻഹീറ്റിൽ സ്ഥിരമായി ഫ്രീസറിൽ സൂക്ഷിക്കുന്ന ഇഞ്ചി എത്രകാലം കഴിഞ്ഞാലും ഉപയോഗിക്കാമെന്ന് പഠനങ്ങൾ പറയുന്നു. പക്ഷേ ദിവസങ്ങൾ കഴിയുന്തോറും ഇതിന്റെ സ്വാദിലും ഘടനയിലും നേരിയ വ്യത്യാസം സംഭവിച്ചേക്കാം.വളരെ കുറച്ച് ദിവസങ്ങൾ ഉപയോഗിക്കാനുള്ള ഇഞ്ചിയാണെങ്കിൽ റഫ്രിജറേറ്ററിന്റെ ആവശ്യമില്ല. സാധാരണ താപനിലയിൽ വായുസഞ്ചാരമുള്ള എവിടെയെങ്കിലും സൂക്ഷിക്കാം. പ്ലാസ്റ്റിക് കവറിൽ കെട്ടിവയ്ക്കാൻ പാടില്ല. നേരിട്ട് വെയിലേൽക്കുന്ന സ്ഥലത്തും വയ്ക്കരുത്. ചൂടും വെളിച്ചവും ഇഞ്ചിയുടെ സ്വാഭാവിക സുഗന്ധവും എണ്ണമയവും നഷ്ടപ്പെടുത്തും, പെട്ടെന്ന് ഉണങ്ങിപ്പോകാനും ഇടയുണ്ട്.The post ഇഞ്ചി സൂക്ഷിക്കേണ്ടത് ഫ്രിഡ്ജിലോ? ഫ്രീസറിൽ വെക്കേണ്ടതുണ്ടോ? appeared first on Kairali News | Kairali News Live.