സൗദിയിലെ അൽ-ഖർജ് , യാൻബു എന്നീ ഗവർണറേറ്റുകളിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തിര ജാഗ്രതാ നിർദ്ദേശം സിവിൽ ഡിഫൻസ് പിൻവലിച്ചു. ഈ പ്രദേശങ്ങളിലെ അപകടസാഹചര്യങ്ങൾ ഒഴിവായതിനെ തുടർന്നാണ് നടപടി.എന്നിരുന്നാലും, സുരക്ഷ മുൻനിർത്തി സിവിൽ ഡിഫൻസ് പുറപ്പെടുവിക്കുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ തുടർന്നും പാലിക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്നതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.നേരത്തെ അൽ-ഖർജ് യാമ്പു ഗവർണറേറ്റിലെ താമസക്കാർക്ക് നാഷണൽ എമർജൻസി ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം അടിയന്തര മുന്നറിയിപ്പ് നൽകിയിരുന്നു. പ്രദേശത്ത് പെട്ടെന്നുണ്ടായ വലിയ അപകടസാഹചര്യം മുൻനിർത്തിയാണ് ഈ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നത്.അപകടസമയത്ത് ജനങ്ങൾ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കാനും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പിന്തുടരാനും അധികൃതർ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കായി താഴെ പറയുന്ന അടിയന്തിര മുൻകരുതലുകളാണ് അന്ന് നിർദ്ദേശിച്ചിരുന്നത്:കെട്ടിടങ്ങൾക്കുള്ളിലുള്ളവർ: ജനലുകളിൽ നിന്ന് മാറി കെട്ടിടങ്ങളുടെ ഉള്ളിലെ സുരക്ഷിതമായ മുറികളിലേക്ക് മാറുക, അപകടസാഹചര്യം മാറുന്നത് വരെ അവിടെത്തന്നെ തുടരുക, ബാൽക്കണികളിലോ ടെറസിലോ നിൽക്കരുത്.പുറത്തുള്ളവർ: തൊട്ടടുത്തുള്ള ഏതെങ്കിലും സുരക്ഷിത കെട്ടിടത്തിലോ ശക്തമായ ബോഡിയുള്ള വാഹനങ്ങൾക്കുള്ളിലോ അഭയം തേടുക.വാഹനം ഓടിക്കുന്നവർ: പാലങ്ങളിൽ നിന്നും ഉയർന്ന കെട്ടിടങ്ങളിൽ നിന്നും മാറി സുരക്ഷിതമായ സ്ഥലങ്ങളിൽ വാഹനം നിർത്തിയിടുക.വ്യാജപ്രചാരണങ്ങളിൽ വീഴാതെ ഔദ്യോഗിക ചാനലുകൾ വഴിയുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ (ഈസ്റ്റേൺ പ്രൊവിൻസ്) എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ 998 എന്ന നമ്പറിലുമാണ് അടിയന്തിര സഹായത്തിനായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടിരുന്നത്.The post അപകടമൊഴിഞ്ഞു; അൽഖർജ് യാമ്പു ഗവർണറേറ്റുകളിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തിര ജാഗ്രതാ നിർദ്ദേശം സൗദി സിവിൽ ഡിഫൻസ് പിൻവലിച്ചു appeared first on Arabian Malayali.