മനുഷ്യാവകാശ പോരാട്ടങ്ങളുടെ അപ്പോസ്തലൻ. ഇരുണ്ട ഭൂഖണ്ഡം എന്ന ചാപ്പ കുത്തപ്പെട്ട മണ്ണിൽ വീശി അടിച്ച വിമോചന പോരാട്ടങ്ങളുടെ കൊടുങ്കാറ്റ്. അതെ നെൽസൺ മണ്ടേല മനുഷ്യ സ്നേഹവും സമത്വവും പുലരാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച, പതിറ്റാണ്ടുകളോളമുള്ള കാരാഗൃഹത്തിലെ ദുരിത പർവങ്ങൾ തരണം ചെയ്ത് ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറിയ ജനാധിപത്യ സോഷ്യലിസ്റ്റ് കൂടിയായിരുന്നു നെൽസൺ മണ്ടേല. ആഫ്രിക്കക്കാരുടെ സ്വന്തം മാഡിബ.ലോകമാകെ സ്വന്തം കാൽക്കീഴിലാക്കാൻ ഇറങ്ങിപ്പുറപ്പെട്ട യൂറോപ്യന്മാരുടെ കിരാതവാഴ്ചയിൽ ആഫ്രിക്കൻ ഭൂഖണ്ഡവും അടിയറവ് വയ്ക്കപ്പെട്ട പതിനഞ്ചാം നൂറ്റാണ്ട്. വിപണിയിൽ കണ്ണുവച്ചെത്തിയ വെളുത്ത വർഗ്ഗക്കാർ ആഫ്രിക്കൻ ജനതയെ അടിമകളാക്കി അവരുടെ സർവ്വസാതന്ത്രവും കവർന്നെടുത്തു. പൊന്ന് വിളയുന്ന മണ്ണിനെ ബ്രിട്ടീഷുകാർ ഉഴുതുമറിച്ചു. വൈരക്കല്ലുകൾ അടക്കം, അടിമകളാക്കപ്പെട്ട ആഫ്രിക്കക്കാരുടെ കൺമുന്നിൽ വച്ച് കടൽ കടത്തി. സമ്പന്നരായ ബ്രിട്ടീഷുകാരുടെ നിലങ്ങളിൽ നുകങ്ങൾ പേറി നടക്കുന്ന അടിമ മൃഗങ്ങൾ മാത്രമായി ആഫ്രിക്കൻ ജനത മാറി.ഇങ്ങനെ അടിമത്വത്തിൽ നീറി ജീവിക്കുന്ന ആഫ്രിക്കൻ മണ്ണിലേക്ക് മനുഷ്യമോചനത്തിന്റെ വെളിച്ചം വീശി 1918 ജൂലൈ 18ന് കേപ്പ് പ്രവശ്യയിലെ ക്യുനു ഗ്രാമത്തിൽ ഒരു കുഞ്ഞു പിറന്നു വീണു. റോലിലാല മണ്ടേല അഥവാ നെൽസൺ മണ്ടേല. പഠന-പഠനേതര രംഗങ്ങളിൽ തിളങ്ങിയ മണ്ടേല തന്റെ കോളേജ് കാലഘട്ടത്തിൽ തന്നെ പോരാട്ടങ്ങൾക്ക് തുടക്കമിട്ടു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. പ്രതിഷേധ പണിമുടക്കിലൂടെ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അടിച്ചമർത്തലുകൾക്ക് കീഴടങ്ങി സ്വന്തം അസ്തിത്വം തിരിച്ചറിയാനാകാതെ പോയ ദക്ഷിണാഫ്രിക്കൻ ജനതക്ക് മണ്ടേല വിമോചന മന്ത്രമായി. എന്നാൽ മണ്ടേലയെന്ന ജനാധിപത്യ സോഷ്യലിസ്റ്റിനെ ദേശവിരുദ്ധനെന്ന് ചാപ്പ കുത്തി നിരന്തരം വിചാരണയ്ക്ക് വിധേയമാക്കാനായിരുന്നു ഭരണകൂടത്തിന്റെ നീക്കം.ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തങ്ങളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് മണ്ടേല തന്റെ പോരാട്ടങ്ങളെ മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ തന്റെ രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്തിയ മണ്ടേലയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നു.ഭരണാധികാരികൾ അദ്ദേഹത്തെ തടവിലാക്കി. 1962 ൽ ജയിലിലാക്കപ്പെട്ട മണ്ടേലയ്ക്ക് നീണ്ട 27 വർഷം ജയിലഴികൾ ക്കുള്ളിൽ കിടക്കേണ്ടി വന്നു.Also Read: പ്രതിഷേധത്തിൽ സംഘർഷം; നിരാഹാര സമരമിരുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിമണ്ടേല അവർക്ക് നീയൊരു നമ്പർ മാത്രമാണത്രെ.. ദ്വീപിലെ നിലം കിളയ്ക്കുകയും ഉഴുകയും ചെയ്യുന്ന 466/64 എന്ന നമ്പർ മാത്രമാണത്രെ..മണ്ടേല.. പക്ഷെ ഞങ്ങൾക്ക് നീ കരുത്താണ് പ്രതീക്ഷയും നിശ്ചയദാർഢ്യവുമാണ് ദക്ഷിണാഫ്രിക്കൻ കവിയത്രി ഇൽവ മഖായ് എഴുതിയ മണ്ടേലയോടും തടവിലെ സുഹൃത്തുക്കളോടും എന്ന കവിതയിലെ വരികളാണിവ.ദക്ഷിണാഫ്രിക്കക്കാർക്ക് നെൽസൺ മണ്ടേല വെറുമൊരു രാഷ്ട്ര പിതാവോ പ്രസിഡന്റോ മാത്രമായിരുന്നില്ല വർണ വെറിയാൽ ഇരുളടഞ്ഞ ലോകത്തേക്ക് വീശിയടിച്ച സമത്വത്തിന്റെയും സഹോദര്യത്തിന്റെയും വെളിച്ചം കൂടിയായിരുന്നു.എത്രയൊക്കെ പീഡനങ്ങൾ സഹിക്കേണ്ടി വന്നിട്ടും വെളുത്തവന്റെ മേധാവിത്വത്തെ തകർത്തെറിയാൻ കരിരുമ്പിന്റെ കരുത്തോടെ മണ്ടലയുടെ നിശ്ചയദാർഢ്യം പരുവപ്പെടുകയായിരുന്നു . തന്റെ ലക്ഷ്യത്തിൽ നിന്ന് പിന്മാറാൻ അദ്ദേഹം തയ്യാറായില്ല.ഫ്രീ മണ്ടേല എന്ന ജന രോഷം ആഫ്രിക്കൻ വൻകരയും ബേധിച്ച് ലോകമൊട്ടാകെ അലയടിച്ചു. മണ്ടേലയെ മോചിപ്പിക്കാൻ ഭരണകൂടം നിർബന്ധിതരാക്കപ്പെട്ടു.വർണവെറിക്കെതിരായ പോരാട്ടങ്ങൾക്ക് മുൻപിൽ ബ്രിട്ടീഷുകാർക്ക് കീഴടങ്ങേണ്ടി വന്നു. ഒടുവിൽ 1990-ൽ മണ്ടേല ജയിൽ മോചിതനായി. തുടർന്ന് ദക്ഷിണാഫ്രിക്കയിൽ ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം ആ രാജ്യത്തിന്റെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായ ശേഷവും തന്നെ ദ്രോഹിച്ചവരോട് അദ്ദേഹം പ്രതികാരം ചെയ്തില്ല .പകരം അവരെ സ്നേഹത്തോടെ ചേർത്തുപിടിച്ചു.ദക്ഷിണാഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനായി പ്രവർത്തിച്ച മണ്ടേലയെ തേടി 1993 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം എത്തി. ഇന്ത്യയുമായും ഗാന്ധിയുടെ ആശയങ്ങളുമായും വലിയ ആത്മബന്ധമുണ്ടായിരുന്ന മണ്ടേലയെ ‘ഭാരതരത്ന’ നൽകി രാജ്യം ആദരിച്ചു.മാനവ മോചനത്തിനായി പോരാടിയ ആ ഇതിഹാസത്തെ ഓർമിക്കാൻ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18, ‘മണ്ടേല ദിന’മായി ആചരിക്കുന്നു . അതെ ഇന്ന് മണ്ടേല ദിനം.The post വർണ വെറിക്കെതിരെ വീശിയടിച്ച ആഫ്രിക്കൻ കൊടുങ്കാറ്റ്; വിമോചന പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി: നെൽസൺ മണ്ടേല appeared first on Kairali News | Kairali News Live.